Connect with us

Gulf

കണ്ടുകെട്ടുന്ന വാഹനങ്ങള്‍ ഉടമകളുടെ വീടുകളില്‍ സൂക്ഷിക്കാന്‍ നവീന സംവിധാനം

Published

|

Last Updated

ഷാര്‍ജ പോലീസ് മീഡിയ ആന്‍ഡ് അവയര്‍നെസ് ഡയറക്ടര്‍ മേജര്‍ അബ്ദുര്‍റഹ്മാന്‍ ഖാളിര്‍ വിവിധ ഗതാഗത സേവനങ്ങള്‍ വിശദീകരിക്കുന്നു

ഷാര്‍ജ: വിവിധ ഗതാഗത കുറ്റകൃത്യങ്ങളില്‍ ഈ മാസം കണ്ടുകെട്ടിയ 155 വാഹനങ്ങള്‍ ഉടമകളുടെ ഭവനങ്ങളില്‍ തന്നെ സൂക്ഷിക്കുന്നതിന് ഷാര്‍ജ പോലീസ് ട്രാഫിക് വിഭാഗം സംവിധാനങ്ങള്‍ ഏര്‍പെടുത്തിയെന്ന് അധികൃതര്‍. ഇത്തരത്തില്‍ സൂക്ഷിക്കുന്ന വാഹനങ്ങള്‍ക്ക് ജി പി എസ് ട്രാക്കര്‍ സംവിധാനം ഏര്‍പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ഷാര്‍ജ പോലീസ് ഗതാഗത വിഭാഗം വിവിധ സേവനങ്ങളെ കുറിച്ച് ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായി വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത മീഡിയ ടൂറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗതാഗത നിയമ ലംഘനങ്ങള്‍ നടത്തിയ വാഹന ഉടമകളോ ഡ്രൈവര്‍മാരോ ലംഘനങ്ങളുടെ മേല്‍ ഏര്‍പെടുത്തിയ പിഴകള്‍ മാത്രം ഒടുക്കിയാല്‍ മതി. ജി പി എസ് ട്രാക്കര്‍ സംവിധാനത്തിന് പണമൊടുക്കേണ്ടതില്ലെന്ന് ഷാര്‍ജ പോലീസ് മീഡിയ ആന്‍ഡ് അവൈര്‍നെസ് വിഭാഗം ഡയറക്ടര്‍ മേജര്‍ അബ്ദുര്‍റഹ്മാന്‍ ഖാളിര്‍ പറഞ്ഞു.

