ഭീകരത: ഒളിച്ചുകളി അവസാനിപ്പിക്കണം

Posted on: November 28, 2017 7:47 am | Last updated: November 27, 2017 at 11:50 pm

ഭീകരവാദത്തിനെതിരെ ആയിരുന്നു മുംബൈ ഭീകരാക്രമണത്തിന്റെ ഒമ്പതാം വാര്‍ഷിക ദിനത്തില്‍ മന്‍ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാഷണം. കഴിഞ്ഞ നാല് പതിറ്റാണ്ടായി ഭീകരവാദം എന്ന മഹാ വിപത്തിനെതിരെ ആഗോളതലത്തില്‍ ഇന്ത്യ ശബ്ദം ഉയര്‍ത്തുകയാണ്. തുടക്കത്തില്‍ ലോകം അത് ഗൗരവമായി കണ്ടില്ല. ഇന്ന് ലോകം അതിന്റെ വിനാശകരമായ വശം മനസ്സിലാക്കിക്കഴിഞ്ഞുവെന്ന് മോദി പറഞ്ഞു. ഭീകരവാദവും തീവ്രവാദവും ഇന്ത്യന്‍ സമൂഹത്തില്‍ നാശം വിതക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഇതേക്കുറിച്ച് എല്ലാ മാനവിക ശക്തികള്‍ക്കും അവബോധം ഉണ്ടായിരിക്കണം. ബുദ്ധന്‍, ഗുരുനാനാക്ക്, മഹാത്മാഗാന്ധി തുടങ്ങി സമാധാനത്തിന്റെയും അഹിംസയുടെയും സന്ദേശം പ്രചരിപ്പിച്ച മഹാന്മാരുടെ ഈ രാജ്യത്ത് നിന്ന് തീവ്രവാദവും ഭീകരവാദവും തുടച്ചു നീക്കണം. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ എല്ലാ വിഭാഗം ജനങ്ങളുടെയും താത്പര്യങ്ങള്‍ സംരക്ഷിച്ചു കൊണ്ടാണ് ഭരണഘടന തയ്യാറാക്കിയത്. ഇത് മാനിക്കപ്പെടണമെന്നുമാണ് മന്‍ കി ബാത്തിലൂടെ മോദി ഉദ്‌ബോധിപ്പിച്ചത്.

ആഗോളസമൂഹം നേരിടുന്ന ഏറ്റവും വലിയ ഒരു ഭീഷണിയാണിന്ന് ഭീകരവാദം. വികസ്വര, വികസന വ്യത്യാസമില്ലാതെ ലോകത്തെ എല്ലാ രാഷ്ട്രങ്ങളെയും ഈ കൊടിയ വിപത്ത് ഗ്രസിച്ചിട്ടുണ്ട്. രാഷ്ട്രത്തലവന്മാര്‍ പങ്കെടുക്കുന്ന വേദികളിലെല്ലാം പ്രധാന ചര്‍ച്ച ഭീകരതയാണ്. ഇതിനെ ഉന്‍മൂലനം ചെയ്യാനുള്ള പ്രതിജ്ഞയാണ് ആഗോള സമ്മേളനങ്ങളിലെല്ലാം പ്രധാന അജന്‍ഡ. പക്ഷേ ഈ പ്രഖ്യാപനങ്ങളെയും തീരുമാനങ്ങളെയുമെല്ലാം നിഷ്പ്രഭമാക്കി എവിടെയും ഭീകരത അടിക്കടി ശക്തിപ്പെടുകയാണ്. പുറത്തു നിന്നുള്ള ഭീകരതയേക്കാള്‍ അകത്തു നിന്നുള്ള ഭീകരതയാണ് ഇന്ന് വലിയ ഭീഷണി. 2001 സെപ്തംബര്‍ 11ന് അമേരിക്ക പുറത്തു നിന്നുള്ള ഭീകരാക്രമണമാണ് നേരിട്ടതെങ്കില്‍ പിന്നീട് ആ നാടിനെ പിടിച്ചു കുലുക്കിയ ആക്രമണങ്ങളേറെയും രാജ്യത്തിനകത്തു നിന്നുള്ളവര്‍ തന്നെ സംഘടിപ്പിച്ചതായിരുന്നു. അതിര്‍ത്തി കടന്നെത്തുന്ന ഭീകരതയായിരുന്നു നേരത്തെ ഇന്ത്യ നേരിട്ട മുഖ്യഭീഷണിയെങ്കില്‍ ഇപ്പോള്‍ ഇവിടെയും ആഭ്യന്തര ഭീകരതയാണ് പ്രധാന വെല്ലുവിളി.

