Connect with us

Articles

സംവരണത്തിലെ രാഷ്ട്രീയ കൗശലങ്ങള്‍

Published

|

Last Updated

അസ്പൃശ്യരുടെ ദുരിതങ്ങള്‍ക്ക് കാരണം കരിനിയമങ്ങളേക്കാള്‍ ഹിന്ദുക്കള്‍ നിയന്ത്രിച്ചുപോരുന്ന ഭരണക്രമങ്ങളായിരുന്നു. അസ്പൃശ്യര്‍ക്കെതിരായി യുഗങ്ങളായുള്ള മുന്‍വിധികളാണ് ഹിന്ദുക്കള്‍ ഭരണ ക്രമത്തില്‍ ഇറക്കുമതി ചെയ്തത്. പൊതുസേവനതുറകള്‍ ഹിന്ദുക്കള്‍ കൈകാര്യം ചെയ്യുന്നിടത്തോളം അസ്പൃശ്യര്‍ക്ക് പോലീസില്‍ നിന്ന് സംരക്ഷണമോ കോടതിയില്‍ നിന്ന് നീതിയോ ഭരണത്തില്‍ നിന്ന് നിയമാനുകൂല്യമോ ലഭിക്കുമെന്ന് ആശിക്കാന്‍ ഒരിക്കലുമാകില്ല. പൊതുസേവന തുറകളുടെ ദ്രോഹബുദ്ധി കുറക്കാനും അവയെ അസ്പൃശ്യരുടെ ആവശ്യങ്ങളോട് കൂടുതല്‍ ഉത്തരവാദിത്വമുള്ളവയാക്കാനും കഴിയണമെങ്കില്‍ അസ്പൃശ്യരുടെ പ്രധിനിധികള്‍ ഭരണത്തിന്റെ ഉന്നത തലങ്ങളില്‍ ഉണ്ടായിരിക്കണം.
-ഡോക്ടര്‍ അംബേദ്ക്കര്‍ (തിരഞ്ഞെടുത്ത കൃതികള്‍ വാല്യം 16)
ഇന്ത്യയില്‍ ജാതീയ വ്യവസ്ഥയുടെ ഫലമായി പുറന്തള്ളപ്പെട്ട സമൂഹത്തിന് അധികാര പങ്കാളിത്വത്തിനും അവസരസമത്വത്തിനുമുള്ള മാര്‍ഗമായാണ് സംവരണത്തെ ഭരണഘടന നിര്‍വചിച്ചത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 അനുഛേദം 4ല്‍ വ്യക്തമാക്കുന്നത് ഇപ്രകാരമാണ്: ഈ അനുഛേദത്തില്‍ “യാതൊന്നും രാഷ്ട്രത്തിന്റെ അഭിപ്രായത്തില്‍, രാഷ്ട്രത്തിന്റെ കീഴിലുള്ള സര്‍വീസുകളില്‍ മതിയായിടത്തോളം പ്രാതിനിധ്യം ലഭിച്ചിട്ടില്ലാത്ത ഏതെങ്കിലും പിന്നാക്ക വിഭാഗത്തില്‍പ്പെട്ട പൗരന്‍മാര്‍ക്ക് നിയമങ്ങളോ തസ്തികളോ സംവരണം ചെയ്യുന്നതിന് ഏതെങ്കിലും വ്യവസ്ഥ ഉണ്ടാക്കുന്നതില്‍ നിന്ന് രാഷ്ട്രത്തെ തടയുന്നില്ല.” പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗങ്ങളുടെ അധികാര പങ്കാളിത്തത്തിന് ഊന്നല്‍ നല്‍കാനുള്ള വ്യവസ്ഥയാണ് ഭരണഘടനയിലെ വരികള്‍ കൃത്യമായി നിര്‍വചിച്ചത്. ഇവിടെ അറലൂൗമമേ ഞലുൃമലെിമേശേീി (മതിയായിടത്തോളം പ്രാതിനിധ്യം) എന്നത് ഭരണഘടന ലക്ഷ്യമാക്കുന്നത് ജനസംഖ്യാനുപാധികമായ പ്രാതിനിധ്യമാണ്. ഈ വ്യവസ്ഥയെ അട്ടിമറിച്ചാണ് ഇടതുപക്ഷം സാമ്പത്തിക സംവരണത്തിന് കളമൊരുക്കാനുള്ള ശ്രമം നടത്തുന്നത്.
മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്ക് ദേവസ്വം ബോര്‍ഡില്‍ 10 ശതമാനം സംവരണമെന്ന തീരുമാനം സവര്‍ണ പ്രീണനത്തിന്റെ രാഷ്ട്രീയ തന്ത്രമാണ്. അധികാര പങ്കാളിത്തത്തിന്റെ 90 ശതമാനവും കൈയടക്കിയ മുന്നാക്ക വിഭാഗങ്ങള്‍ക്ക് 10 ശതമാനം പതിച്ചു നല്‍കുന്നതിലൂടെ സംവരണ വ്യവസ്ഥ അട്ടിമറിക്കപ്പെടുമെന്നതില്‍ സംശയമില്ല. മുന്നാക്ക വിഭാഗത്തില്‍ 11 ശതമാനം മാത്രമുള്ള ഒരു വിഭാഗത്തിന് പത്ത് ശതമാനം സംവരണമേര്‍പ്പെടുത്താനുള്ള തീരുമാനം ഏത് മാനദണ്ഡപ്രകാരമാണ്?
ജാതി തന്നെ അധികാരത്തിന്റെ വിതരണ കേന്ദ്രമായി നിലനില്‍ക്കുകയും ഉയര്‍ന്ന ജാതികളെന്ന് അവകാശപ്പെടുന്നവര്‍ അധികാര,ഭരണതലങ്ങളില്‍ 90 ശതമാനം കുത്തകയാക്കിയിരിക്കുകയുമാണ്. സാംസ്‌കാരികം, രാഷട്രീയം, ആത്മീയം, ഭരണതലം തുടങ്ങി സമസ്ത മേഖലകളും കൈയടക്കി വെച്ചിരിക്കുന്നത് ഒരു വിഭാഗമാണ്. ഇവിടെ മൂലധനത്തിന്റെയും സമ്പത്തിന്റെയും അധികാരത്തിന്റെയും മുഴുവന്‍ പങ്കാളിത്തമുള്ള ഒരു വിഭാഗത്തിലെ “പിന്നാക്ക”മെന്നത് തെറ്റായ പ്രയോഗമാണ്. “മുന്നാക്കത്തിലെ പിന്നാക്ക”മെന്നത് ഭാഷാപരമായി തന്നെ അശ്ലീല പ്രയോഗമാണിത്. ഭരണഘടനയെയും ഭരണഘടന പ്രധിനിധാനം ചെയ്യുന്ന മൂല്യവ്യവസ്ഥിതിയെയും അവഹേളിക്കുന്ന പദപ്രയോഗമാണ് “മുന്നാക്കക്കാരിലെ പിന്നാക്ക”മെന്നത്. ഭരണഘടനയില്‍ കൃത്യമായി നിര്‍വചിച്ചിട്ടുള്ള സാമൂഹിക പദവിയുടെ അടിസ്ഥാനത്തിലാണ് ഒ ബി സി, പട്ടികജാതി പട്ടികവര്‍ഗം തുടങ്ങിയ പ്രയോഗങ്ങള്‍ വ്യവഹരിക്കപ്പെട്ടിട്ടുള്ളത്. ഇവിടെയാണ് മുന്നാക്കക്കാരിലെ പിന്നോക്കമെന്നത് ഭാഷാപരമായി അശ്ശീലവും ഭരണഘടനാവിരുദ്ധവുമായി തീരുന്നത്.
