‘ഞാന്‍ ചായ വിറ്റിട്ടുണ്ട്; രാജ്യത്തെ വിറ്റിട്ടില്ല’ പ്രാദേശിക, ദേശീയ വികാരമുണര്‍ത്തി മോദി തുടങ്ങി

ഭുജ്
Posted on: November 28, 2017 6:21 pm | Last updated: November 28, 2017 at 6:21 pm
SHARE

ന്യൂനപക്ഷ- ദളിത് വിഭാഗങ്ങള്‍ ബി ജെ പിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന ദക്ഷിണ ഗുജറാത്തില്‍ പ്രാദേശിക, ദേശീയ വികാരമുയര്‍ത്തി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടു. കച്ചിലെ ഭുജ് നഗരത്തിലെ ലാലന്‍ കോളജ് ഗ്രൗണ്ടില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിക്കുന്ന പ്രസംഗത്തോടെയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷമുള്ള മോദിയുടെ ആദ്യ പ്രചാരണ പര്യടനത്തിന് തുടക്കമായിരിക്കുന്നത്.

സര്‍ജിക്കല്‍ സ്‌ട്രൈക്ക് മുതല്‍ ജി എസ് ടി വരെ പ്രസംഗത്തില്‍ പരാമര്‍ശിച്ച മോദി പ്രാദേശിക വികാരം ഉണര്‍ത്താനാണ് കൂടുതലും ശ്രമിച്ചത്. ഭൂകമ്പം തകര്‍ത്തറിഞ്ഞ കച്ച് മേഖലയെ ടൂറിസം കേന്ദ്രമാക്കി ഉയര്‍ത്തിയെന്ന അവകാശ വാദത്തോടെയാണ് പ്രസംഗം തുടങ്ങിയത്. പിന്നീട് കോണ്‍ഗ്രസ്- രാഹുല്‍ വിമര്‍ശനത്തിലേക്ക് മാറിയ പ്രസംഗത്തില്‍ മറ്റുമര്‍ഗങ്ങളില്ലാതെ അലഞ്ഞു തിരിയുന്നവര്‍ക്ക് വികസനം ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ കഴിയില്ലെന്നും പരാമര്‍ശിച്ചു. ഗുജറാത്തിനെ കുറിച്ച് കള്ളംപറയുന്നത് ഗുജറാത്തികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യലാണ്. ഇത് ഗുജറാത്തികള്‍ സഹിക്കില്ല. ഒപ്പം ദേശീയ വാദവും പട്ടാളവും വിഷയമാക്കിയ മോദി ഉറി-മുംബൈ ഭീകരാക്രമണങ്ങളെയും ഇത് കൈകാര്യം ചെയ്ത രീതികളെയും താരതമ്യം ചെയ്തു. ദോക്‌ലാം സംഘര്‍ഷം നടക്കുന്ന സമയത്ത് ചൈനീസ് അംബാസഡറുമായി കൂടിക്കാഴ്ച നടത്തിയ രാഹുല്‍ ഗാന്ധിയെ പരോക്ഷമായി പരിഹസിക്കുകയും ചെയ്തു. ഒപ്പം കോണ്‍ഗ്രസ് നേതാക്കളെ അഴിമതിക്കാരാക്കി ചിത്രീകരിക്കാനും ശ്രമിച്ചു. ഞാന്‍ ചായയാണ് വിറ്റത് രാജ്യത്തെയല്ല എന്നായിരുന്നു മോദിയുടെ പരാമര്‍ശം.

അതേസമയം ജി എസ് ടിയില്‍ പിഴവുകള്‍ പറ്റിയെന്ന് കുറ്റസമ്മതം നടത്തിയ മോദി ഇത് പരിഹരിക്കുവാന്‍ ശ്രമിച്ചുവരികയാണെന്നും കൂട്ടിച്ചേര്‍ത്തു. അഴിമതി കള്ളപ്പണം, നോട്ടുനിരോധത്തിന്റെ വിശദീകരണം, തുടങ്ങിയ പതിവു ചേരുവകള്‍ക്കൊപ്പം താന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തെ വികസനങ്ങളും ആവര്‍ത്തിച്ചായിരുന്നു മോദിയുടെ പ്രസംഗം. ഇന്നും നാളെയും ദക്ഷിണ ഗുജറാത്തിലെ എട്ടു തിരഞ്ഞെടുപ്പ് റാലികളിലാണ് മോദി പങ്കെടുക്കുന്നത്.