Connect with us

Articles

അപകടം അടുത്തുണ്ട്; കുട്ടികള്‍ക്ക് കരുതല്‍ വേണം

Published

|

Last Updated

പിഞ്ചുമക്കള്‍ അപകടത്തില്‍ ചെന്നു ചാടുന്നത് ഒരു സ്ഥിരം വാര്‍ത്തയായി മാറിയിരിക്കുന്നു. തിളപ്പിച്ച് ഇറക്കിവെച്ച പാത്രത്തില്‍ വീണ് പൊള്ളലേറ്റ് മരിക്കാനിടയായത്,  അലക്കാന്‍ പൈപ്പിനരികില്‍ ബക്കറ്റില്‍ നിറച്ചുവെച്ച വെള്ളത്തില്‍ വീണ് മരിച്ച് കിടക്കുന്നത് അങ്ങനെ ദാരുണമായ മരണങ്ങള്‍. തിരിച്ചറിഞ്ഞ് തുടങ്ങുന്ന കാലം തൊട്ട് തന്നെ ഉള്‍പ്രേരണകള്‍ പല സാഹസങ്ങളിലേക്കും കുട്ടിയെ പ്രേരിപ്പിക്കുന്നു. മാതാപിതാക്കളുടെ അശ്രദ്ധ തന്നെയാണ് ഇത്തരം ദുരന്തങ്ങള്‍ക്ക് മുഖ്യ കാരണം. ഒരു പിഞ്ചുകുഞ്ഞിന് ഒരിക്കലും സ്വന്തം സംരക്ഷണത്തെ കുറിച്ചുള്ള ബോധം ഉണ്ടായെന്ന് വരില്ല. കുട്ടികള്‍ അപകടങ്ങളിലേക്ക് എടുത്തുചാടുന്നത് ഇക്കാരണം കൊണ്ടാണ്. മുതിര്‍ന്നവര്‍ ചെയ്യുന്നത് അതേപടി അനുകരിക്കാനാണ് പിഞ്ചുകുട്ടികള്‍ ശ്രമിക്കുക. കുളിക്കാനിറങ്ങിയ കുട്ടികള്‍ മുങ്ങിമരിക്കുന്ന ദാരുണ സംഭവങ്ങള്‍ കൂടിവരികയാണ്. അപകടം സംഭവിച്ചിട്ട് ഖേദിക്കുന്നതിനെക്കാള്‍ അപകടം വരുത്തുന്ന സാഹചര്യങ്ങളെ ഒഴിവാക്കുകയാണ് വേണ്ടത്. സിനിമകളിലെ സാഹസങ്ങളെ അനുകരിച്ച് അപകടം വിളിച്ചുവരുത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ബ്ലൂവെയില്‍ ഗെയിമുകള്‍ കൊണ്ട് എത്ര ജീവനാണ് കൊഴിഞ്ഞുപോയത്. അപകടത്തില്‍ ചാടിക്കുന്ന പല കാര്യങ്ങളും അവര്‍ അവഗണിച്ചു തള്ളുന്നു. എങ്ങനെ ആരോഗ്യം സംരക്ഷിക്കണമെന്നതിനെക്കുറിച്ച് കുട്ടികള്‍ക്ക് അവബോധമുണ്ടാവില്ല. വിഷ വസ്തുക്കളും ഔഷധങ്ങളും അശ്രദ്ധമായി വെക്കുന്നത് അപകടമേ ക്ഷണിച്ച് വരുത്തൂ. മുതിര്‍ന്നവര്‍ കഴിക്കുന്ന ഗുളികകളും മരുന്നുകളും കുട്ടികള്‍ എടുത്ത് കഴിക്കും. മണ്ണെണ്ണ ബോട്ടിലുകളും അവര്‍ക്ക് കൈയെത്താത്ത സ്ഥലത്ത് സൂക്ഷിക്കുക. വിനാഗിരിയും വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. വെള്ളമാണെന്ന് ധരിച്ച് കുഞ്ഞുങ്ങള്‍ പെട്ടെന്ന് അതെടുത്ത് കഴിച്ചാല്‍ ദുരന്തത്തിന് കാരണമായേക്കും. അപകടകരമായ ഈ അമളി മുതിര്‍ന്നവര്‍ക്ക് പോലും പലപ്പോഴും സംഭവിക്കാറുണ്ട്.

