Connect with us

Articles

കോടികളുടെ തിരിമറിയും നാടുവാഴികളുടെ ഭീഷണിയും

Published

|

Last Updated

ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ തനിക്കനുകൂലമായ വിധി സമ്പാദിക്കാന്‍ സുഹ്‌റാബുദ്ദീന്‍ കേസ് കേട്ടുകൊണ്ടിരുന്ന സി ബി ഐ പ്രത്യേക കോടതി ജഡ്ജി ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയക്ക് 100 കോടിരൂപ കോഴ വാഗ്ദാനം ചെയ്ത വാര്‍ത്ത പുറത്ത് വന്നിരിക്കുന്നു. ഗുജറാത്തില്‍ ഹര്‍ദിക് പട്ടേലിന്റെ പിന്തുണ ലഭിക്കാന്‍ ബി ജെ പി വാഗ്ദാനം ചെയ്ത കൈക്കൂലി 1200 കോടി രൂപയാണ്. പണ്ട് പാര്‍ലിമെന്റിനുള്ളില്‍ നോട്ടുകെട്ടുകള്‍ നിറച്ച ചാക്കുകള്‍ തന്നെ കെട്ടിക്കൊണ്ടുവന്ന് ഭരണത്തിന്റെ ആയുസ്സു നീട്ടിയെടുത്ത സംഭവം ഉയര്‍ത്തിക്കാട്ടിയാണ് ബി ജെ പി ഈ കോഴ ആരോപണങ്ങളെ പ്രതിരോധിക്കുന്നത്. ആര്‍ക്കും ആരെയും കുറ്റപ്പെടുത്താനാവാത്ത അവസ്ഥ. കോടികള്‍ നാടുഭരിക്കുമ്പോള്‍ എല്ലാവരും ഒരേ തൂവല്‍പക്ഷികളായി ഒരുമിച്ച് പറക്കുന്നു. വാഗ്ദാനം നിരസിച്ചതിനെ തുടര്‍ന്ന് ജഡ്ജി സംശയകരമായ സാഹചര്യങ്ങളില്‍ മരണപ്പെട്ടു. “ഒന്നുകില്‍ ഞങ്ങള്‍ തരുന്നത് സ്വീകരിച്ച് പറയുന്നത് കേട്ട് പ്രവര്‍ത്തിക്കുക. അല്ലെങ്കില്‍ മരിക്കാന്‍ തയ്യാറായികൊള്ളൂ”. ഇതല്ലേ ഇത്തരം വാര്‍ത്തകള്‍ തരുന്ന സന്ദേശം. മോദിക്കെതിരെ ഉയരുന്ന കൈകള്‍ അടിച്ചൊടിക്കുകയോ വെട്ടിമാറ്റുകയോ ചെയ്യുമെന്നാണ് ബി ജെ പി ബീഹാര്‍ സംസ്ഥാന അധ്യക്ഷനും ലോക്‌സഭാംഗവും ആയ നിത്യാനന്ദറായ് പറഞ്ഞത്. ജഡ്ജിമാര്‍ക്കും ഇത് ബാധകമാണെന്ന് സാരം.

