Connect with us

Gulf

ഖത്വറിലെ ഹരിത പദ്ധതികള്‍ അര ലക്ഷം കോടി റിയാലിന്റെത്

Published

|

Last Updated

സസ്റ്റൈനബിലിറ്റി സമ്മിറ്റില്‍ ഡോ. യൂസുഫ് അല്‍ ഹോര്‍ ആമുഖ പ്രഭാഷണം നടത്തുന്നു

ദോഹ: ആഗോള നിലവാരം അനുസരിച്ച് ഖത്വറില്‍ നടപ്പിലാക്കുന്ന പരിസ്ഥിതി സൗഹൃദ ഹരിത പദ്ധതികള്‍ അര ലക്ഷം കോടി റിയാലിന്റേത്. ഗ്ലോബല്‍ സസ്റ്റൈനബിലിറ്റി അസസ്‌മെന്റ് സിസ്റ്റം അനുസരിച്ച് ഖത്വറില്‍ രജിസ്റ്റര്‍ ചെയ്ത് ഹരിത പദ്ധതികളുടെ കണക്കാണിതെന്ന് ഗള്‍ഫ് ഓര്‍ഗനൈസേഷന്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് (ഗോര്‍ഡ്) സ്ഥാപക ചെയര്‍മാന്‍ ഡോ. യൂസുഫ് അല്‍ ഹോര്‍ വ്യക്തമാക്കി. സസ്റ്റൈനബിലിറ്റി സമ്മിറ്റില്‍ ആമുഖ പ്രഭാഷണം നടത്തുയായിരുന്നു അദ്ദേഹം.

2022ല്‍ ഖത്വറില്‍ നടക്കുന്ന ലോകകപ്പിനു വേണ്ടി നിര്‍മിക്കുന്ന സ്റ്റേഡിയങ്ങള്‍, രാജ്യത്തെ എല്ലാ റയില്‍വേസ്റ്റേഷനുകളും, സ്‌കൂളുകള്‍, ഹെല്‍ത്ത് സെന്ററുകള്‍, മസ്ജിദുകള്‍, ഭരണ സ്ഥാപനങ്ങള്‍, ഹമദ് ഇന്റര്‍നാഷനല്‍ തുറമുഖം, ലുസൈല്‍ സിറ്റി പദ്ധതികള്‍, ഇകണോമിക് സോണ്‍ പദ്ധതികള്‍ എന്നിവയെല്ലാം ഗ്രീന്‍ പദ്ധതി പ്രകാരം രജിസ്റ്റര്‍ ചെയ്താണ് നിര്‍മിക്കുന്നത്. പാരിസ്ഥിതിക സുസ്ഥിരതയും നഗരവികസന ആവശ്യങ്ങളും സംയോജിപ്പിച്ചു കൊണ്ടുള്ള ആശയവും പദ്ധതികളും നടപ്പിലാക്കുന്നതിന് വിദഗ്ധ രീതിയാണ് സ്വീകരിച്ചു വരുന്നത്.

രാജ്യത്തെ മുന്‍നിര സ്ഥാപനങ്ങളെല്ലാം സുസ്ഥിര വികസന ആശയത്തോടുള്ള തങ്ങളുടെ പ്രതിബദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഗ്ലോബല്‍ സിസ്റ്റം അനുസരിച്ചുള്ള സുസ്ഥിരതാ പ്രവര്‍ത്തനങ്ങള്‍ അതിവേഗം സ്വീകരിക്കാന്‍ ഈ സ്ഥാപനങ്ങള്‍ തയാറായി. പുതിയ കെട്ടിടങ്ങളില്‍ ചുരുങ്ങഇയത് 30 ശതമാനം വെള്ളത്തിന്റെയും വൈദ്യുതിയുടെയും ഉപയോഗം ലാഭിക്കണമെന്നതാണ് ഗ്ലോബല്‍ സിസ്റ്റത്തിന്റെ പ്രധാന നിര്‍ദേശം. കാര്‍ബണ്‍ വികിരണം കുറക്കുക എന്നതാണ് സുസ്ഥിര വികസന നയത്തിന്റെ പ്രധാന ലക്ഷ്യം.
കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിനായി പാരീസ് കണ്‍വെന്‍ഷന്‍ അംഗീകരിച്ച നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്ന വേളയിലാണ് ദോഹയില്‍ സുസ്ഥിരതാ ഉച്ചകോടി നടക്കുന്നത്. കാര്‍ബണ്‍ പുറന്തള്ളുന്നത് കുറക്കുന്നതിനായി ലോകരാജ്യങ്ങള്‍ ഐക്യപ്പെടുകയാണ്. താപനില കുറക്കുന്നതിനാണ് ശ്രമം. ആഗോളതലത്തില്‍ തന്നെ കാലാവസ്ഥാസ്ഥിരത കൈവരിക്കാന്‍ യോജിച്ചുള്ള നീക്കങ്ങളിലൂടെ സാധിക്കും. ഭാവി തലമുറക്കായി സമൃദ്ധിയുടെ വീണ്ടെടുപ്പുകൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങള്‍ ഗോര്‍ഡ് മനസ്സിലാക്കുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഭൂചലനം, വെള്ളപ്പൊക്കം, പൊടിക്കാറ്റ്, മരൂഭൂമിവത്കരണം തുടങ്ങിയ പ്രശ്‌നങ്ങളാണ് ആഗോളാടിസ്ഥാനത്തില്‍ നേരിട്ടുകൊണ്ടിരിക്കുന്ന പാരിസ്ഥിതിക ആഘാതങ്ങള്‍.

ഈ ഘട്ടത്തില്‍ സമൂഹത്തിനും രാഷ്ട്രത്തിനും ലോകത്തിനും വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് എല്ലാവര്‍ക്കും ചെയ്യാനുള്ളത്. ലോകത്തെ വിവിധ ഏജന്‍സികള്‍ ഈ രംഗത്ത് കൂടുതല്‍ സംഭാവനകള്‍ അര്‍പ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.