Connect with us

Gulf

നാലര പതിറ്റാണ്ട് പ്രവാസം മതിയാക്കി മുഹമ്മദ് അശ്‌റഫ് മടങ്ങുന്നു

Published

|

Last Updated

ദുബൈ: ദുബൈയിലെ 45 വര്‍ഷത്തെ പ്രവാസ ജീവിതം പൂര്‍ത്തിയാക്കി നാട്ടിലേക്ക് തിരിക്കുകയാണ് കൊടുങ്ങല്ലൂര്‍ സ്വദേശി മുഹമ്മദ് അശ്‌റഫ്. യു എ ഇയുടെ വിശിഷ്യാ ദുബൈയുടെ വികസനങ്ങള്‍ക്കും പുരോഗതിക്കും നേര്‍സാക്ഷിയാണദ്ദേഹം. 1972 ഫെബ്രുവരി 10ന് അമ്മാവന്‍ മുഖേനയാണ് ദുബൈയിലെത്തുന്നത്. ആറ് മാസക്കാലം അമ്മാവന്റെ കൂടെ ഭക്ഷണ പാചകത്തില്‍ സഹായിച്ചു. തുടര്‍ന്ന് പെട്രോള്‍ പമ്പില്‍ ഫില്ലറായി ഒരു വര്‍ഷം. പിന്നീട് ഫാര്‍മസി മേഖലയിലേക്ക് തിരിഞ്ഞു. അന്ന് ഫാര്‍മസിസ്റ്റ് വേണമെന്ന നിയമമില്ലായിരുന്നു. പാക്കിസ്ഥാനിയുടെ ഫാര്‍മസിയിലായിരുന്നു തുടക്കം. ജോലിയിലെ കണിശതയും മാനേജിംഗ് പാടവവും കണ്ട് അദ്ദേഹത്തിന്റെ സുഹൃത്ത് ഗോള്‍ഡ് സൂഖിലെ പുതിയ സംരംഭത്തിന്റെ ഇന്‍ ചാര്‍ജ് ആക്കി. പിന്നീട് 25 വര്‍ഷം അവിടെയും ശേഷം ഇതേ കമ്പനി കഫീലിന്റെ സഹോദരന്‍ ഏറ്റെടുത്തപ്പോള്‍ 17 വര്‍ഷം സഹോദര സ്ഥാപനത്തിലുമായാണ് ഔദ്യോഗിക ജീവിതം.

ഒറ്റവരിപ്പാതയും വെളിച്ചമില്ലാത്ത പാതകളും ചതുപ്പ് നിലങ്ങളുമായിരുന്ന ഭൂമിയും ഷാര്‍ജയിലെ ഷീബാ ഹോട്ടലും മായാത്ത ചിത്രങ്ങള്‍.
അന്നത്തെ പ്രധാന മലയാളി സംഗമവേദിയായിരുന്നു ദേരയിലെ കാദര്‍ ഹോട്ടല്‍. പുതുതായി വരുന്നവരും സ്ഥിരമുള്ളവര്‍ കൂടുതലും കണ്ടുമുട്ടുന്നത് അവിടെ വെച്ചായിരിക്കും. ദേര സര്‍ഊനി മസ്ജിദില്‍ നടന്നിരുന്ന ആത്മീയ വൈജ്ഞാനിക സദസുകളും മലയാളികളുടെ സംഗമവേദികളായിരുന്നു.

യു എ ഇയെകുറിച്ചുള്ളത് നിറമുള്ള ഓര്‍മകളാണ്. പാവങ്ങള്‍ക്ക്‌വേണ്ടി എന്നും നിലകൊണ്ടവരാണ് ഇവിടുത്തെ ഭരണാധികാരികള്‍. ഗവണ്‍മെന്റ് ആശുപത്രികള്‍ പൂര്‍ണമായും സൗജന്യ സേവനം. വേതനം കുറഞ്ഞവര്‍ക്ക് കുടുംബസമേതം താമസിക്കാന്‍ വേണ്ടി ഖിസൈസ് ശൈഖ് കോളനി, സത്‌വ, അല്‍ശാബ് തുടങ്ങിയ സ്ഥലങ്ങളില്‍ തുടങ്ങിയ താമസ സ്ഥങ്ങള്‍. പൊതുമാപ്പുകളും പാസ്‌പോര്‍ട്ട് ഇല്ലാതെ ഇവിടെയെത്തിയവര്‍ക്ക് പാസ്‌പോര്‍ട്ട് കിട്ടിയതും ശൈഖ് സായിദടക്കമുള്ള ഭരണാധികാരികളുടെ സ്‌നേഹ ലോകത്തിന്റെ ഉദാഹരണങ്ങള്‍ മാത്രം.
ദുബൈയില്‍ നിന്ന് ഷാര്‍ജയിലേക്ക് ഒരു ദിര്‍ഹം കൊണ്ട് എത്താമായിരുന്നതും ആദ്യമായി ബസ് സൗകര്യം വന്നതും (സ്വരണ്‍സിങ് അനുവദിച്ച ബസുകളാണ് ആദ്യമായി ദേരയിലൂടെ ഓടിത്തുടങ്ങിയത്), ഇന്ദിരാഗാന്ധിയുടെ സന്ദര്‍ശനം, എലിസബത്ത് രാജ്ഞി, ശൈഖ് മുഹമ്മദിന്റെ വിവാഹ പരിപാടിയില്‍ സബീല്‍ പാര്‍കില്‍ പങ്കെടുത്തതും അഹ്മദ് ദീദാത്തിനെ നേരില്‍ കണ്ടതും… പട്ടിക നീളുന്നു.
സംതൃപ്തമായ ജീവിതവും മക്കള്‍ക്ക് ഉന്നത വിദ്യഭ്യാസം കൊടുക്കാന്‍ സാധിച്ചതും പ്രവാസ ജീവിതം കൊണ്ടുണ്ടായ നേട്ടമായി കാണുന്നു. നാട്ടില്‍ സംരംഭം തുടങ്ങാനാണ് ആഗ്രഹം. ഭാര്യ: അമീന. മക്കള്‍: അല്‍ഫിയ (കോളജ് അധ്യാപിക), ആലിയ (സിവില്‍ എന്‍ജിനിയര്‍), ആഇശ(മെഡിക്കല്‍ സ്റ്റുഡന്റ്).

 

Latest