Connect with us

Gulf

ജീവനുള്ളയാളില്‍ നിന്ന് സ്വീകരിച്ച കരള്‍ വിജയകരമായി മാറ്റിവെച്ചു

Published

|

Last Updated

ദോഹ: കരള്‍ മാറ്റ ശസ്ത്രക്രിയയില്‍ വീണ്ടും ചരിത്രം രചിച്ച് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ (എച്ച് എം സി). ഈ മാസമാദ്യമാണ് ശസ്ത്രക്രിയ നടന്നത്. ജീവിച്ചിരിക്കുന്ന ദാതാവില്‍ നിന്ന് കരള്‍ മാറ്റി മറ്റൊരു രോഗിയില്‍ പിടിപ്പിച്ച ശസ്ത്രക്രിയ ഇത് രണ്ടാം തവണയാണ് എച്ച് എം സി നടത്തുന്നത്. ഗുരുതരമായ വിധത്തില്‍ കരള്‍രോഗം ബാധിച്ച 40കാരനായ ഈജിപ്ഷ്യന്‍ സ്വദേശിയിലായിരുന്നു ശസ്ത്രക്രിയ. ഇദ്ദേഹത്തെ മുപ്പതുകാരനായ സഹോദരനാണ് തന്റെ കരളിന്റെ ഒരുഭാഗം നല്‍കിയത്.

ഇത്തരത്തിലുള്ള ആദ്യ ശസ്ത്രക്രിയ കഴിഞ്ഞ വര്‍ഷമായിരുന്നു. ജീവിച്ചിരിക്കുന്ന വ്യക്തിയില്‍ നിന്നുള്ള കരള്‍ മാറ്റിവെക്കല്‍ അത്യന്തം സങ്കീര്‍ണമാണെന്ന് ഖത്വര്‍ സെന്റര്‍ ഫോര്‍ ഓര്‍ഗാന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ഡയറക്ടറും ഹമദ് ജനറല്‍ ആശുപത്രി മെഡിക്കല്‍ ഡയറക്ടറുമായ ഡോ. യൂസുഫ് അല്‍ മസ്‌ലമാനി പറഞ്ഞു.
ജീവിച്ചിരിക്കുന്നയാളില്‍ നിന്നും കരള്‍ എടുത്തുമാറ്റിവെക്കുമ്പോള്‍ ദാതാവും സ്വീകര്‍ത്താവും ഒരുപോലെ ശസ്ത്രക്രിയക്ക് വിധേയമാകണം. സ്വീകര്‍ത്താവില്‍ ശസ്ത്രക്രിയ ആരംഭിക്കുന്നതിനു കുറച്ചു മണിക്കൂറുകള്‍ക്കു മുമ്പുതന്നെ ദാതാവില്‍ ശസ്ത്രക്രിയ തുടങ്ങും. സങ്കീര്‍ണമായ നടപടിക്രമങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഉന്നതനിലവാരത്തിലുള്ള സഹകരണം, കൂട്ടായ്മ, ടീംവര്‍ക്ക്, മെഡിക്കല്‍ വൈദഗ്ധ്യം എന്നിവ ഇക്കാര്യത്തില്‍ അനിവാര്യമാണെന്നും ഡോ. അല്‍ മസ്‌ലമാനി പറഞ്ഞു.

 

എച്ച് എം സിയിലെ കരള്‍മാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ വിദഗ്ധരായ സര്‍ജന്‍മാര്‍, അനസ്തറ്റിസ്റ്റ്‌സ്, നഴ്‌സുമാര്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവരുള്‍പ്പെട്ട ടീമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. ലോകത്തെ അറിയപ്പെടുന്ന കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയാ വിദഗ്ധന്‍ ജപ്പാന്‍കാരനായ പ്രൊഫ. യസുഹിരോ ഒഗുരയുടെ മേല്‍നോട്ടത്തിലായിരുന്നു നടപടികള്‍. ശസ്ത്രക്രിയക്ക് ശേഷം ഉന്നതനിലവാരത്തിലുള്ള പരിചരണവും ഉറപ്പാക്കുന്നുണ്ട്. ഖത്വര്‍ ഓര്‍ഗാന്‍ ഡൊണേഷന്‍ സെന്റര്‍ (ഹിബ), ഖത്വര്‍ സെന്റര്‍ ഫോര്‍ ഓര്‍ഗാന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ സെന്ററിലെ ക്ലിനിക്കല്‍, നഴ്‌സിംഗ്, സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവരുടെ ആത്മാര്‍ഥമായ പരിശ്രമങ്ങളാണ് ഇക്കാര്യത്തിലുള്ളത്.

ഈ വര്‍ഷം ഇതുവരെ അഞ്ചു കരള്‍മാറ്റിവെക്കല്‍ ശസ്ത്രക്രിയകളാണ് എച്ച്എംസിയില്‍ നടത്തിയത്. എല്ലാ ശസ്ത്രക്രിയകളും പൂര്‍ണവിജയമായിരുന്നു. ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ ലോകനിലവാരത്തിലുള്ള ചികിത്സാസൗകര്യങ്ങളാണ് ഒരുക്കുന്നത്. അവയവമാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ ഇന്നു ലോകത്ത് ലഭിക്കാവുന്ന ഏറ്റവും മികച്ച ചികിത്സയും പരിചരണവുമാണ് എച്ച് എം സിയിലുള്ളത്.

 

 

Latest