ഈ നിലയില്‍ ഇതൊന്നും അത്ര വീണ്‍ വാക്കുകളായി തള്ളിക്കളയാനാകില്ല. കോടികള്‍ കൈവശമുള്ളവര്‍ക്ക് ആര്‍ക്കെതിരെയും എന്തും ചെയ്യിക്കാം. രാഷ്ട്രീയ നേതാക്കളുടെ കൂലിപ്പട്ടാളം എന്നു തന്നെ വിളിക്കാവുന്ന ഒരു അധോലോകം രാജ്യത്തു വളര്‍ന്നു വരുകയാണ്. പണം നല്‍കിയാല്‍ വാടകക്കൊലയാളികളാകാന്‍ സന്നദ്ധരായവരുടെ ഒരു സമാന്തര സേന കേരളത്തില്‍ പോലും സജീവമാണെന്നാണല്ലോ അടുത്തകാലത്തായി നടക്കുന്ന കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നത്. പണ്ടൊക്കെ വ്യവസായ വാണിജ്യ രംഗങ്ങളില്‍ ഒതുങ്ങിക്കഴിഞ്ഞിരുന്ന കോടീശ്വരന്മാരുടെ ഒരു പുത്തന്‍ വംശം രാഷ്ട്രീയത്തിലേക്ക് നേരിട്ടു രംഗപ്രവേശം ചെയ്തിരിക്കുന്നു. വിദേശത്തു പോയി അവിടുത്തെ നിയമപാലകരുടെ കണ്ണുവെട്ടിച്ച് ഇഷ്ടം പോലെ പണം സമ്പാദിച്ച് കോടീശ്വരന്മാരായി മടങ്ങിയെത്തി നാടുവാഴികളായി വിലസുന്ന കഥാപാത്രങ്ങളെ പണ്ടു നമ്മള്‍ സിനിമയില്‍ മാത്രമാണ് കണ്ടുമുട്ടിയിരുന്നതെങ്കില്‍ ഇപ്പോഴിതാ ഇത്തരം കക്ഷികള്‍ നമ്മുടെ മന്ത്രി മന്ദിരങ്ങളും എം എല്‍ എ ക്വാര്‍ട്ടേഴ്‌സും ഒക്കെ കീഴടക്കിക്കഴിഞ്ഞു.

ഇത്തരക്കാരെ ആശ്രയിക്കാതെ, അവര്‍ക്ക് ഒത്താശ ചെയ്ത് കൊടുക്കാതെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ക്കും മുന്നോട്ടു പോകാനാകില്ലെന്ന അവസ്ഥ സംജാതമായിരിക്കുന്നു. അതില്‍ ഇടത് വലതു ഇടനില ഭേദങ്ങളൊന്നും ഇല്ല. വടക്കേ ഇന്ത്യന്‍ പ്രതിഭാസമായിട്ടായിരുന്നു ഇതിന്റെ തുടക്കമെങ്കിലും ക്രമേണ തെക്കോട്ടു വ്യാപിച്ചു തമിഴ്‌നാടിന്റെയും കര്‍ണാടകത്തിന്റെയും അതിര്‍വരമ്പുകള്‍ കടന്ന് കേരളത്തിലും സജീവമായിരിക്കുന്നു. ഇത്തരം പ്രവണതകളെ മുളയിലേ നുള്ളിക്കളയുന്നതിന് പകരം ഇതിലൊക്കെ എന്താ ഇത്ര വല്യ തെറ്റെന്ന ഭാവത്തില്‍ ജനങ്ങള്‍ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. അതുകൊണ്ടായിരിക്കുമല്ലോ ഇത്തരക്കാര്‍ക്ക് ജനങ്ങളുടെ സമ്മതിദാനം നേടി ജനപ്രതിനിധികളായും മന്ത്രിമാരായും ഒക്കെ വിലസാന്‍ വീണ്ടും വീണ്ടും അവസരം ലഭിക്കുന്നത്.

മുന്നണി മര്യാദയുടെ പേരിലും സ്വതന്ത്ര പരിവേഷം ചാര്‍ത്തിയും ഇന്നലെ വരെ പ്രവര്‍ത്തിച്ചിരുന്ന ഈര്‍ക്കിലി പാര്‍ട്ടികള്‍ പിളര്‍ന്ന് അതിന്റെ ഒരു കഷ്ണവും ആയി ഭരണത്തിന് നേതൃത്വം നല്‍കുന്നതോ അടുത്തു ഭരണം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതോ ആയ പ്രധാന കക്ഷിയില്‍ ചേക്കേറുക. ഇതിവിടെ പതിവായിരിക്കുന്നു. രാഷ്ട്രീയ പ്രബുദ്ധത നഷ്ടപ്പെട്ടിട്ടില്ലാത്ത നേതാക്കളും മാധ്യമങ്ങളും പൊതുജനങ്ങളും ഇത്തരം വാഴപ്പിണ്ടി രാഷ്ട്രീയക്കാര്‍ക്കെതിരെ ജാഗ്രത പാലിക്കണം. കേരളവും ഉത്തരേന്ത്യന്‍ രാഷ്ട്രീയപാതയില്‍ സഞ്ചരിച്ചു തുടങ്ങിയിരുക്കുന്നു. കോണ്‍ഗ്രസ് എം പി. കെ വി തോമസിന്റെയും സി പി ഐ. എം പി കെ ഇ ഇസ്മാഈലിന്റെയും എം പി ഫണ്ട് വഴിമാറ്റി ചെലവഴിച്ചാണ് ലേക്പാലസിലേക്ക് തോമസ് ചാണ്ടി വഴി വെട്ടിയതെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. ഇത്തരം വഴിവിട്ട വഴിവെട്ടലുകള്‍ കഴിഞ്ഞ ശേഷമാണ് ആദ്യം യു ഡി എഫും പിന്നെ എല്‍ ഡി എഫും തോമസ് ചാണ്ടിക്കു വേണ്ടി വോട്ടുപിടിച്ചതും അയാള്‍ ജയിച്ച് എം എല്‍ എ ആയതും മന്ത്രി ആയതുമൊക്കെ.