വിവിധ കുറ്റകൃത്യങ്ങള്‍ പിടിക്കപ്പെടുന്ന വാഹനങ്ങള്‍ പോലീസ് ആസ്ഥാനത്തേക്ക് കൊണ്ടുവരാതെ അവരുടെ ഭവനങ്ങളില്‍ തന്നെ ശിക്ഷാ കാലാവധി കഴിയുന്ന വരെ സൂക്ഷിക്കുന്നതിനാണ് ഇത്തരമൊരു സംവിധാനം ഒരുക്കിയത്. ഉടമകളുടെ ഭവനങ്ങളുടെ 50 മീറ്റര്‍ ചുറ്റളവില്‍ വാഹനം മാറ്റിയിടുന്നതിനും വാഹനം വൃത്തിയാക്കുന്നതിനും സൂക്ഷിക്കുന്ന ഇടങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തുന്നതിനോ വിലക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അനുവദിച്ച ദൂരപരിധിയില്‍ നിന്ന് കൂടുതലായി വാഹനം ഓടിച്ചുകൊണ്ട് പോകുകയാണെങ്കില്‍ വാഹനത്തില്‍ സ്ഥാപിച്ചിട്ടുള്ള ജി പി എസ് സംവിധാനം പോലീസ് ആസ്ഥാനത്തേക്ക് വിവരം അറിയിക്കും. ഇത്തരത്തില്‍ ഓടിച്ചുകൊണ്ട് പോകുന്ന വാഹനങ്ങളെ വീണ്ടും പിടിക്കപ്പെട്ടാല്‍ കണ്ടുകെട്ടുന്ന കാലാവധി ഇരട്ടിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കണ്ടുകെട്ടിയ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ അഴിച്ചുമാറ്റുകയും വാഹനത്തിന്റെ വിശദാംശങ്ങള്‍ യു എ ഇയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും അയക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗതാഗത വിഭാഗത്തിന്റെ ആസ്ഥാനത്തു വാഹനങ്ങള്‍ പാര്‍ക് ചെയ്യുന്നതിന് മതിയായ സൗകര്യം ലഭ്യമാകാത്തതിനാലാണ് ഇത്തരമൊരു സംവിധാനം ഏര്‍പെടുത്തിയത്. വാഹനങ്ങളെ പോലീസ് ആസ്ഥാനത്തു എത്തിക്കാതെതന്നെ സ്വന്തം ഭവനങ്ങളില്‍ വാഹനത്തിന്റെ കേടുപാടുകള്‍ പരിശോധിച്ച് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും സൗകര്യമുണ്ടെന്ന് ഷാര്‍ജ പോലീസ് ട്രാഫിക്ക് വിഭാഗം ഫസ്റ്റ് ലഫ് സഊദ് അല്‍ ശൈബ പറഞ്ഞു. ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ സേവനങ്ങള്‍ ഒരുക്കി ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇത്തരം സൗകര്യങ്ങള്‍ ഒരുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ തിരിച്ചറിയുന്നതിന് നിരവധി നൂതന റഡാറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. റാഡാറുകളിലെ പ്രത്യേക സെന്‍സറുകള്‍ വാഹനത്തെയും നമ്പര്‍ പ്ലേറ്റുകളുടെയും നിരീക്ഷിച്ചു തത്സമയം വിശദാംശങ്ങള്‍ ട്രാഫിക് പോലീസ് ആസ്ഥാനത്തേക്ക് അയക്കും. ഇത്തരത്തില്‍ അയക്കുന്ന സന്ദേശങ്ങളില്‍ നമ്പര്‍ പ്ലേറ്റുകളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള വാഹനത്തിന്റെ വിശദാംശങ്ങളും റഡാറുകള്‍ പകര്‍ത്തുന്ന വാഹനത്തിന്റെ ചിത്രവും വിശകലനം ചെയ്ത് യഥാര്‍ഥ വാഹനമാണോയെന്ന് നിമിഷങ്ങള്‍ക്കകം കണ്ടുപിടിക്കാനുള്ള സംവിധാനം കണ്‍ട്രോള്‍ റൂമിലുണ്ട്. അനുവദിച്ച സമയത്തല്ലാതെ വലിയ ഭാര വാഹനങ്ങള്‍ തിരക്കേറിയ പാതകളില്‍ പ്രവേശിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും റഡാറുകള്‍ പകര്‍ത്തും. ഇത്തരത്തില്‍ പ്രവേശിക്കുന്ന ട്രക്കുകള്‍ക്ക് തല്‍ക്ഷണം പിഴ ഏര്‍പെടുത്തുന്നതിന് റഡാര്‍ സംവിധാനം സഹായിക്കുമെന്ന് അദ്ദേഹം വിവരിച്ചു.
അടിയന്തിര ഘട്ടങ്ങളില്‍ നിരോധിത മേഖലകളില്‍ വലിയ ഭാര വാഹനങ്ങള്‍ക്ക് പ്രവേശിക്കുന്നതിന് പ്രത്യേകമായി അനുമതി തേടേണ്ടതുണ്ട്. ഓണ്‍ലൈന്‍ ആയി സമര്‍പിക്കാവുന്ന അപേക്ഷയോടൊപ്പം വാഹനത്തിന്റെ കമ്പനിയുടെ ലൈസന്‍സ് കോപ്പി, വാഹനത്തിന്റെ ലൈസന്‍സ് കോപ്പി, പ്രവേശിക്കേണ്ട പാതകളുടെ വിശദാംശങ്ങള്‍, സമയം തുടങ്ങിയവ ഉള്‍പെടുത്തിയാല്‍ സൗജന്യമായി പ്രവേശനാനുമതി നല്‍കുന്നതാണ്.

മുതിര്‍ന്നവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രത്യേക പരിചരണം ആവശ്യമുള്ളവര്‍ എന്നിവര്‍ക്ക് പ്രത്യേകമായ സേവനങ്ങളാണ് ഗതാഗത വിഭാഗം ആസ്ഥാനത്തു ഒരുക്കിയിട്ടുള്ളത്. വീല്‍ ചെയറുകള്‍, പ്രത്യേക പാര്‍കിംഗ് സ്ഥലങ്ങള്‍, കൗണ്ടറുകള്‍ എന്നിവ ഇവര്‍ക്കായി ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ട്രാഫിക്ക് ആന്‍ഡ് പട്രോള്‍, കണ്‍ട്രോള്‍ ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍, ട്രാഫിക്ക് എന്‍ജിനീയറിങ്, റെസ്‌ക്യൂ എന്നീ നാല് പ്രധാന വിഭാഗങ്ങളാണ് ഗതാഗത വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ഗതാഗത അപകടങ്ങളും അവയുടെ രക്ഷാപ്രവര്‍ത്തങ്ങളും കര-ജല മേഖലയിലെ ഗതാഗത സുരക്ഷ, അപകടങ്ങളില്‍ പെടുന്നവരുടെ പരിചരണ പ്രവര്‍ത്തനങ്ങള്‍, പാതകളിലെ ഗതാഗത്തിന്റെ തോത് പരിശോധിച്ച് റോഡുകളില്‍ ഗതാഗതം സുഗമമാക്കല്‍, ആവശ്യമുള്ളിടത്തു നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തല്‍ തുടങ്ങിയവ നാല് വകുപ്പുകള്‍ ചേര്‍ന്ന് ഏകീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എമിറേറ്റിലെ ജനങ്ങളുടെ സുരക്ഷിതത്വമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ചുവപ്പ് സിഗ്‌നല്‍ മറികടക്കുന്നതിനെ കുറിച്ചും അപകടകരമായ രീതിയില്‍ റോഡുകള്‍ മുറിച്ചുകടക്കുന്ന കാല്‍ നടക്കാര്‍ക്കായും ഗതാഗത സുരക്ഷാ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെ ന്നും അദ്ദേഹം വ്യക്തമാക്കി.

 

Latest