കോടതി വിധിക്ക് പല വ്യാഖ്യാനങ്ങള്‍; ഹാദിയയുടെ സ്വാതന്ത്ര്യം ഹനിക്കപ്പെടുമെന്ന് ആശങ്ക

Posted on: November 28, 2017 10:19 pm | Last updated: November 29, 2017 at 9:34 am
SHARE
ഹാദിയയെ കോയമ്പത്തൂർ വിമാനത്താവളത്തിൽ നിന്ന് സേലത്തേക്ക് കൊണ്ടുപോകാനായി പോലീസ് വാഹനത്തിൽ കയറ്റുന്നു

തിരുവനന്തപുരം: ഹാദിയക്ക് സുപ്രീം കോടതി അനുവദിച്ച സ്വാതന്ത്ര്യം യഥാര്‍ഥത്തില്‍ അവര്‍ക്ക് ലഭിക്കുമോ എന്ന കാര്യത്തില്‍ ആശങ്ക ഉയരുന്നു. ഹാദിയയെ സേലത്തെ ഹോമിയോ മെഡിക്കല്‍ കോളജില്‍ പഠനം തുടരാന്‍ അനുവദിച്ചുകൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിനെ വിവിധ അഭിഭാഷകര്‍ പല രീതിയിലാണ് വ്യാഖ്യാനിക്കുന്നത്.

കോളജില്‍ മറ്റു കുട്ടികളെ പോലെ തന്നെയാകും ഹാദിയ എന്നാണ് സുപ്രീം കോടതി വിധിയില്‍ വ്യക്തമാക്കുന്നത്. അങ്ങനെയെങ്കില്‍ ഭര്‍ത്താവ് ഷഫിന്‍ ജഹാന് കോളജില്‍ എത്തി ഹാദിയയെ കാണുന്നതിന് ആര്‍ക്കും തടസ്സം നില്‍ക്കാനാവില്ല. അവധി ദിവസങ്ങളില്‍ പുറത്ത് പോകുന്നതിനോ ആരെയെങ്കിലും കാണുന്നതിനോ തടസമൊന്നുമില്ല. എന്നാല്‍, ഇക്കാര്യത്തില്‍ കോളജ് അധികൃതര്‍ സ്വീകരിക്കുന്ന നിലപാടാകും നിര്‍ണ്ണായകമാകുക. ഷഫീന്‍ ജഹാന് ഹാദിയയെ കാണാന്‍ അനുമതിയില്ലെന്നാണ് അച്ഛന്‍ അശോകന്റെയും അദ്ദേഹത്തിന്റെ അഭിഭാഷകരുടെയും നിലപാട്. കാണുന്നതിന് ഒരു തടസവുമില്ലെന്ന് ഷഫിന്‍ജഹാന്റെ അഭിഭാഷകരും വാദിക്കുന്നു.

ഹാദിയയെ ഡല്‍ഹിയില്‍ നിന്ന് നേരെ സേലത്തെ കോളജിലെത്തിക്കണമെന്നായിരുന്നു സുപ്രീംകോടതി നിര്‍ദേശം. കോളജ് ഹോസ്റ്റലില്‍ താമസമൊരുക്കണമെന്നും മറ്റു വിദ്യാര്‍ഥികളെ പോലെ ഹാദിയയെയും പരിഗണിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. ലോക്കല്‍ ഗാര്‍ഡിയനായി കോളജ് ഡീനെ നിയോഗിച്ചതായി വാര്‍ത്തകള്‍ വന്നെങ്കിലും ഉത്തരവില്‍ ഇക്കാര്യം പറയുന്നില്ല. കോളജിലെന്തെങ്കിലും വിഷയങ്ങള്‍ വന്നാല്‍ കോടതിയുടെ ഡീന്‍ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ആവശ്യമെങ്കില്‍ സുരക്ഷ ഒരുക്കണമെന്ന കോടതി നിര്‍ദേശത്തിന്റെ മറവില്‍ ഹാദിയയുടെ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.ഹാദിയ കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ എത്തിയത് മുതല്‍ തമിഴ്‌നാട് പോലീസ് വന്‍സുരക്ഷയാണ് ഒരുക്കുന്നത്. സായുധ പോലീസ് കാവലാണ് കോളജില്‍ ഇന്നലെ ഏര്‍പ്പെടുത്തിയത്. ഇത് വരും ദിവസങ്ങളിലും തുടര്‍ന്നാല്‍ ഹാദിയയുടെ സ്വാതന്ത്ര്യം കവര്‍ന്നെടുക്കുന്ന സാഹചര്യം വരും.

LEAVE A REPLY

Please enter your comment!
Please enter your name here