Connect with us

Kasargod

പോലീസ് കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ക്ക് അജ്ഞാതസംഘം തീയിട്ടു

Published

|

Last Updated

കാസര്‍കോട്: വിവിധ കേസുകളുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത് കൂട്ടിയിട്ട വാഹനങ്ങള്‍ക്ക് അജ്ഞാതസംഘം തീയിട്ടു. ഇതേ തുടര്‍ന്ന് നാല് വാഹനങ്ങള്‍ പൂര്‍ണമായും മറ്റുവാഹനങ്ങള്‍ ഭാഗികമായും കത്തിനശിച്ചു.

ചട്ടഞ്ചാല്‍ ടൗണിനടുത്ത് വാഹനങ്ങള്‍ കൂട്ടിയിട്ട ഭാഗത്തെ കുറ്റിക്കാടിനാണ് കഴിഞ്ഞ ദിവസം തീയിട്ടത്. തീ വാഹനങ്ങളിലേക്ക് ആളിപ്പടരുകയും നാല് വാഹനങ്ങള്‍ പൂര്‍ണമായും കത്തിനശിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് കാസര്‍കോട്ട് നിന്നും അഗ്‌നിശമനസേനയെത്തി തീയണച്ചതിനാല്‍ കൂടുതല്‍ വാഹനങ്ങള്‍ കത്തിയില്ല.
ഇതിനിടെ വിദ്യാനഗര്‍ എസ് ഐ. കെ പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ്‌സംഘവും സ്ഥലത്തെത്തി. സമീപത്തുനിന്നും പാതി കത്തിയ ചൂട്ടും തീപ്പെട്ടിയും കണ്ടെത്തിയതോടെ ആസൂത്രിതമായ തീവെപ്പാണെന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു.

വിവിധ കേസുകളുമായി ബന്ധപ്പെട്ട് വിദ്യാനഗര്‍ പോലീസും ബേക്കല്‍ പോലീസും കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങള്‍ സൂക്ഷിക്കുന്നത് ചട്ടഞ്ചാല്‍ ടൗണിനോട് ചേര്‍ന്നുള്ള ആളൊഴിഞ്ഞ പറമ്പിലാണ്. കാറുകള്‍, ഓട്ടോറിക്ഷകള്‍, വാനുകള്‍, ഇരുചക്രവാഹനങ്ങള്‍ തുടങ്ങിയ വാഹനങ്ങളാണ് ഈ ഭാഗത്ത് കൂട്ടിയിട്ടിരിക്കുന്നത്. ഇതില്‍ പല വാഹനങ്ങളും തുരുമ്പെടുത്ത് നാശത്തിന്റെ വക്കിലാണ്. ഈ വാഹനങ്ങള്‍ ഇവിടെനിന്നും മാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുകയും ഒപ്പു ശേഖരണം നടത്തുകയും ചെയ്തിരുന്നു.

രണ്ടു വര്‍ഷംമുമ്പ് ഇതേ സ്ഥലത്ത് തീപിടുത്തമുണ്ടാവുകയും 25 ഓളം വാഹനങ്ങള്‍ ഭാഗികമായി കത്തിനശിക്കുകയും ചെയ്തിരുന്നു. അന്നും തീവെപ്പാണെന്ന് സംശയമുയര്‍ന്നെങ്കിലും പ്രതികളെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. പുതിയ സംഭവവുമായി ബന്ധപ്പെട്ട് ഏതാനും സാമൂഹ്യദ്രോഹികള്‍ക്കെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു. പ്രതികളെ പിടികൂടുന്നതിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Latest