വിവാദങ്ങള്‍ ഒടുങ്ങുന്നില്ല. ഒന്നിന് പിന്നാലെ മറ്റൊന്നായി ഭൂമി കൈയേറ്റത്തിന്റെ കഥകള്‍ ഒരു സ്റ്റണ്ട് പടം കണ്ടാസ്വദിക്കുന്നതുപോലെ മലയാളികള്‍ വിഡ്ഢിപ്പെട്ടികള്‍ക്കു മുമ്പിലെ ചാരു കസേരകളില്‍ മലര്‍ന്നു കിടന്നു കണ്ടു രസിക്കുകയാണ്. കഷ്ടം. ഇടുക്കി എം പി ജോയിസ് ജോര്‍ജിനും ഇടതുപക്ഷ സ്വതന്ത്രന്‍ പി വി അന്‍വര്‍ എംഎല്‍ എക്കുമാണ് ഇപ്പോള്‍ നറുക്കു വീണിരിക്കുന്നത്. തീര്‍ന്നില്ല. കൈയേറ്റവിരുദ്ധ ടി വി ചാനലിന്റെ ന്യൂസ് ചെയര്‍മാനും ബി ജെ പി നേതാവുമായ രാജീവ് ചന്ദ്രശേഖര്‍ എം പി വേമ്പനാട് കായലും തോട് പുറംപോക്കും കൈയേറി രാജ്യാന്തര നിലവാരത്തില്‍ റിസോര്‍ട്ട് നിര്‍മാണത്തിനിറങ്ങിയിരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. ചുരുക്കത്തില്‍ ഈ കൊച്ചു കേരളമാകെ ഒരു റിസോര്‍ട്ടായി മാറുകയാണ്. കൃഷികളോ വ്യവസായങ്ങളോ ഒന്നും ഇവിടെ ക്ലച്ചു പിടിക്കുന്നില്ലെന്നല്ല കോടീശ്വരന്മാരുടെ ശതകോടീശ്വര സ്വപ്‌നങ്ങളുമായി ഒത്തു പോകുന്നില്ല എന്നത് തന്നെ കാര്യം.

നോട്ടു നിരോധനത്തിന് മുമ്പും അതിന് ശേഷവും നോട്ടുകണ്ടാല്‍ മലയാളിയുടെ കണ്ണഞ്ചിപ്പോകും. നേരത്തെ നോട്ടുകെട്ടുകള്‍ തലയണക്കടിയില്‍ ഒളിപ്പിച്ചു വെച്ച് അതാരെങ്കിലും തട്ടികൊണ്ടു പോകുമോ അതിന് മുമ്പ് താന്‍ തട്ടിപ്പോകുമോ അങ്ങനെ സംഭവിച്ചാല്‍ ഈ നോട്ടു കൂമ്പാരം കൂടെ കൊണ്ടു പോകാന്‍ കഴിയില്ലല്ലോ എന്ന വേവലാതിയുമായി ടെന്‍ഷനടിച്ച് പ്രഷറും ഷുഗറും ഗ്യാസുമൊക്കെ ആയി ഉറക്കം നഷ്ടപ്പെട്ടുകഴിഞ്ഞ നമ്മുടെ ഈ പുതുപണക്കാര്‍ ഇപ്പോള്‍ ബേങ്ക് അക്കൗണ്ടും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ച പാസ് ബുക്കുകളിലെ നിക്ഷേപ സംഖ്യ നാള്‍ തോറും വര്‍ധിച്ചു.

