Connect with us

Palakkad

സംയോജിത സാമ്പത്തിക കരാര്‍: സംസ്ഥാനത്തിന്റെ ആശങ്ക കേന്ദ്രത്തെ അറിയിക്കും - മന്ത്രി കെ രാജു

Published

|

Last Updated

പാലക്കാട്: പാല്‍ വിപണിയെ ദോഷകരമായി ബാധിക്കുന്ന സംയോജിത സാമ്പത്തിക കരാര്‍ (ആര്‍ സി ഇ പി ) നടപ്പാക്കാനുള്ള കേന്ദ്ര തീരുമാനത്തില്‍ സംസ്ഥാനത്തിന്റെ ആശങ്ക അറിയിക്കുമെന്ന് വനം-മൃഗസംരക്ഷണം-ക്ഷീരവികസന വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു. മൂലത്തറ ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ സ്ഥാപിച്ച തീറ്റപ്പൂല്‍ നിര്‍മാണത്തിനുള്ള ഹൈഡ്രോപോണിക്‌സ് മെഷീന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാലുത്പാദനത്തില്‍ മികച്ച പങ്ക് വഹിക്കുന്ന സംസ്ഥാനങ്ങളെ കരാര്‍ ദോഷകരമായി ബാധിക്കും. ഇത്തരം സംസ്ഥാനങ്ങളിലെ ക്ഷീര സംരക്ഷണ വകുപ്പുകളുടെ യോഗം ചേരാന്‍ മുന്‍കൈയെടുക്കും. സംസ്ഥാനത്ത് പാലുത്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന ജില്ലയെന്ന നിലയില്‍ പാലക്കാടിന് മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ചിറ്റൂര്‍ ബ്ലോക്കിനെ ഡയറി സോണിലുള്‍പ്പെടുത്തും. പാല്‍ വില്‍പനയില്‍ ലാഭമുണ്ടാക്കുന്ന സംഘങ്ങളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ക്ഷീരകര്‍ഷകര്‍ക്ക് ലാഭവിഹിതം നല്‍കുന്നതിനുള്ള പദ്ധതി പരിഗണനയിലാണ്. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ തീറ്റപ്പുല്‍ ഉണ്ടാക്കാനുള്ള ഹൈഡ്രോപോണിക്‌സ് മെഷീന്‍ വിജയകരമായാല്‍ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. മൂലത്തറ ക്ഷീരോത്പാദക സഹകരണ സംഘം ജനറല്‍ ഫണ്ടില്‍ നിന്നും 25 ലക്ഷം വിനിയോഗിച്ചാണ് ഓര്‍ഗാനിക് ഹൈഡ്രോപോണിക്‌സ് സിസ്റ്റം സംഘത്തില്‍ സ്ഥാപിച്ചത്. ഗുണമേന്മയുള്ള കാലിത്തീറ്റ (പരുഷാഹാരം) കര്‍ഷകര്‍ക്ക് ലഥ്യമാക്കുക ലക്ഷ്യമിട്ട് സ്ഥാപിച്ച മെഷീന്‍ പ്രതിദിനം ഒരു ടണ്‍ തീറ്റപ്പുല്‍ ഉത്പാദനശേഷിയുള്ളതാണ്. മണ്ണില്ലാതെയും വെള്ളത്തിന്റെ അളവ് പരമാവധി കുറച്ചും പുല്ല് ഉത്പാദിപ്പിക്കുന്ന ഈ സാങ്കേതിക വിദ്യയിലൂടെ സ്ഥലലഥ്യത കുറവും ജലദൗര്‍ലഭ്യവും പരിഹരിക്കും. പാല്‍ ഉത്പാദനത്തിന്റെ ചെലവ് കുറയ്ക്കാനും കറവ പശുക്കളുടെ ഉത്പാദന ക്ഷമത 20 ശതമാനത്തില്‍ അധികം കൈവരിക്കാനും സംവിധാനത്തിലൂടെ കഴിയും.മൂലത്തറ ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ നടന്ന പരിപാടിയില്‍ കെ.കൃഷ്ണന്‍കുട്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു. മില്‍മ ചെയര്‍മാന്‍ പി.ടി.ഗോപാലക്കുറുപ്പ് ആദ്യ വില്പന നടത്തി. ക്ഷീരസംഘം പ്രസിഡന്റ് ഇ.സച്ചിദാനന്ദ ഗോപാലകൃഷ്ണന്‍ , മലബാര്‍ മേഖലാ ക്ഷീരോത്പാദക സഹകരണ യൂനിയന്‍ ചെയര്‍മാന്‍ കെ എം സുരേന്ദ്രന്‍ നായര്‍ , പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാരിമുത്തു തുടങ്ങിയവര്‍ പങ്കെടുത്തു.

കഴിഞ്ഞ 35 വര്‍ഷവും സംഘത്തില്‍ പാല്‍ അളന്ന കര്‍ഷകരെ ആദരിച്ചു. തുടര്‍ന്ന് നടന്ന സെമിനാറില്‍ ‘ഹൈഡ്രോപോണിക് കാലിത്തീറ്റയും അത്യുല്‍പാദന ശേഷിയുള്ള കറവപശുക്കളും’ വിഷയത്തില്‍ ക്ഷീരവികസന വകുപ്പ് റിട്ട ഡെപ്യൂട്ടി ഡയറക്ടര്‍ പി മോഹന്‍ ക്ലാസെടുത്തു.

 

 

 

Latest