ഭീകരതക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്നവര്‍ ആദ്യം അമര്‍ച്ച ചെയ്യേണ്ടത് രാജ്യത്തിനകത്തെ ഭീകരരെയാണ്. മാവോയിസവും കാവിഭീകരതയുമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വിപത്തുകള്‍. ബാബരി മസ്ജിദ് ധ്വംസനം പോലെ വര്‍ഷങ്ങള്‍ നീണ്ട ആസൂത്രിതമായ നീക്കങ്ങളിലൂടെ ഭരണകൂടത്തെയും നിയമപീഠങ്ങളെയും വെല്ലുവിളിച്ച് പരസ്യമായി നടത്തുന്ന അക്രമങ്ങള്‍, ഗുജറാത്തിലേതു പോലെ ഭരണകൂടത്തിന്റെ സഹകരണത്തോടെ അരങ്ങേറുന്ന വംശഹത്യകള്‍, മുസാഫര്‍നഗറിലെ പോലെ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചു സൃഷ്ടിക്കുന്ന വര്‍ഗീയകലാപങ്ങള്‍, ദാദ്രിയിലും ഝാര്‍ഖണ്ഡിലും അരങ്ങേറിയതു പോലെ സംഘ്പരിവാറിന്റെ സാമൂഹികക്രമം അടിച്ചേല്‍പ്പിക്കാന്‍ നടത്തുന്ന ഗൂണ്ടായിസങ്ങള്‍, നിഷ്ഠൂര കൊലപാതകങ്ങള്‍, ജാതിവ്യവസ്ഥയുടെ പേരില്‍ നടത്തുന്ന ഉന മോഡല്‍ ദളിത് വിരുദ്ധ അക്രമങ്ങള്‍ എന്നിങ്ങനെ പല രൂപത്തിലും ഭാവത്തിലുമാണ് കാവിഭീകരത രാജ്യത്ത് അഴിഞ്ഞാടുന്നത്.

ബാഹ്യശക്തികളുടെ പേരില്‍ ആരോപിക്കപ്പെടുന്ന പല സ്‌ഫോടനങ്ങളും ഇവരുടെ സൃഷ്ടിയാണെന്ന് ഇതിനകം വെളിപ്പെട്ടു കഴിഞ്ഞതാണ്. മലേഗാവ്, നന്ദേദ്, സംഝോതാ എക്‌സ്പ്രസ്, ഹൈദരാബാദ് മക്കാ മസ്ജിദ്, ജയ്പൂര്‍, ഡല്‍ഹി ജുമാമസ്ജിദ്, വരാണസി തുടങ്ങി ബാഹ്യശക്തികള്‍ നടത്തിയതെന്ന് തുടക്കത്തില്‍ വിശ്വസിക്കപ്പെട്ടിരുന്ന സഫോടനങ്ങളുടെ പിന്നില്‍ കാവിഭീകരതയാണെന്ന് അഭിനവ് ഭാരതിന്റെ യോഗത്തില്‍ മേജര്‍ രമേശ് ഉപാധ്യായ വെളിപ്പെടുത്തിയതായി മുംബൈ ഭീകരവിരുദ്ധ സേനാ തലവന്‍ ഹേമന്ത് കര്‍ക്കറെയുടെ കേസ് ഡയറി സാക്ഷ്യപ്പെടുത്തുന്നു. കൊടിയ ഭീകരതയാണ് ബജ്‌റംഗ്ദള്‍, ആര്‍ എസ് എസ്, ശിവസേന തുടങ്ങിയ കാവിഭീകര സംഘടനകള്‍ ഇവിടെ നടത്തിക്കൊണ്ടിരിക്കുന്നത്. കാവിഭീകരതയെ രാജ്യം കരുതിയിരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരവും ഇതിനിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ടും ഭരണകൂടം ഇതു കാണാത്ത ഭാവം നടിക്കുകയും സ്‌ഫോടന കേസുകള്‍ അട്ടിമറിച്ച് കാവിഭീകരരെ നിയമത്തിന്റെ കരങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തിക്കൊണ്ടിരിക്കയുമാണെന്നതാണ് വിരോധാഭാസം.

പാക്കിസ്ഥാന്‍ ഭീകരതയെ പ്രോത്സാഹിപ്പിക്കുകയും തീവ്രവാദികള്‍ക്ക് താവളമൊരുക്കുകയുമാണെന്ന് നാം നിരന്തരം കുറ്റപ്പെടുത്താറുണ്ട്. രാജ്യത്തിനകത്ത് കാവിഭീകരതയെ നാം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അന്താരാഷ്ട്രവേദികളിലും ഔദ്യോഗിക വേദികളിലും തീവ്രവാദത്തെ തള്ളിപ്പറയുമ്പോള്‍ രാജ്യത്തിനുള്ളില്‍ കൊടുംഭീകരരെ പാലൂട്ടി വളര്‍ത്തുന്ന ഇരട്ടത്താപ്പ് അവസാനിപ്പിക്കാത്ത കാലത്തോളം രാജ്യം ഭീകരത ഉയര്‍ത്തുന്ന ഭീഷണിയില്‍ നിന്ന് മോചിതമാവുകയില്ല. പ്രതിലോമ ശക്തികളുടെ പ്രചാരണത്തില്‍ വഞ്ചിതരായി ഭീകരത ഇസ്‌ലാമിന്റെ പര്യായമെന്ന് തെറ്റിദ്ധരിച്ചിരുന്ന ഇന്ത്യന്‍ പൊതുബോധം ഇപ്പോള്‍ അബദ്ധം മനസ്സിലാക്കുകയും ഭീകരത തീവ്രഹിന്ദുത്വത്തിന്റെ പര്യായമാണെന്ന് തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ തങ്ങള്‍ നടത്തുന്ന ഒളിച്ചുകളി ഇനി വിലപ്പോകില്ലെന്ന് ഇന്ത്യന്‍ ഭരണകൂടം ഇനിയെങ്കിലും മനസ്സിലാക്കണം.