ഇതുപോലെ മറ്റൊന്നാണ് പുഴ കാണാന്‍ പോയ കുട്ടികള്‍ അപകടത്തില്‍പെടുന്നതും. ആള്‍മറയില്ലാത്ത കിണറുകള്‍ അതേ പടി ഉപേക്ഷിക്കുന്നത് വലിയൊരു നാശം വിളിച്ചുവരുത്തുകയല്ലേ ചെയ്യുന്നത്.  ഉപയോഗ ശൂന്യമായ കിണറുകള്‍ ഒന്നുകില്‍ മൂടണം.  അല്ലെങ്കില്‍ ചുറ്റുമതില്‍ കെട്ടണം. കളിസ്ഥലങ്ങള്‍ക്ക് പുറമെ റോഡുകളിലും സ്‌കൂളുകളിലും ഒക്കെയുള്ള അപകടങ്ങളെ കുറിച്ചും കുട്ടികള്‍ അശ്രദ്ധരായിരിക്കും. കുട്ടികള്‍ക്കുണ്ടാകുന്ന അപകടങ്ങളില്‍ 70 ശതമാനവും ഇന്ന് റോഡപകടങ്ങളിലാണ് എന്നാണ് അടുത്ത കാലത്തായി വെളിപ്പെടുത്തിയ സര്‍വേ റിപ്പോര്‍ട്ട്. റോഡിന് അടുത്ത് താമസിക്കുന്ന വീട്ടുകാര്‍ വളരെ ഗൗരവത്തോടെ ഇത് കണക്കിലെടുത്തേ പറ്റൂ. വീടിന് ചുറ്റുമതില്‍ നിര്‍മിച്ച് സുരക്ഷ ഉറപ്പ് വരുത്തണം. ചീത്ത കൂട്ടുകെട്ടുകള്‍ തടയുകയും അതിരുവിട്ട സാഹസികതക്ക് പ്രോത്സാഹനം കൊടുക്കാതിരിക്കുകയും ചെയ്യുക. വീടിനകത്ത് അവരെ കഴിയാന്‍ അവസരം ഉണ്ടാക്കിക്കൊടുക്കണം. സാമൂഹിക ബന്ധങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി മാനസിക വളര്‍ച്ചക്ക് കൂടി പരിഗണന കൊടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ചീത്ത കൂട്ടുകെട്ടാണ് കൈവിട്ട സാഹസികതകള്‍ക്ക് പ്രേരിപ്പിക്കുന്നത്.

