30,000 യൂണിറ്റ് രക്തം ശേഖരിക്കാന്‍ ആസ്റ്റര്‍

Posted on: November 28, 2017 7:33 pm | Last updated: November 28, 2017 at 7:33 pm
SHARE

ദുബൈ: ദാനവര്‍ഷത്തിന് പിന്തുണ പ്രഖ്യാപിച്ചു ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ ദുബൈ ഹെല്‍ത് അതോറിറ്റി (ഡി എച്ച് എ)യുമായി സഹകരിച്ച് ‘ഡ്രോപ് ഓഫ് ഹോപ്’ എന്ന യജ്ഞത്തിലൂടെ സമൂഹത്തിന്റെ വിവിധ തലങ്ങളിലുളളവരെ രക്തദാനത്തിനായി മുന്നോട്ടുവരാന്‍ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാരംഭിച്ചു. ആസ്റ്റര്‍ @30 വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വിഭാവനം ചെയ്ത ആസ്റ്റര്‍ വളണ്ടിയേര്‍സ് പ്രോഗ്രാമിലുള്‍പ്പെടുത്തി ജി സി സി, ഇന്ത്യ, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ ഒരുക്കുന്ന രക്തദാന ക്യാമ്പുകളിലൂടെ 30,000 യൂണിറ്റ് രക്തം ശേഖരിക്കും.

രക്തദാനം സജീവമാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇക്കാര്യത്തിലാവശ്യമായ ബോധവത്കരണത്തെക്കുറിച്ചും സമൂഹത്തെ ബോധ്യപ്പെടുത്താനായി ദുബൈ ഹെല്‍ത് അതോറിറ്റി നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ഈ കാമ്പയിന്‍ പ്രാവര്‍ത്തികമാക്കുന്നത്.
അല്‍പം സമയം നല്‍കാനുളള സന്നദ്ധത ഉണ്ടായാല്‍ ഓരോ വര്‍ഷവും ദശലക്ഷകണക്കിന് ജീവനുകള്‍ വീണ്ടെടുക്കാന്‍ സഹായിക്കുന്ന പ്രവൃത്തിയായി മാറുമെന്ന് ആസ്റ്റര്‍ ഡി എം ഹെല്‍ത് കെയര്‍ ഫൗണ്ടറും ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. വിവിധ യൂണിറ്റുകളിലെ ഡോക്ടര്‍മാരും ജീവനക്കാരും ദൗത്യത്തില്‍ പങ്കാളികളാവാന്‍ സന്നദ്ധമായി മുന്നോട്ട് വന്നിരിക്കുകയാണെന്നും അദ്ദേ ഹം കൂട്ടിച്ചേര്‍ത്തു.

ഈ മാസം 30നും ഡിസംബര്‍ രണ്ടിനും ഗ്ലോബല്‍ വില്ലേജില്‍ (വൈകീട്ട് 5 മുതല്‍ രാത്രി 10 വരെ) രക്തദാനം നിര്‍വഹിക്കാം.
ഈ മാസം 17ന് സംഘടിപ്പിച്ച രക്തദാന ക്യാമ്പിന് വലിയ പ്രതികരണമാണ് യു എ ഇ നിവാസികളില്‍ നിന്നും ഉണ്ടായത്. ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നവരും രക്തദാന ക്യാമ്പുകളെക്കുറിച്ച് അറിയേണ്ടവരും www.as tervolunteers.com എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യണം.

 

 

LEAVE A REPLY

Please enter your comment!
Please enter your name here