മണ്ണും പെണ്ണും മലയാളിക്ക് എത്ര കിട്ടിയാലും മതിയാകാത്ത ഒരു വ്യാമോഹം ആണ്. രണ്ടും ഇവിടെ പീഡിപ്പിക്കപ്പെടുകയാണ്. എത്ര സ്ത്രീപീഡനം നടത്തിയാലും എന്തൊക്കെ അഴിമതികള്‍ കാട്ടിയാലും ഈ വീരന്മാരൊക്കെ അവരുടെ തട്ടകങ്ങളിലെ കിരീടം വെക്കാത്ത രാജാക്കന്മാരാണ്. ജനം അവര്‍ക്കു തന്നെ വീണ്ടും വീണ്ടും വോട്ടു ചെയ്യുന്നു. അവര്‍ക്കെങ്ങാനും മാറി നില്‍ക്കേണ്ടി വന്നാല്‍ അവരുടെ മക്കളെ ആ സ്ഥാനം ഏല്‍പ്പിക്കുന്നു. എന്തൊരു ജനാധിപത്യബോധം!

ഉദ്യോഗസ്ഥ ലോബിയെ കൂട്ടു പിടിച്ച് ദീര്‍ഘകാലമായി ഇവിടെ നടന്നു വരുന്ന ചട്ടലംഘനങ്ങളെ തടയിടാന്‍ മുഖ്യധാരാ രാഷ്ട്രീയ കക്ഷികളെങ്കിലും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഓരോരുത്തര്‍ക്കും ഓരോ പണി പറഞ്ഞിട്ടുണ്ട്. അവരതങ്ങു ചെയ്താല്‍ പോരെ എന്ന ചോദ്യം വളരെ പഴഞ്ചനാണ്. ആ ചോദ്യത്തില്‍ ഒരു സവര്‍ണ വരേണ്യത ഒളിച്ചിരിപ്പുണ്ട്. ജനവാഴ്ച സംസ്‌കൃതിയില്‍ ആര്‍ക്കും എന്തു ജോലിയും ചെയ്യാം എന്നല്ലാതെ ഒരാള്‍ തന്നെ ഒരേ സമയം പല ജോലികളില്‍ വ്യാപരിക്കുന്നതില്‍ പന്തികേടുണ്ട്. രാഷ്ട്രീയവും മറ്റേതു ജോലിയും പോലെ ഒരു ജനസേവനമാണ്. എം എല്‍ എ, എംപി, മന്ത്രി, പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തേക്ക് രാഷ്ട്രീയ നിയമനം നേടിയവര്‍, ഇവരൊക്കെ പ്രതിഫലം പറ്റുന്നവരാണ്. സ്വന്തം പേരിലോ ബിനാമി പേരിലോ വേറെ ജോലികള്‍ (അതായത് ബിസിനസ്സ് നിക്ഷേപം )ചെയ്യുന്നതിനെ തടയുന്ന നിയമം ഇപ്പോള്‍ തന്നെ നിലവിലുണ്ട്. എന്നാല്‍ മറ്റു പല നിയമങ്ങളും പോലെ ഇതും ഏട്ടിലെ പശു മാത്രം. സ്വകാര്യ സ്വത്തു സമ്പാദനത്തിലുള്ള ആര്‍ത്തിയാണ് എല്ലാ അഴിമതികളുടെയും അടിസ്ഥാന കാരണം. രാഷ്ട്രീയം കര്‍മ മണ്ഡലമായി തിരഞ്ഞെടുത്ത പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു പ്രധാന മന്ത്രിപദം ഏറ്റെടുക്കുന്നതിന് മുമ്പ് തനിക്കു പൈതൃകമായികിട്ടിയ സര്‍വ സ്വത്തുക്കളും ജനിച്ചുവളര്‍ന്ന വീടുള്‍പ്പെടെ സ്വന്തം പാര്‍ട്ടിക്ക് ദാനം ചെയ്ത് മാതൃക കാട്ടി. തന്റെ പുസ്തകങ്ങളുടെ റോയല്‍റ്റി മാത്രമേ ഏക പുത്രിക്ക് അവകാശപ്പെട്ട പിതൃസ്വത്തായി ആ പിതാവ് മാറ്റിവെച്ചിരുന്നുള്ളൂ. ആ മാതൃക പിന്തുടര്‍ന്നാകാം കേരളത്തില്‍ ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാടെന്ന പ്രഥമ മുഖ്യമന്ത്രി തന്റെ പിതൃസ്വത്തു പൂര്‍ണമായും പാര്‍ട്ടിക്കു ദാനം ചെയ്തു. അത്രയൊന്നും പോയില്ലെങ്കിലും രാഷ്ട്രീയം തൊഴിലായി സ്വീകരിച്ചു ജനസേവനത്തിന് ഇറങ്ങുന്നവര്‍ ജനങ്ങള്‍ നല്‍കുന്ന നിയമാനുസൃത പ്രതിഫലം കൊണ്ട് ഒതുങ്ങി ജീവിക്കാന്‍ പഠിക്കണം. അതിന് പകരം പണം മുടക്കി രാഷ്ട്രീയം കളിക്കുകയം രാഷ്ട്രീയം കൊണ്ടു മുടക്കിയ പണം തിരിച്ചു പിടിക്കുകയും വീണ്ടും വീണ്ടും പണം സമ്പാദിക്കുകയും ചെയ്യുന്ന പ്രവണത വ്യാപകമാകുകയാണ്.

