Connect with us

Ongoing News

രാജ്‌കോട്ടിലെ ശ്രാവണക്കും പൂനംഡാപ്പിക്കും വിജയ് രൂപാനിയെ അറിയില്ല; തിരഞ്ഞെടുപ്പ് തീയതിയും

Published

|

Last Updated

രാജ്‌കോട്ട്: ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ രാഷ്ട്രീയ നേതാക്കളെയും തിരഞ്ഞെടുപ്പും അറിയാതിരിക്കുന്നത് വലിയ സംഭവമല്ല. എന്നാല്‍ രാജ്‌കോട്ട് നഗരത്തില്‍, വിജയ് രൂപാനിയുടെ മണ്ഡലത്തിലെ ഹാജി ഡാമിനടുത്ത് ചെറിയ സ്റ്റേഷനറി കട നടത്തുന്ന ശ്രാവണക്കും ഡാമില ഉദ്യാനത്തില്‍ ചെടി പരിപാലകനായ പൂനം ഡാപ്പിക്കും മണ്ഡലത്തില സ്ഥാനാര്‍ഥിയും സംസ്ഥാന മുഖ്യമന്ത്രിയുമായ രൂപാനിയെ അറിയില്ലെന്നത് കൗതുകകരമാണ്. തിരഞ്ഞെടുപ്പ് തീയതി ചോദിച്ചപ്പോള്‍ ബാപ്പുവിനോട് (പിതാവിനെ ചൂണ്ടി) ചോദിക്കാന്‍ പറഞ്ഞു. നഗരത്തിലെ അലച്ചിനിടെ സോഡ കുടിക്കാന്‍ കയറിയപ്പോഴാണ് കടക്കാരിയോട് തിരഞ്ഞെടുപ്പ് വിശേഷം ചോദിച്ചത്.

ഗുജറാത്തില്‍ ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലൊന്നായ പശ്ചിമ രാജ്‌കോട്ടില്‍ വോട്ടെടുപ്പിന് 12 ദിവസം മാത്രം ബാക്കി നില്‍ക്കെ തിരഞ്ഞെടുപ്പ് ചൂട് എത്തിയിട്ടില്ല. സ്ഥാനാര്‍ഥികളുടെയും മോദിയുടെയും രാഹുല്‍ ഗാന്ധിയുടെയും മുഖങ്ങളുള്ള ഒന്നു രണ്ട് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഒഴിച്ചാല്‍ പോസ്റ്ററുകളോ പ്രചാരണ വാഹനങ്ങളോ പ്രകടന ബഹളങ്ങളോ ഒന്നുമില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് മോദി വന്നതൊഴിച്ചാല്‍ കാര്യമായ പ്രചാരണ പരിപാടികള്‍ ഇവിടെ നടന്നിട്ടില്ല. ഇതേകുറിച്ച് ചോദിച്ചപ്പോള്‍ പണം പറ്റി പ്രചാരണത്തിന് നടക്കുന്ന കുറച്ച് ആളുകളൊഴിച്ചാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇതിന് പോകാറില്ലെന്നും കുടുംബ കാരണവര്‍ പറയുന്നവര്‍ക്ക് വോട്ടുചയ്യുമെന്നും അതിന് തിരഞ്ഞെടുപ്പിന്റെ തലേന്നാള്‍ അവര്‍ (രാഷ്ട്രീയക്കാര്‍) അച്ഛന് പണവും പലഹാരവും നല്‍കുമെന്നും ശ്രാവണ പറഞ്ഞു. തിരഞ്ഞെടുപ്പുകള്‍ ഞങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്നും അത് രാഷ്ട്രീയക്കാരുടെതല്ലേയെന്നുമാണ് ഇതിന് ശ്രാവണ നിരത്തുന്ന വാദം.

ഹാജി ഡാമിലെ ഉദ്യാനത്തിലെ ചെടിവെട്ടുന്ന പൂനം ഡാപ്പിയുടെയും കാര്യം വ്യത്യസ്ത്യമല്ല. തിരഞ്ഞെടുപ്പിനെ കുറിച്ച് ഇയാള്‍ക്കും വലിയ അറിവൊന്നുമില്ല. ചിലപ്പോള്‍ വോട്ടുചെയ്യുമെന്നും ചിലപ്പോള്‍ പണം നല്‍കി അവര്‍ കാര്‍ഡ് കൊണ്ടുപോകുമെന്നും പൂനംഡാപ്പി പറയുന്നു. വിജയ് രൂപാനിയെ കുറിച്ച് അറിയില്ലങ്കിലും ഇയാള്‍ മോദി സാബിനെ കുറിച്ച് കേട്ടിട്ടുണ്ടെന്ന് പറഞ്ഞു. ഗുജറാത്ത് മദ്യം നിരോധിച്ച സംസ്ഥാനമാണെന്നറിയാത്ത പൂനം ഡാപ്പിക്ക് രാജ്‌കോട്ടില്‍ എവിടെയൊക്കെ വാറ്റ് ചാരായം ലഭിക്കുമന്ന് കൃത്യമായി അറിയാം. ഗുജറാത്ത് മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലവും സംസ്ഥാനത്തെ പ്രധാന നഗരവുമായ രാജ്‌കോട്ടില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ മാത്രം അകലെയാണ് ശ്രാവണയും പൂനം ഡാപ്പിയും ജീവിക്കുന്നതെന്നത് മോദിയുടെ “ഗുജറാത്ത് മോഡലി”ന്റെ മികച്ച ഉദാഹരണങ്ങളാണ്.

 

Latest