അല്‍ ഖോര്‍ അക്കാദമിയില്‍ വിനോദ സൗകര്യങ്ങള്‍ ആരംഭിച്ചു

Posted on: November 27, 2017 8:15 pm | Last updated: November 27, 2017 at 8:15 pm
SHARE
അല്‍ ഖോര്‍ ഖത്വര്‍ അക്കാദമിയില്‍ നടന്ന കായിക, വിനോദ സൗകര്യങ്ങളുടെ ഉദ്ഘാടനം

ദോഹ: ഖത്വര്‍ ഫൗണ്ടേഷന്റെ ഭാഗമായ അല്‍ ഖോറിലെ പ്രീ യൂനിവേഴ്‌സിറ്റി വിദ്യാഭ്യാസ സ്ഥാപനമായ ഖത്വര്‍ അക്കാദമിയില്‍ സന്ദര്‍ശകര്‍ക്കായി കായിക, വിനോദ സൗകര്യങ്ങള്‍ തുറന്നു. നൂതനവും അത്യാധുനികവുമായ സംവിധാനങ്ങളാണ് സജ്ജമാക്കിയതെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ഔപചാരിക ഉദ്ഘാടനച്ചടങ്ങില്‍ ഖത്വര്‍ ഫൗണ്ടേഷന്‍ പ്രതിനിധികളായ കമ്യൂണിറ്റി ഡവലപ്‌മെന്റ് പ്രസിഡന്റ് മിഖാഈലി അല്‍ നഈമി, പ്രീ യൂനിവേഴ്‌സിറ്റി എജുക്കേഷന്‍ വിഭാഗം പ്രസിഡന്റ് ബുതൈന അല്‍ നുഐമി, ഹെല്‍ത്ത്, സേഫ്റ്റി, സെക്യൂരിറ്റി, പരിസ്ഥിതി വിഭാഗം പ്രതിനിധി നാസര്‍ അല്‍ മുഹന്നദി എന്നിവര്‍ പങ്കെടുത്തു.

സമൂഹത്തെ കായിക, വിനോദ പ്രവര്‍ത്തനങ്ങളിലേക്ക് പ്രോത്സാഹിപ്പിക്കുക എന്ന ഖത്വര്‍ ഫൗണ്ടേഷന്റെ പ്രഖ്യാപിത നയം അടിസ്ഥാനപ്പെടുത്തിയാണ് അല്‍ ഖോര്‍ ഖത്വര്‍ അക്കാദമിയില്‍ പുതിയ സൗകര്യങ്ങള്‍ ആരംഭിക്കുന്നതെന്ന് നാസര്‍ മുഹന്നദി പറഞ്ഞു. ജനങ്ങളില്‍ ഊര്‍ജസ്വലതയും ആരോഗ്യകരമായ ജീവിത രീതിയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഫൗണ്ടേഷന്‍ ലക്ഷ്യം വെക്കുന്നത്. അക്കാദമിയില്‍ സജ്ജമാക്കിയ വിവിധ സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് ഉപയോഗിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടനത്തോടനുബന്ധിച്ച് മുഖ്യാതിഥികള്‍ക്കൊപ്പം വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ ചേര്‍ന്ന് വിവിധ വിനോദ, കായിക പരിപാടികള്‍ നടത്തി. ക്യു സ്‌പോര്‍ട്‌സ് ഓപണ്‍ ഹൗസിന്റെ ഭാഗമായുള്ള പരിപാടികള്‍ അക്കാദമി കെട്ടിടത്തിലാണ് നടന്നത്. ബാസ്‌കറ്റ് ബോള്‍, ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍, ജിംനാസ്റ്റിക്, കരാട്ടേ, തൈക്കോന്‍ഡോ ക്ലാസുകള്‍ എന്നിവയുമുണ്ടായി. മത്സരങ്ങള്‍ സൗഹൃദപരമായിരുന്നു.

25 മീറ്റര്‍ സ്വിമ്മിംഗ് പൂള്‍, ട്രെയിനിംഗ് പൂള്‍, ബാസ്‌ക്കറ്റ്‌ബോള്‍, വോളിബോള്‍, ബാഡ്മിന്റണ്‍ എന്നിവക്കായുള്ള രണ്ട് മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ കോര്‍ട്ടുകള്‍, റണ്ണിംഗ് ട്രാക്ക്, ഔട്ട് ഡോര്‍ ഫുട്‌ബോള്‍ പിച്ചുകള്‍, ബാസ്‌ക്കറ്റ് ബോള്‍-വോളിബോള്‍ കോര്‍ട്ടുകള്‍ എന്നിവയാണ് തയാറാക്കിയിരിക്കുന്നത്. കായിക സൗകര്യങ്ങള്‍ക്കൊപ്പം പൊതുജനങ്ങള്‍ക്കായി ആരോഗ്യശീല ബോധവത്കരണവും പരിശീലനവും നല്‍കുന്നതിനും സൗകര്യമൊരുക്കുന്നുണ്ട്. പ്രാദേശിക ഗ്രൂപ്പുകള്‍ക്ക് അക്കാദമിയിലെ സൗകര്യം വാടകക്കും അനുവദിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.