Connect with us

Gulf

സുസമ്മതനായ അല്‍ അമീന്‍

Published

|

Last Updated

വിശ്വാസ്യതയെന്നത് ഏതൊരു നേതാവിന്റെയും മുഖമുദ്രയായിരിക്കേണ്ട വിശിഷ്ട സ്വഭാവമാണ്. സമൂഹം വിശ്വസിച്ചേല്‍പ്പിക്കുന്ന ഉത്തരവാദിത്വങ്ങള്‍ ആത്മാര്‍ഥതയോടെ പൂര്‍ത്തീകരിക്കുന്നതില്‍ ശുഷ്‌കാന്തി കാണിക്കേണ്ടവരാണ് നേതാക്കള്‍. നിലവിലെ സാമൂഹിക പശ്ചാത്തലത്തില്‍ അന്യം നിന്നുകൊണ്ടിരിക്കുന്ന സ്വഭാവവും ഇതുതന്നെയാണ്. പക്ഷേ മുഹമ്മദ് നബി (സ) അവിടുത്തെ പേരിനെ അന്വര്‍ഥമാക്കുന്ന രൂപത്തില്‍ ഈ വിഷയത്തിലും സര്‍വരാലും പ്രശംസിക്കപ്പെട്ടിരുന്നു. പ്രവാചകത്വ ലബ്ധിക്ക് മുമ്പ് തന്നെ “അല്‍ അമീന്‍” എന്ന അപരനാമത്തിലാണ് അവിടുന്ന് അറിയപ്പെട്ടത്. പ്രശ്‌ന പരിഹാര ചര്‍ച്ചകളിലടക്കം നബി (സ) തങ്ങളുടെ തീരുമാനങ്ങള്‍ സര്‍വ സമ്മതമായി അംഗീകരിക്കപ്പെടുമായിരുന്നു. കഅ്ബ പുനര്‍ നിര്‍മാണ ശേഷം ഹജറുല്‍ അസ്‌വദ് പുനഃസ്ഥാപിക്കുന്ന വിഷയത്തില്‍ അറബി ഗോത്രങ്ങള്‍ക്കിടയില്‍ ഉടലെടുത്ത യുദ്ധ സമാനമായ ഭിന്നത പരിഹാരിക്കുന്നതിന് നബി (സ) മധ്യസ്ഥനാക്കുകയും അവിടുത്തെ തീരുമാനം സര്‍വരും അംഗീകരിക്കുകയുമായിരുന്നു.

ഒരു തുണി വരുത്തി അതില്‍ ഹജറുല്‍ അസ്‌വദ് നബി (സ) തന്നെ എടുത്ത് വെച്ച് ഓരോ ഗോത്ര പ്രതിനിധിയെ കൊണ്ടും ആ തുണിയുടെ പാര്‍ശ്വങ്ങളില്‍ പിടിപ്പിച്ച് എല്ലാവരും ഒന്നിച്ചുയര്‍ത്തി എടുത്ത് അവസാനം മുത്ത് നബി (സ) പുണ്യകരം കൊണ്ട് യഥാസ്ഥാനത്ത് സ്ഥാപിക്കുന്നത് വരെയുള്ള ബുദ്ധിപൂര്‍വമായ തീരുമാനം ആര്‍ക്കും ഒരു പരാതിക്കും ഇട നല്‍കിയില്ല.

തങ്ങളുടെ വിലപിടിപ്പുള്ള സ്വത്തുക്കള്‍ സൂക്ഷിക്കുന്നതിന് വേണ്ടി ആദ്യ കാലങ്ങളില്‍ തന്നെ ഖുറൈശികള്‍ നബി (സ)യെ ഏല്‍പ്പിക്കുക പതിവായിരുന്നു. നബി (സ) ഇസ്‌ലാമിക പ്രബോധനം തുടങ്ങിയതിന് ശേഷവും ഈ സ്വഭാവം അവര്‍ തുടര്‍ന്നു. അതുകൊണ്ട് തന്നെ അവിടുന്ന് മദീനയിലേക്ക് പലായനം ചെയ്യുമ്പോഴും തന്നെ വിശ്വസിച്ചേല്‍പ്പിച്ച സ്വത്തുകള്‍ ഉടമസ്ഥര്‍ക്ക് തിരിച്ചേല്‍പ്പിക്കുന്നതിന് വേണ്ടി അലി (റ)നെ ചുമതലപ്പെടുത്തിയാണ് യാത്ര തിരിച്ചത്. പലായനം ആരംഭിച്ച ശേഷം മൂന്ന് ദിനരാത്രങ്ങള്‍ നബി (സ) മക്കയില്‍ തങ്ങി. അവയൊക്കെ തിരിച്ച് നല്‍കിയതിന് ശേഷമാണ് അലി (റ) ഹിജ്‌റ പുറപ്പെട്ടതെന്ന് ചരിത്രത്തില്‍ വായിക്കാനാവും.

തന്റെ അടുത്ത അനുയായികളേക്കാളും നബി (സ) തങ്ങളുടെ ഈ വിശിഷ്ട ഗുണത്തെ പ്രകീര്‍ത്തിക്കുകയും അംഗീകരിക്കുകയും ചെയ്തത് ശത്രുക്കള്‍ തന്നെയായിരുന്നു. അതുകൊണ്ട് തന്നെയാണ് ഹെര്‍ക്കുലിസ് ചക്രവര്‍ത്തിയുടെ ചോദ്യത്തിന് മുന്നിലും വാചാലമായി നബി (സ)യുടെ ഈ വിശിഷ്ട സ്വഭാവത്തെ അബൂ സുഫ്‌യാന് വിളിച്ചു പറയേണ്ടി വന്നത്.

---- facebook comment plugin here -----

Latest