നരേന്ദ്രമോദിയുടെ തൊലിയുരിയണം: ലാലുവിന്റെ മകന്‍ തേജ് പ്രതാപ്

Posted on: November 27, 2017 8:33 pm | Last updated: November 28, 2017 at 9:38 am
SHARE

പാറ്റ്‌ന: ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ ജെ ഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റെ സുരക്ഷ വെട്ടിക്കുറച്ചതിന് പിറകേ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ വാക്കുകളുമായി മകന്‍ തേജ് പ്രതാപ് യാദവ്. ഒരു പാട് യാത്ര ചെയ്യുന്നയാളാണ് തന്റെ പിതാവ് ലാലുവെന്നും അദ്ദേഹത്തിന്റെ സുരക്ഷ പിന്‍വലിച്ചതിനാല്‍ എന്തെങ്കിലും സംഭവമുണ്ടായാല്‍ മോദിയുടെ തൊലിയുരിക്കണമെന്നും പ്രതാപ് ഭീഷണി മുഴക്കി. നിതീഷുമായി ആര്‍ ജെ ഡി സഖ്യത്തിലായിരുന്നപ്പോള്‍ ആരോഗ്യ മന്ത്രിയായിരുന്നു തേജ് പ്രതാപ്.

ലാലു പ്രസാദ് യാദവിന്റെ സുരക്ഷ ഇസഡ് പ്ലസില്‍ നിന്ന് ഇസഡ് കാറ്റഗറിയിലേക്ക് താഴ്ത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. എന്‍ എസ് ജി സുരക്ഷ പിന്‍വലിക്കുകയും ചെയ്തു. തന്നെ ആരെങ്കിലും വധിക്കുകയാണെങ്കില്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനുമായിരിക്കും ഉത്തരവാദിത്വമെന്ന് ലാലു പ്രതികരിച്ചു. ആദ്യം മോദിയും നിതീഷും എന്നെയും കുടുംബത്തെയും കള്ളക്കേസില്‍ കുടുക്കി ശിക്ഷിക്കാന്‍ ശ്രമിച്ചു. ആ ശ്രമം പരാജയപ്പെട്ടപ്പോള്‍ എന്റെ സുരക്ഷാ സംവിധാനം വെട്ടിക്കുറക്കുന്നു. പ്രതിപക്ഷ നേതാക്കളെ ഇല്ലാതാക്കാനുള്ള ബി ജെ പിയുടെ വിശാല പദ്ധതിയുടെ ഭാഗമാണ് ഇത്- ലാലു പറഞ്ഞു. ഇത് കൊണ്ടൊന്നും നിതീഷ് കീഴടങ്ങിയ പോലെ താന്‍ രാഷ്ട്രീയമായി നിശ്ശബ്ദമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ തേജ് പ്രതാപിന്റെ പരാമര്‍ശത്തിനെതിരെ ബി ജെ പി രംഗത്തെത്തി. ഒന്നുകില്‍ ഭീഷണി മുഴക്കിയ തേജ് പ്രതാപിനെതിരെ കേസെടുക്കണം. അല്ലെങ്കില്‍ അദ്ദേഹത്തെ മാനസികാരോഗ്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് കേന്ദ്ര മന്ത്രി അശ്വനി ചൗബേ പറഞ്ഞു.