സാഹസിക സ്വഭാവം ആണ്‍ കുട്ടികള്‍ക്കായിരിക്കും കൂടുതല്‍. കളിയും വിനോദങ്ങളും കുട്ടികളുടെ ഒഴിച്ചു കൂടാനാവാത്ത ഉള്‍പ്രേരണകളാണ്. അത് വഴി മാനസിക വളര്‍ച്ച സാധ്യമാകും. ഒരിക്കലും രാത്രി സൈക്കിളുമായി പുറത്ത് പോകാന്‍ കുട്ടികളെ സമ്മതിക്കരുത്. വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ കൈയും തലയും പുറത്തിടരുതെന്നുള്ള നിര്‍ദേശം നല്‍കുക. കാറില്‍ യാത്ര ചെയ്യുമ്പോള്‍ പിന്‍ സീറ്റില്‍ നിന്ന് ചാടിക്കളിക്കുന്ന കുട്ടികളുണ്ട്. റോഡ് മുറിച്ചു കടക്കുന്നതിനെ കുറിച്ച് മക്കളെ പഠിപ്പിച്ചേ മതിയാകൂ. അതോടൊപ്പം വലതു വശം ചേര്‍ന്ന് നടക്കാന്‍ അവരെ പ്രേരിപ്പിക്കണം. റോഡപകടങ്ങളില്‍ നിന്ന് സുരക്ഷ ലഭിക്കാന്‍ ഈ മുന്‍കരുതലൊക്കെ ആവശ്യമാണ്.വൈദ്യുത ഷോക്ക് നിമിത്തം കുട്ടികള്‍ക്കുണ്ടാകുന്ന അപകടം പ്രധാനമാണ്. അപകടകരമായ കളിപ്പാട്ടങ്ങളും മറ്റും കുട്ടികള്‍ക്ക് വാങ്ങിക്കൊടുക്കുന്നതും സൂക്ഷിച്ച് വേണം. മുതിര്‍ന്നവരുടെ സാന്നിധ്യത്തില്‍ മാത്രമേ അത് കുട്ടിക്ക് കൊടുക്കാവൂ. കത്രിക, സൂചി, ബ്ലേഡ്, കത്തി തുടങ്ങിയവയും കുട്ടിയുടെ കൈയില്‍ കിട്ടാതെ സൂക്ഷിക്കണം. കളിക്കുന്ന മണ്ണിലടങ്ങിയിരിക്കുന്ന രാസ വസ്തുക്കളും പടക്കങ്ങളും തീപ്പെട്ടികളും കുട്ടികള്‍ക്ക് വലിയ അപകടങ്ങളാണ് വരുത്തിവെക്കുക. ചെറിയ മക്കളുടെ സ്വഭാവ വിശേഷണത്തിലും കുട്ടിയുടെ പ്രായത്തിന്റെ പ്രത്യേകതയിലുമാണ് മാതാപിതാക്കള്‍ ശ്രദ്ധ കൊടുക്കേണ്ടത്. വീട്ടില്‍ നിന്നുണ്ടാകുന്ന മാനസിക സമ്മര്‍ദവും അവിവേക പെരുമാറ്റവുമാണ് കുട്ടികളെ നാടുവിടാന്‍ പ്രേരിപ്പിക്കുന്നത്. കുട്ടിക്കാലം കഴിയുന്നതിന് മുമ്പ് തന്നെ നിയന്ത്രണത്തില്‍ നിന്നകന്നതിനാല്‍ അവരെ കുറിച്ച് പരിതപിക്കുന്ന മാതാപിതാക്കളുണ്ട്. കുട്ടികളുടെ കാര്യത്തില്‍ പക്വമായ സമീപനം അവര്‍ക്ക് സ്വീകരിക്കാന്‍ സാധിച്ചില്ല എന്നാണ് ഇത് ബോധ്യപ്പെടുത്തുന്നത്.

മയക്കുമരുന്നുകളും മറ്റും ശീലമാക്കിയ കുട്ടികള്‍ ചീത്ത കൂട്ടുകെട്ടുകളില്‍ നിന്നാണിതൊക്കെ പഠിക്കുന്നത്. തുടക്കത്തിലേ അത് നിയന്ത്രിച്ചില്ലെങ്കില്‍ കൈവിട്ട് പോവുക തന്നെ ചെയ്യും. നമ്മുടെ മക്കള്‍ നമ്മുടേത് തന്നെയാണെന്ന ബോധം നമുക്കെപ്പോഴുമുണ്ടാവണം. തോന്നിയ പോലെ നടക്കാനുള്ള സ്വാതന്ത്ര്യം മക്കള്‍ക്ക് കൊടുക്കുകയും പിന്നീട് ഖേദിക്കുകയും ചെയ്യുന്നതിന് യാതൊരു അര്‍ഥവുമില്ല. ആയമാര്‍ക്ക് സംരക്ഷണ ദൗത്യം നല്‍കുന്നതിലും ഭേദമാണ് കുട്ടികളെ സ്വയം സംരക്ഷിക്കല്‍. അവരുടെ പ്രശ്‌നങ്ങള്‍ നമ്മുടേതായിക്കണ്ട് അനുയോജ്യമായ നടപടികള്‍ സ്വീകരിക്കാന്‍  തയ്യാറാവണം.  അത് അവര്‍ക്കും നമുക്കും ഒരു പോലെ ഗുണം ചെയ്യും.

Latest