Connect with us

Ongoing News

ലങ്കയെ മുക്കി; ഇന്ത്യക്ക് ഇന്നിംഗ്‌സ്‌ ജയം

Published

|

Last Updated

നാഗ്പൂര്‍: ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഇന്നിംഗ്‌സിനും 239 റണ്‍സിനുമാണ് ഇന്ത്യയുടെ ജയം. 405 റണ്‍സിന്റെ കൂറ്റന്‍ ലീഡ് വഴങ്ങിയ ലങ്ക രണ്ടാം ഇന്നിംഗ്‌സില്‍ 166 റണ്‍സിന് പുറത്തായി. ഒന്നാം ഇന്നിംഗ്‌സില്‍ സന്ദര്‍ശകര്‍ 205 റണ്‍സാണ് എടുത്തത്. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു. 61 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ദിനേശ് ചണ്ഡിമാല്‍ മാത്രമാണ് ലങ്കന്‍ നിരയില്‍ തിളങ്ങിയത്. ലക്മല്‍ 31 റണ്‍സുമായി പുറത്താകാതെ നിന്നു.

ഇന്ത്യക്ക് വേണ്ടി അശ്വിന്‍ നാലും ജഡേജ, ഇശാന്ത്, ഉമേഷ് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി. ഒരു വിക്കറ്റിന് 21 റണ്‍സെന്ന നിലയിലാണ് ലങ്ക ഇന്ന് ബാറ്റിംഗ് ആരംഭിച്ചത്. ഇന്ത്യന്‍ ബൗളര്‍മാരുടെ ഉജ്ജ്വല പ്രകടനത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ലങ്കന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് കഴിഞ്ഞില്ല.

നേരത്തെ, രാഹുലിന്റെയും പുജാരയുടേയും രോഹിതിന്റെയും സെഞ്ച്വറികളുടേയും നായകന്‍ വിരാട് കോഹ്‌ലിയുടെ ഇരട്ട സെഞ്ച്വറിയുടെയും കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ ലീഡ് നേടിയത്. ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ ആറ് വിക്കറ്റിന് 610 റണ്‍സെന്ന നിലയില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 312/2 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് 399ല്‍ നില്‍ക്കെ പുജാര (143) യുടെ വിക്കറ്റ് നഷ്ടമായി. തൊട്ടുപിന്നാലെ രഹാനെ (രണ്ട്) കൂടാരം കയറി. പിന്നീട് ഒരുമിച്ച കോഹ്‌ലിയും രോഹിതും സ്‌കോര്‍ ഉയര്‍ത്തുകയായിരുന്നു. അഞ്ചാം വിക്കറ്റില്‍ ഇരുവരും 173 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

ഇരട്ട സെഞ്ച്വറി നേടിയതിന് പിന്നാലെ കോഹ്‌ലി പുറത്തായി. 267 പന്തുകള്‍ നേരിട്ട കോഹ്‌ലി 17 ബൗണ്ടറികളും രണ്ട് സിക്‌സറുകളും നേടി. കോഹ്‌ലി പുറത്തായതിന് പിന്നാലെ രോഹിത് സെഞ്ച്വറി പൂര്‍ത്തിയാക്കി. 106 പന്തില്‍ എട്ട് ബൗണ്ടറികളും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു രോഹിതിന്റെ ഇന്നിംഗ്‌സ്. നാല് വര്‍ഷത്തിനുള്ളില്‍ രോഹിത് നേടുന്ന മൂന്നാം ടെസ്റ്റ് സെഞ്ച്വറിയായിരുന്നു ഇത്. അശ്വിന്‍ അഞ്ച് റണ്‍സെടുത്ത് ക്രീസ് വിട്ടപ്പോള്‍ ഒരു റണ്‍സുമായി സാഹയായിരുന്നു രോഹിതിന് കൂട്ട്.
ടെസ്റ്റ് കരിയറില്‍ അഞ്ചാം ഇരട്ട സെഞ്ച്വറിയാണ് കോഹ്‌ലി നാഗ്പൂരില്‍ കുറിച്ചത്. നേരത്തെ, വെസ്റ്റിന്‍ഡീസ്, ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ് ടീമുകള്‍ക്കെതിരെയാണ് താരം സെഞ്ച്വറി നേടിയത്. ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ഡബിള്‍ സെഞ്ച്വറി നേടിയ താരമെന്ന ബ്രയാന്‍ ലാറയുടെ റെക്കോര്‍ഡിനൊപ്പം കോഹ്‌ലി എത്തി. കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര സെഞ്ച്വറി നേടുന്ന നായകനെന്ന റെക്കോര്‍ഡും താരം സ്വന്തമാക്കി.
ഈ വര്‍ഷം പത്ത് സെഞ്ച്വറിയാണ് കോഹ്‌ലി നേടിയത്. ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിംഗിന്റെ ഒമ്പത് സെഞ്ച്വറികളുടെ റെക്കോര്‍ഡാണ് കോഹ്‌ലി സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്.
ഈ വര്‍ഷം ആറ് ഏകദിന സെഞ്ച്വറികളും നാല് ടെസ്റ്റ് സെഞ്ച്വറികളും നേടിയ ഇന്ത്യന്‍ നായകന് കരിയറില്‍ ആകെ 51 സെഞ്ച്വറികളായി.

Latest