സംവരണത്തില്‍ അര്‍ഹതപ്പെട്ടവര്‍ ആരെന്ന് വ്യക്തമാണ്. മെറിറ്റില്‍ 50 ശതമാനവും കൈയാളുന്നത് വരേണ്യ വിഭാഗമാണ്. നിലവിലുള്ള മെറിറ്റില്‍ മുന്നാക്കത്തിലെ പിന്നാക്കക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കിയാല്‍ പരിഹരിക്കാന്‍ കഴിയുന്ന “പ്രശ്‌ന”മാണ് ഇത്. മുന്നോക്ക വിഭാഗം തങ്ങള്‍ക്കിടയിലെ ദരിദ്രരായ വിഭാഗങ്ങളെ പരിഗണിക്കുകയും അവസരങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും ചെയ്താല്‍ തീരുന്ന കാര്യം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മെറിറ്റിലെ 50 ശതമാനത്തില്‍ നിന്ന് കൂടുതല്‍ അവസരങ്ങള്‍ നല്‍കി പരിഹരിക്കുന്നതിന് പകരം മറ്റുള്ള വിഭാഗങ്ങളുടെ അവസരങ്ങള്‍ തട്ടിയെടുത്ത് സംവരണത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് ദേവസ്വം ബോര്‍ഡ് നിയമനത്തില്‍ 10 ശതമാനം നടപ്പാക്കാനുള്ള ഇടതുപക്ഷ തീരുമാനം സംവരണം അട്ടിമറിക്കാനുള്ള രാഷ്ട്രീയ നീക്കമാണ്. 50 ശതമാനം മെറിറ്റിന് പുറമെ 10 ശതമാനം കൂടി നല്‍കുന്നതോടെ ദേവസ്വം ബോര്‍ഡിലെ തസ്തികകള്‍ മുഴുവനും ഒരു വിഭാഗത്തിന്റെ കൈകളിലെത്തും. ദേവസ്വത്തിന് കീഴിലെ കോളജുകളില്‍ നടന്ന നിയമനങ്ങള്‍ പരിശോധിച്ചാല്‍ കൂടുതല്‍ വ്യക്തത വരും. കേരളത്തിലെ പൊതുവിദ്യാഭ്യാസം 71 ശതമാനവും എയിഡ്ഡ് സ്ഥാപനങ്ങളാണ്. പൊതുഖജനാവില്‍ നിന്ന് ശമ്പളവും പെന്‍ഷനും നല്‍കുന്ന ഇത്തരം സ്ഥാപനങ്ങളില്‍ സംവരണം പാലിക്കുന്നില്ല. ആകെ 232 കോളജുകളില്‍ 180 ഉം എയിഡഡ് മേഖലയിലാണ്. 46 ശതമാനം ക്രിസ്ത്യന്‍ സഭകള്‍, 19 ശതമാനം മുസ്‌ലിം മാനേജ്‌മെന്റ്, 11 ശതമാനം എസ് എന്‍ ട്രസ്റ്റ്, 10 ശതമാനം എന്‍ എസ് എസ്, 8 ശതമാനം സിംഗിള്‍ മാനേജ്‌മെന്റ്. ബാക്കിയുള്ളവ ദേവസ്വം ബോര്‍ഡിനു കീഴിലുമാണ്.
2010ലെ രേഖകള്‍ പ്രകാരം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ നാല് കോളജുകളിലായി 182 അധ്യാപകരില്‍ 134 പേര്‍ നായര്‍ സമുദായത്തില്‍ പെട്ടവരാണ്. എയിഡഡ് മേഖലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി അധ്യാപകരുടെ എണ്ണം രണ്ട് ലക്ഷമാണ്. ഇതില്‍ എസ് സി/എസ് ടി വിഭാഗത്തില്‍ പെട്ടവര്‍ 586 പേര്‍ മാത്രമാണ്. ഇരുപതിനായിരം പേര്‍ ഉണ്ടായിരിക്കേണ്ട മേഖലയിലാണ് 0.20 ശതമാനം. ഇങ്ങനെ ചുരുക്കിയിരിക്കെയാണ് പാര്‍ശ്വവത്കൃത സമൂഹത്തെ തിരസ്‌കരിക്കുന്ന സമീപനം ദേവസ്വം ബോര്‍ഡ് പിന്നെയും അനുവര്‍ത്തിക്കുന്നത്.
ദേവസ്വം ബോര്‍ഡില്‍ നിയമനം ഭരണഘടനാവിരുദ്ധമായ ബ്രാഹ്മണാധിപത്യ തീരുമാനപ്രകാരം മാത്രമാണ്. കേരളത്തിലെ അപ്രധാനമായ ക്ഷേത്രത്തില്‍ ഒരു അബ്രാഹ്മണ ശാന്തിയെ നിയമിച്ചുകൊണ്ട് പ്രതിഷേധ സ്വരങ്ങളെ വഴി തിരിച്ചുവിടാനും യഥാര്‍ഥ്യങ്ങളെ മറയ്ക്കാനുമാണ് ഇടതുപക്ഷം കരുക്കള്‍ നീക്കുന്നത്. ശാന്തിനിയമനത്തില്‍ നടത്തുന്ന ജാതിവിവേചനം ഭരണഘടനാവിരുദ്ധവും മൗലികവകാശ ലംഘനവുമാണന്ന്. 2002ല്‍ സുപ്രിം കോടതി വിധിച്ചിട്ടും ശബരിമലയിലും മാളികപ്പുറത്തും ശാന്തിമാരെ നിയമിക്കുന്നതിന് മലയാള ബ്രാഹ്മണരില്‍ നിന്ന് മാത്രം അപേക്ഷ ക്ഷണിച്ച് നിയമനം നടത്തുന്ന ദേവസ്വം ബോര്‍ഡിന്റെ നിലപാടില്‍ കൃത്യമായ ഇടപെടല്‍ നടത്താന്‍ ഇടതുപക്ഷത്തിന് കഴിയുന്നില്ല.
