Connect with us

Wayanad

ബാബുവിനും കുള്ളിക്കും ഇത് സാഫല്യത്തിന്റെ ദിനം

Published

|

Last Updated

കല്‍പ്പറ്റ: നൂല്‍പ്പുഴ കാര്യാമ്പാടി ബാബുവിനും എഴുപതുകാരിയായ കുള്ളിക്കും 2017 നവംബര്‍ 28 പ്രധാനപ്പെട്ട ദിനമാണ്. വര്‍ഷങ്ങളായുള്ള യാതനകള്‍ക്ക് സര്‍ക്കാര്‍ വക അംഗീകാരമായാണ് സി.കെ.ശശീന്ദ്രന്റെ കൈയ്യില്‍ നിന്ന് ഒരേക്കറിന്റെ കൈവശരേഖ ലഭിക്കുമ്പോള്‍ തോന്നുന്നതെന്ന് അവര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇവര്‍ക്കാര്‍ക്കും കേറിക്കിടക്കാന്‍ സ്വന്തമായി ഭൂമിയില്ല. ബന്ധുവീടുകളിലും കോളനികളിലുമായാണ് അന്തിയുറങ്ങിയിരുന്നത്. ഭൂമിയില്ലാത്തതിന്റെ വേദനയ്ക്ക് അറുതി തേടി ഇറങ്ങിയ മുത്തങ്ങ സമരത്തിന്റെ ഓര്‍മകള്‍ ഇവര്‍ പരസ്പരം പങ്കുവച്ചു. അന്ന് ആവേശത്തോടെ സമരത്തില്‍ പങ്കെടുത്തു.

മര്‍ദ്ദനം, പട്ടിണി, കുടിവെള്ളം പോലും ലഭിക്കാതായ ദിനങ്ങള്‍. എല്ലാ അതിജീവിച്ച് ഇവിടെ വരെ എത്തുമ്പോള്‍ സന്തോഷമുണ്ടെന്ന് സമരരംഗത്തുണ്ടായിരുന്ന ബാബു പറഞ്ഞു. ഇപ്പോള്‍ നൂല്‍പ്പുഴയില്‍ ട്രൈബല്‍ പ്രമോട്ടറാണ് ബാബു. അഞ്ചുവര്‍ഷം മുമ്പാണ് പ്രോമോട്ടറായത്. ബാബുവിന് പഴയ കേസിന് കോടതിയില്‍ പോകേണ്ടതായിരുന്നു. അത് ഒഴിവാക്കിയാണ് കൈവശ രേഖ വാങ്ങാനായി എത്തിയത്. കുള്ളിയും നേരിട്ട് സമരത്തില്‍ പങ്കെടുത്തതാണ്. സമരത്തിന്‍രെ ഭാഗമായി തിരുവനന്തപുരത്തും പോയെന്നും കുള്ളി പറയുന്നു. എല്ലാവരും താമസമാക്കുമ്പോള്‍ ആഘോഷമായി കാണാമെന്ന് ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. എത്രയും പെട്ടെന്ന് ബാക്കിയുള്ളവര്‍ക്കുകൂടി ഭൂമി കണ്ടെത്തി നല്‍കുമെന്ന് ജില്ലാകളക്ട്രര്‍ എസ്.സുഹാസ് പറഞ്ഞത് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതായും ഇവര്‍ പറയുന്നു.