ജനങ്ങള്‍ക്കു വേണ്ടി ജീവിച്ചവരെ മാത്രമല്ല അവരുടെ സന്തതികളെയും സംരക്ഷിക്കുന്നതിന് ജനം വിമുഖത കാണിച്ച ചരിത്രം ഇല്ല. ജനം ഇത്തരം നേതാക്കളെ വിശ്വസിച്ചാലും ഈ നേതാക്കള്‍ ജനങ്ങളെ വിശ്വാസത്തിലെടുക്കുന്നില്ല. അതുകൊണ്ടാണ് ഈ കുവൈത്ത് ചാണ്ടിമാരും ജോയിസ് ജോര്‍ജുമാരും അന്‍വര്‍മാരും ഉണ്ടാകുന്നത്. നോട്ടെണ്ണാന്‍ വീട്ടില്‍ യന്ത്രം സ്ഥാപിച്ച മന്ത്രിയും മന്ത്രി മന്ദിരത്തെ തട്ടിപ്പുകാരുടെ പരസ്യ വിഹാരമാക്കിയ മുഖ്യമന്ത്രിയും ഒക്കെ കോടികളുടെ നോട്ടുകെട്ടുകള്‍ക്കു മുമ്പില്‍ കണ്ണഞ്ചി പോയവരാണ്. രാഷ്ട്രീയ പക്ഷപാതികളാണ് മിക്കവരും. എന്തിന്, ആര്‍ക്ക് വോട്ടു ചെയ്യണം, എന്ന തീരുമാനം പോലും തന്റെ വീട്ടില്‍ സ്ഥിരമായി വായിക്കപ്പെടുന്ന പത്രത്തിന്റെ നിലപാടുകളെ ആശ്രയിച്ചായിരിക്കും മിക്കവരും കൈകൊള്ളുക. പത്ര റിപ്പോര്‍ട്ടുകളിലെ പൊടിപ്പും തൊങ്ങലുകളും പലരും നിരീക്ഷിച്ചറിയുന്നില്ല. ഒരു പത്രത്തിലെ മുന്‍ പേജ് പ്രധാന വാര്‍ത്ത മറ്റൊരു പത്രത്തിന്റെ അകത്തെ താളില്‍ മൂലക്ക് ഒതുക്കപ്പെടുന്നതെന്തുകൊണ്ടെന്നോ തീര്‍ത്തും ഉപേക്ഷിച്ചുകളയുന്നതെന്തുകൊണ്ടെന്നോ ചിന്തിക്കാറില്ല. സ്വന്തം വീട്ടിലെ ചായയും ചോറും മാത്രം കഴിച്ചു ശീലിച്ചവര്‍ അതിലും മെച്ചപ്പെട്ട ആഹാരം ലോകത്തു മറ്റെങ്ങും കിട്ടുകയില്ലെന്ന് കണ്ണും പൂട്ടി വിശ്വസിക്കുന്നത് പോലെയാണ് പത്രങ്ങളുടെ നിലപാടുകളെ ആശ്രയിച്ചു രാഷ്ട്രീയ നിലപാടുകളെടുക്കുന്നതും.

