പരിശോധനക്ക് വിധേയരാകാതിരുന്നാല്‍ പ്രമേഹരോഗികള്‍ക്ക് കാഴ്ച നഷ്ടപ്പെടാം

Posted on: November 28, 2017 7:23 pm | Last updated: November 28, 2017 at 7:23 pm
SHARE

ദുബൈ: ഇന്റര്‍നാഷണല്‍ ഡയബെറ്റിസ് ഫെഡറേഷന്റെ 2015-ലെ കണക്കുപ്രകാരം ഇന്ത്യയിലെ ഏഴ് കോടി ജനങ്ങളില്‍ 8.7 ശതമാനം പേര്‍ പ്രമേഹബാധിതര്‍.
കേരളത്തില്‍ അതിന്റെ ഇരട്ടിയിലും 20 ശതമാനം കൂടുതലാണ് പ്രമേഹരോഗികളുടെ എണ്ണം. ഈ രോഗം തങ്ങളുടെ കാഴ്ചയെ ബാധിക്കുന്നുണ്ടെന്ന് ഭൂരിഭാഗം പ്രമേഹരോഗികള്‍ക്കും അറിയില്ലെന്ന് ദുബൈയിലെ കനേഡിയന്‍ സ്‌പെഷലിസ്റ്റ് ആശുപത്രിയിലെ ഒപ്താല്‍മോളജി വിഭാഗം മേധാവി ഡോ. റേബ മാത്യു പറഞ്ഞു.

ഡയബെറ്റിക് ന്യൂറോപ്പതിചികിത്സിച്ചില്ലെങ്കില്‍ കാല്‍ നഷ്ടമാകുമെന്നും എല്ലാവര്‍ക്കും അറിയാം. സമാനമായി, പരിശോധനക്ക് വിധേയരാകാതിരുന്നാല്‍ പ്രമേഹരോഗികള്‍ക്ക് കാഴ്ച നഷ്ടപ്പെടാമെന്നത് പ്രാധാന്യമര്‍ഹിക്കുന്ന വിഷയമാണ്. രക്തത്തില്‍ പ്രമേഹത്തിന്റെ അളവ് കൂടുന്നത് റെറ്റിനയെയും കണ്ണിനുള്ളിലെ ഞരമ്പുകളെയും ബാധിക്കുന്നതിനെയാണ് ഡയബെറ്റിക് റെറ്റിനോപതി എന്നു പറയുന്നത്.

നിര്‍ഭാഗ്യവശാല്‍ പരമ്പരാഗതമായി പാശ്ചാത്യരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യക്കാര്‍ക്ക് പ്രമേഹരോഗം കൂടുതലാണ്. യു എ ഇ കേന്ദ്രീകരിച്ച് അടുത്തിടെ നടത്തിയ ഒരു പഠനമനുസരിച്ച് സൗത്ത് ഏഷ്യയിന്‍ നിന്നു വരുന്ന സ്ത്രീകള്‍ക്കാണ് ഏറ്റവും കൂടുതല്‍ പ്രമേഹം വരുന്നതെന്ന് ഡോ. റേബ മാത്യു പറഞ്ഞു. ദുബൈയിലെ അവരുടെ ജീവിതരീതിയും രോഗത്തിന്റെ സാധ്യതകളും പഠിച്ചപ്പോള്‍ അവരിലധികവും 10 വര്‍ഷത്തിലധികമായി എമിറേറ്റ്‌സില്‍ ജീവിക്കുന്നവരാണെന്ന് മനസ്സിലായി. രോഗം നിര്‍ണയിച്ചു കഴിഞ്ഞാല്‍ ഡയബെറ്റിക് റെറ്റിനോപതി തടയാനാവില്ല. എന്നിരുന്നാലും കൃത്യമായ നിയന്ത്രണങ്ങളിലൂടെയും മറ്റും തീവ്രത കുറക്കാനാവും. പ്രമേഹരോഗികള്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും റെറ്റിന സ്‌കാന്‍ ഉള്‍പെടെ നേത്ര പരിശോധന നടത്തണം. നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സിച്ചാല്‍ കാഴ്ച കൂടുതല്‍കാലം നിലനിര്‍ത്താനാവും.
ഉദാഹരണത്തിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രമേഹം നിര്‍ണയിച്ച മുഹമ്മദ് എന്ന 65കാരനായ രോഗിയുടെ കാര്യമെടുക്കാം. കുറേ വര്‍ഷങ്ങള്‍ കൃത്യമായ ചികിത്സ മൂലം അദ്ദേഹത്തിന്റെ രോഗം നിയന്ത്രണ വിധേയമായിരുന്നു. ഒരു ദിവസം രാവിലെ ഉണര്‍ന്നപ്പോള്‍ അദ്ദേഹത്തിന്റെ കാഴ്ചയില്‍ നിറയെ കറുത്ത പാടുകള്‍ വീണിരിക്കുന്നതായി കണ്ട് ആശുപത്രയിലെത്തിച്ചു. അപ്പോഴാണറിയുന്നത് അദ്ദേഹത്തിന് ഡയബെറ്റിക് റെറ്റിനോപതിയാണെന്ന്. ഡോ. റേബ വ്യക്തമാക്കി.