‘പ്രവാചകനെ കുറിച്ചുള്ള ആ ഖുത്വുബ എനിക്കൊന്ന് മുഴുവനാക്കണം’

Posted on: November 28, 2017 6:56 am | Last updated: November 27, 2017 at 11:21 pm

കൈറോ: സലഫിസ്റ്റ് തീവ്രവാദി വിഭാഗമായ ഇസിലിന്റെ നേതൃത്വത്തില്‍ ഈജിപ്തിലെ സൂഫി പള്ളിയില്‍ നടന്ന ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓര്‍മകളുമായി യുവ ഇമാം. 300 ഓളം വിശ്വാസികള്‍ കൊല്ലപ്പെട്ട സിനായിയിലെ റൗദ പള്ളിയിലുണ്ടായ ആക്രമണത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട മുഹമ്മദ് അബ്ദുല്‍ ഫതാഹ് എന്ന 26കാരനായ ഇമാമിന് തനിക്ക് മുഴുവനാക്കാന്‍ സാധിക്കാത്ത പ്രവാചകന്‍ മുഹമ്മദ് നബി (സ്വ) യെ കുറിച്ചുള്ള ഖുത്വുബ (ജുമുഅ നിസ്‌കാരത്തോടനുബന്ധിച്ചുള്ള പ്രത്യേക പ്രസംഗം) തുടരണമെന്ന് വ്യക്തമാക്കി. തീവ്രവാദികളുടെ ആക്രമണത്തിന് ദൃക്‌സാക്ഷിയായ ഫതാഹിന് ലോകത്തെ നടുക്കിയ കൂട്ടക്കൊലപാതകത്തിന്റെ ഭീതി ഒഴിഞ്ഞിട്ടില്ല.

ഖുത്വുബക്കായി പള്ളിയിലെ മിമ്പറി (പീഠം) ലേക്ക് കയറി ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ താന്‍ സ്‌ഫോടന ശബ്ദം കേട്ടിരുന്നതായും പള്ളിക്കുള്ളിലേക്ക് പ്രവേശിച്ച തീവ്രവാദികള്‍ ആരാധനയിലായിരുന്നവര്‍ക്ക് നേരെ നിരന്തരമായി നിറയൊഴിച്ചതായും അബ്ദുല്‍ ഫതാഹ് ഓര്‍ത്തെടുത്തു. നൈല്‍ തീരദേശ നഗരമായ അല്‍ ഹുസൈനിയയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് അബ്ദുല്‍ ഫതാഹ്. പ്രവാചകന്‍ മുഹമ്മദ് നബി (സ്വ) യുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി പ്രവാചകന്റെ മാനവികതയെ കുറിച്ച് സംസാരിച്ച് തുടങ്ങിയപ്പോഴായിരുന്നു ആക്രമണം. മിമ്പറില്‍ നിന്ന് താഴേക്ക് വീണ ഇമാമിനെ പിന്നീട് രക്ഷപ്പെടുത്തുകയായിരുന്നു.

തീവ്രവാദികളുടെ വെടിയേറ്റ് പള്ളിയില്‍ മരിച്ചുവീണവരുടെ മൃതദേഹങ്ങള്‍ക്കിടയില്‍ കിടന്നാണ് അബ്ദുല്‍ ഫതാഹ് എന്ന യുവ പണ്ഡിതന്‍ അക്രമികളുടെ കണ്ണില്‍ നിന്ന് രക്ഷപ്പെട്ടത്. കഴിയുമെങ്കില്‍ അടുത്തയാഴ്ച തന്നെ പള്ളിയില്‍ പോയി ഖുത്വുബ മുഴുവനാക്കണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
അതിനിടെ, സൂഫി ചിന്തകളോടും പ്രവാചക പ്രകീര്‍ത്തനങ്ങളോടും കടുത്ത വിദ്വേഷം പുലര്‍ത്തുന്ന സലഫിസ്റ്റ് തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന വെളിപ്പെടുത്തലുമായി കൂടുതല്‍ തദ്ദേശിയര്‍ രംഗത്തെത്തി. ആക്രമണത്തിന് മുന്നോടിയായി ഇസില്‍ തീവ്രവാദികളുടെ കറുത്ത പതാകയുമായി ഒരു സംഘം നഗരത്തിലെത്തിയിരുന്നതായും ഇവരാണ് പിന്നീട് പള്ളിയിലേക്ക് പ്രവേശിച്ചതെന്നും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ഇസ്‌ലാമിന്റെ യഥാര്‍ഥ ആദര്‍ശം പിന്‍പറ്റുന്ന വിഭാഗത്തിനെതിരെ ക്രൂരമായ ആക്രമണങ്ങളാണ് ഈജിപ്തില്‍ ഇസിലും ബ്രദര്‍ഹുഡും നടത്തിപ്പോരുന്നത്.
അതിനിടെ, ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 305 ആയിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ 27 പേര്‍ കുട്ടികളാണ്.