ഹാദിയ സേലത്ത്; 15 അംഗ പോലീസ് സുരക്ഷ; ഭര്‍ത്താവിനെ കാണാന്‍ അനുമതിയുണ്ടെന്ന് ഹാദിയ

Posted on: November 28, 2017 8:05 pm | Last updated: November 29, 2017 at 10:20 am
SHARE

സേലം: സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് മെഡിക്കൽ പഠനം പൂര്‍ത്തീകരിക്കാന്‍ ഹാദിയ സേലം ഹോമിയോ മെഡിക്കല്‍ കോളജില്‍ എത്തി. വെെകീട്ട് ഏഴ് മണിയോടെയാണ് ഹാദിയ സേലത്തെ ശിവരാജ് ഹോമിയോപതി മെഡിക്കൽ കോളജിൽ എത്തിയത്. ഉച്ചക്ക് ഡൽഹിയിൽ നിന്ന് വ്യോമമാർഗ‌ം കോയമ്പത്തൂർ വിമാനത്താവളത്തിൽ എത്തിയ ഹാദിയയെ അവിടെ നിന്ന് റോഡ് മാർഗം കോളജ് ഹോസ്റ്റലിൽ എത്തിക്കുകയായിരുന്നു. നാളെ മുതൽ അവർ കോളജിൽ പോയിത്തുടങ്ങും.

കോളജിലും പുറത്തും ഹാദിയക്ക് അതീവ സുരക്ഷ ഒരുക്കിയതായി തമിഴ്നാട് പോലീസ് ഡെപ്യൂട്ടി കമ്മീഷണർ സുബ്ബലക്ഷ്മി അറിയിച്ചു. ഹോസ്റ്റലിലും കോളജിലും പതിനഞ്ചംഗ പോലീസ് സംഘം ഹാദിയക്ക് സുരക്ഷ ഒരുക്കും.

ഭര്‍ത്താവ് ഷഫിന്‍ ജഹാനെ കാണാന്‍ തനിക്ക് കോളജ് അധികൃതര്‍ അനുമതി നല്‍കിയതായി ഹാദിയ പറഞ്ഞു. തനിക്ക് സുരക്ഷ വേണ്ടെന്ന് അധികൃതരോട് ആവശ്യപ്പെട്ടതായും അവര്‍ വ്യക്തമാക്കി. സേലത്ത് എത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

അതേസമയം ഹാദിയയെ കാണാന്‍ പിതാവ് ഒഴികെ ആരെയും അനുവദിക്കില്ലെന്ന് കോളജ് പ്രിൻസിപ്പൽ നേരത്തെ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ സുപ്രീം കോടതി വിധി പഠിച്ച ശേഷമാകും മറ്റു തീരുമാനമെന്നും കോളജ് പ്രിന്‍സിപ്പല്‍ ജി കണ്ണന്‍ അറിയിച്ചിരുന്നു.