ദൃശ്യ മാധ്യമങ്ങള്‍ ഇപ്പോള്‍ പത്രങ്ങളെ പുറംതള്ളി തുടങ്ങിയിരിക്കുന്നു. ഇതു നേരത്തെകൂട്ടി അറിഞ്ഞ നമ്മുടെ ഏതാണ്ട് എല്ലാ പത്രങ്ങളും സ്വന്തമായി ചാനലുകള്‍തുടങ്ങുകയും അതാതു പത്രങ്ങളുടെ വായനക്കാരുടെ അഭിരുചികള്‍ക്കനുസരിച്ച് വിഭവങ്ങള്‍ പാകപ്പെടുത്തി സമയാസമയം വിളമ്പുകയും ചെയ്യുന്നു. ഇതിലെ സ്ഥിരം വെപ്പുകാരും വിളമ്പുകാരും വന്നിരുന്നു തട്ടിവിടുന്ന വിടുവായിത്തങ്ങളുടെ നെല്ലും പതിരും തിരിക്കാനുള്ള കാര്യമായ പരിശീലനം ഇപ്പോഴും മലയാളികള്‍ക്ക് ലഭിച്ചിട്ടില്ല. ഇതിന്റെ ഒക്കെ ഫലമാണ് വിമര്‍ശനവിധേയരായ കോടിശ്വരന്മാര്‍പോലും വീണ്ടും വീണ്ടും തിരഞ്ഞെടുപ്പുകളില്‍ ജയിച്ച് അധികാരസ്ഥാനങ്ങളില്‍ വരുന്നതും കോടികളുടെ മായാജാലം കാണിച്ചു സാമാന്യജനങ്ങളെ വിസ്മയിപ്പിക്കുന്നതും. നമ്മുടെ നാട്ടില്‍ ഒരു ടി വി ചാനല്‍ ലോഞ്ച് ചെയ്യണമെങ്കില്‍ ബ്രേക്കിംഗ് ന്യൂസായി നല്‍കാന്‍ ഒരു വാര്‍ത്ത സൃഷ്ടിക്കപ്പെടണമെന്നല്ലേ ചാനല്‍ തറവാട്ടിലെ ഇളംമുറ തമ്പുരാന്‍ മംഗളം ടി വി ഇപ്പോള്‍ തെളിയിച്ചിരിക്കുന്നത്. ഒരു മന്ത്രിയുടെ പണി തെറിപ്പിക്കുക മറ്റൊരു മന്ത്രിയെ ആ സ്ഥാനത്ത് അവരോധിക്കുക, ഒരു വെടിക്ക് രണ്ടു പക്ഷി. ഇതിനൊക്കെ ചാനലുകാരെ സഹായിക്കാന്‍ തയ്യാറായി കോടീശ്വരന്മാര്‍ ക്യൂ നില്‍ക്കുകയല്ലേ. മംഗളത്തെക്കൊണ്ട് ഈ സാഹസമൊക്കെ ചെയ്യിച്ചതിന് പിന്നിലും മന്ത്രിപദ മോഹിയായ ഒരു കോടീശ്വരന്‍ തന്നെ ആയിരുന്നു എന്നതില്‍ മറ്റാര്‍ക്ക് സംശയമുണ്ടെങ്കിലും അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് തെല്ലും സംശയമില്ല. എന്നിട്ടിപ്പോള്‍ ആക്ഷേപം മുഴുവന്‍ കായല്‍ നികത്തി വഴിവെട്ടിയതിന്റെ പേരിലാണ്. അല്ലാതെ അതിനായി ചെലവഴിച്ച കോടികളില്‍ ആരൊക്കെ പങ്കാളിയായി എന്നതിലല്ല.

 

 

Latest