മെറിറ്റില്‍ സവര്‍ണ വിഭാഗങ്ങളിലെ ദരിദ്രര്‍ക്ക് മുന്‍ഗണന നല്‍കാന്‍ അവസരമൊരുക്കുന്നതിന് പകരം പിന്നാക്ക വിഭാഗങ്ങളുടെ അവസരങ്ങള്‍ തട്ടിയെടുക്കാനുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നത്. പിന്നാക്കക്കാരിലെ ക്രീമിലെയറിനെ ഒഴിവാക്കപ്പെടണമെന്ന വാദമുയര്‍ത്തുന്ന ഇടതുപക്ഷം മുന്നാക്കക്കാരിലെ ക്രീമിലെയറിനെ ഒഴിവാക്കണമെന്ന വാദം ഉയര്‍ത്താന്‍ തയ്യാറാകുന്നില്ല. പാര്‍ശ്വവത്കൃത സമൂഹങ്ങളെ പൊതുമണ്ഡല/അധികാര തലങ്ങളില്‍ നിന്ന് ബഹിഷ്‌കരിക്കണമെന്ന തീരുമാനം ഭരണതാത്പര്യത്തിന്റെതാണ്.
മുന്നാക്കക്കാരില്‍ പിന്നാക്കക്കാരുണ്ടാകാന്‍ കാരണക്കാര്‍ ആരാണെന്ന് വരേണ്യവര്‍ഗം തന്നെ വ്യകതമാക്കേണ്ടതുണ്ട്. അധികാര വിഭവ പങ്കാളിത്തം, ഭൂമി സമ്പത്ത് ഭരണപങ്കാളിത്വം, സമസ്ത മേഖലകളിലും ആധിപത്യമുള്ള മുന്നോക്ക വിഭാഗത്തിലെ ഒരു വിഭാഗം സാമ്പത്തികമായി ദാരിദ്ര്യത്തിലേക്ക് മാറിയെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം ആര്‍ക്കാണ് എന്ന് വ്യക്തമാക്കപ്പെടേണ്ട ബാധ്യതയില്‍ നിന്ന് മുന്നാക്ക വിഭാഗത്തിന് മാറി നില്‍ക്കാന്‍ കഴിയില്ല. ലളിതമായി പറഞ്ഞാല്‍ സമ്പത്തുള്ള കുടുംബത്തില്‍ ഒരാള്‍ പട്ടിണി കിടക്കുന്നതിന്റെ ഉത്തരവാദിത്വം കുടുംബത്തിന്റേതു മാത്രമാണ്. ഇത്തരമൊരു ധാര്‍മിക പ്രതിസന്ധി പരിഹരിക്കുന്നതിന് പകരം മറ്റുള്ള ദരിദ്രരില്‍ നിന്ന് ഈടാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അഭ്യന്തരമായി പരിഹരിക്കപ്പെടേണ്ടതിനു പകരം സാമൂഹിക പ്രശ്‌നമായി ഉയര്‍ത്തി സാമ്പത്തിക സംവരണത്തിലേക്ക് ഗതി മാറ്റാനും ഭരണഘടനാ ഭേദഗതിയിലൂടെ സംവരണത്തെ അട്ടിമറിക്കാനുമുള്ള ശ്രമം ഹിന്ദുത്വ ഫാസിസത്തിന്റെ ബുദ്ധികേന്ദ്രങ്ങളില്‍ ഉരുതിരിഞ്ഞതാണ്.
ഇന്ത്യയില്‍ നിരവധി കമ്മീഷനുകള്‍ സാമൂഹിക പിന്നാക്കാവസ്ഥയെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. 1936ല്‍ കോണ്‍ഗ്രസ് നിയമിച്ച കുമാരി അമൃത കൗര്‍ സമിതി മുതല്‍ 1956ല്‍ സമര്‍പ്പിച്ച കാക്കാകലേക്കര്‍ കമ്മീഷന്‍ വരെയുള്ള റിപ്പോര്‍ട്ടുകള്‍ പൊടിപിടിച്ച് കിടന്ന ഇന്ത്യയില്‍; ചലനം സൃഷ്ടിച്ച മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ മുന്നാക്ക വിഭാഗം ഉയര്‍ത്തിവിട്ട പ്രക്ഷോഭം ശക്തമായിരുന്നു. 2000ത്തില്‍ ജസ്റ്റിസ് നരേന്ദ്രന്‍ നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പിന്നാക്ക സമൂഹങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പരിഹാരമായി വിദ്യാഭ്യാസ ഉദ്യോഗ തലങ്ങളില്‍ സംവരണം നടപ്പാക്കണമെന്ന ശിപാര്‍ശകള്‍ക്കാണ് മുന്നാക്ക വിഭാഗങ്ങള്‍ തടസ്സം നിന്നത്. സര്‍ക്കാര്‍ പോലും മുന്നാക്ക വിഭാഗത്തിന് അനുകൂലമായി നിന്നു സംവരണത്തെ അട്ടിമറിച്ചു. പിന്നാക്ക വിഭാഗത്തിന് സംവരണം അനുവദിക്കുന്നതിന് പകരമായി 2006ല്‍ യു ഡി എഫ് സര്‍ക്കാര്‍ മുന്നാക്കക്കാര്‍ക്ക് സംവരണമനുവദിച്ച് സവര്‍ണ താല്‍പര്യം സംരക്ഷിച്ചു. നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ മറവില്‍ മൂന്നാക്ക വിഭാഗങ്ങള്‍ക്ക് വഴിവിട്ട സംവരണമനുവദിച്ചതിനെ നിയമപരമായി നേരിടാന്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് കഴിയാതെ പോയത് അനുകൂലമാക്കുകയാണ് വരേണ്യവര്‍ഗം. പിന്നാക്ക രാഷ്ട്രീയ നേതൃത്വങ്ങളുടെ വരേണ്യവര്‍ഗ പ്രീണന നിലപാടുകളും ഇതിന് അനുകൂലമായിരുന്നു.
പിന്നാക്ക സംവരണത്തില്‍ സമുദായത്തിന്റെ കര്‍തൃത്വം ഏറ്റെടുത്ത മുസ്‌ലിം ലീഗിനെ പോലുള്ള രാഷ്ടീയ പാര്‍ട്ടികളുടെ അപക്വമായ കാഴ്ചപ്പാട് മുന്നാക്ക വിഭാഗങ്ങള്‍ക്ക് അനുകൂലമാകുകയായിരുന്നു. ലീഗിന്റെ സംവരണ കാഴ്ചപ്പാട് വ്യക്തമാക്കാന്‍ മണ്ഡല്‍ കമ്മീഷന്റെ കേരളത്തിലെ സിറ്റിംഗ് വിലയിരുത്തിയാല്‍ മതി. ഈ വേളയില്‍ മുസ്‌ലിം സമൂഹത്തിലെ സംവരണ സാധ്യതകള്‍ വിലയിരുത്തിയിരുന്നു. കമ്മീഷന്റെ സിറ്റിംഗില്‍ മുസ്‌ലിം സമൂഹത്തിന്റെ പ്രധിനിധിയായി എത്തിയത് ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആയിരുന്നു. സംവരണ സാധ്യതകളെ കുറിച്ച് ആരാഞ്ഞ കമ്മിഷനു മുന്നില്‍ മുസ്‌ലിം സമൂഹത്തിന് സംവരണത്തിന്റെ ആവശ്യകതയില്ല എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഇത്തരത്തിലുള്ള അപക്വമായ തീരുമാനങ്ങളാണ് പിന്നാക്ക ന്യൂനപക്ഷങ്ങള്‍ക്ക് തിരിച്ചടിയായി മാറിയത്. മുന്നാക്ക വിഭാഗത്തിന് ഫലപ്രദമായി സംവരണത്തെ ഉപയോഗിക്കാന്‍ അവസരമൊരുക്കിയത് ഇത്തരം നിലപാടുകളായിരുന്നു. സാമ്പത്തിക സംവരണത്തിലേക്ക് ചുവടു മാറാനുള്ള ശ്രമം മൂലം ദലിതരും മുസ്‌ലിം പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളും ഭരണപങ്കാളിത്ത അധികാര ഉദ്യോഗ മേഖലയില്‍ നിന്ന് പുറന്തള്ളപ്പെടുമെന്നതില്‍ സംശയമില്ല. ഇതിനെതിരെ ഐക്യപ്പെട്ട പ്രക്ഷോഭങ്ങള്‍ രൂപപ്പെടേണ്ടത് അനിവാര്യമായിരിക്കുന്നു.