Connect with us

Editorial

ഹജ്ജ് നയത്തില്‍ കേരളത്തിന് അവഗണന

Published

|

Last Updated

കേരളം സമര്‍പ്പിച്ച നിര്‍ദേശങ്ങളെല്ലാം അവഗണിച്ചു ഏകപക്ഷീയമായാണ് അഞ്ച് വര്‍ഷത്തേക്കുള്ള ഹജ്ജ് നയത്തിന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗീകാരം നല്‍കിയത്. 70 വയസ്സ് പൂര്‍ത്തിയായവര്‍ക്കുള്ള സംവരണം നിലനിര്‍ത്തിയ കേന്ദ്രം അഞ്ച് വര്‍ഷം തുടര്‍ച്ചയായി അപേക്ഷിച്ചവര്‍ക്കുള്ള ആനുകൂല്യം എടുത്തുകളഞ്ഞു. മൊത്തം ഹജ്ജ് ക്വാട്ടയില്‍ 70 ശതമാനം സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്കും 30 ശതമാനം സ്വകാര്യ ഗ്രൂപ്പുകള്‍ക്കുമായിരിക്കും. നേരത്തേ ഇത് 75 – 25 അനുപാതമായിരുന്നു. 2000 സീറ്റുകള്‍ ജമ്മു കാശ്മീരിന് നീക്കിവെച്ചു. സംസ്ഥാനങ്ങള്‍ക്കുള്ള ക്വാട്ടയില്‍ നിന്ന് 625 സീറ്റുകള്‍ ഖാദിമുല്‍ ഹജ്ജാജുമാര്‍ക്കും 500 സീറ്റുകള്‍ കേന്ദ്രത്തിനുമാണ്. കേന്ദ്ര ക്വാട്ടയില്‍ പ്രസിഡന്റിനും പ്രധാനമന്ത്രിക്കും വൈസ് പ്രസിഡന്റിനും 75 വീതവും 50 സീറ്റ് ന്യൂനപക്ഷകാര്യ മന്ത്രിക്കുമാണ്. ജനസംഖ്യാടിസ്ഥാനത്തില്‍ വീതം വെച്ച സീറ്റുകളില്‍ ബാക്കിവരുന്നവയില്‍ 500 സീറ്റുകള്‍ മഹ്‌റം ക്വാട്ടയിലേക്ക് മാറ്റും. ഒരു കവറില്‍ നാലംഗങ്ങളും രണ്ട് കുഞ്ഞുങ്ങളുമായി ചുരുക്കി. നേരത്തേ അഞ്ചു പേര്‍ക്ക് ഒരു കവറില്‍ അപേക്ഷ നല്‍കാമായിരുന്നു. 45 വയസ്സിന് മുകളിലുള്ള നാല് വനിതകള്‍ക്ക് പുരുഷ മഹ്‌റമില്ലാതെ ഹജ്ജിന് അവസരം നല്‍കും. 200 പേര്‍ക്ക് ഒരാള്‍ എന്ന തോതില്‍ ഖാദിമുല്‍ ഹുജ്ജാജുമാര്‍ തീര്‍ഥാടകരുടെ സഹായത്തിനുണ്ടാകും. സുപ്രീം കോടതി നിര്‍ദേശപ്രകാരം രൂപം നല്‍കിയ കേന്ദ്ര ഹജ്ജ് നയപുനരവലോകന സമിതി സമര്‍പ്പിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ നയം ആവിഷ്‌കരിച്ചത്.

അഞ്ച് വര്‍ഷം തുടര്‍ച്ചയായി അപേക്ഷിച്ചവര്‍ക്ക് നറുക്കെടുപ്പ് കൂടാതെ അനുമതി നല്‍കുന്ന പതിവ് നിലനിര്‍ത്തണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍-സ്വകാര്യ ക്വാട്ട 80:20 ആക്കുക, കേരളത്തിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരിലേക്ക് മാറ്റുക, ഓരോ വര്‍ഷവും പ്രത്യേകം അപേക്ഷിക്കണമെന്ന നിബന്ധന ഒഴിവാക്കി ഒറ്റത്തവണ എന്ന ഘടന കൊണ്ടുവരിക, സംസ്ഥാനങ്ങള്‍ക്കുള്ള ക്വാട്ട അപേക്ഷകരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ പുനര്‍നിര്‍ണയിക്കുക, ബില്‍ഡിംഗ് സെലക്ഷന്‍ കമ്മിറ്റിയില്‍ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ഹജ്ജ് കമ്മിറ്റി പ്രതിനിധികളെ ഉള്‍പ്പെടുത്തുക, ഹജ്ജ് യാത്രക്ക് സാധാരണ ജിദ്ദയിലേക്കുള്ള നിരക്ക് മാത്രം നിശ്ചയിക്കുകയും ഹജ്ജ് സര്‍വീസിന് ആഗോള ടെന്‍ഡര്‍ വിളിക്കുകയും ചെയ്യുക തുടങ്ങി കേരളം ഒട്ടേറെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകും കേന്ദ്ര ന്യൂനപക്ഷ മന്ത്രിയെ ഇക്കാര്യങ്ങള്‍ ബോധിപ്പിക്കുകയും ചെയ്തിരുന്നു. ഒന്നും അംഗീകരിച്ചില്ല.
അഞ്ച് തവണ തുടര്‍ച്ചയായി അപേക്ഷിച്ചവര്‍ക്കും ആദ്യ തവണ അപേക്ഷിച്ചവര്‍ക്കും ഒരേ പരിഗണന നല്‍കുകയെന്നത് സാമാന്യ മര്യാദയല്ല. മുന്‍ കാലങ്ങളില്‍ തുടര്‍ച്ചയായി നാല് വര്‍ഷം അപേക്ഷിച്ചവര്‍ക്ക് നറുക്കെടുപ്പ് കൂടാതെ അനുമതി നല്‍കിയിരുന്നു. നാലാം വര്‍ഷക്കാരുടെ എണ്ണം കവിഞ്ഞപ്പോഴാണ് സംവരണം അഞ്ചാം കൊല്ലക്കാര്‍ക്കായി പുനര്‍നിര്‍ണയിച്ചത്. കഴിഞ്ഞ നാല് വര്‍ഷവും തുടര്‍ച്ചയായി അപേക്ഷ സമര്‍പ്പിച്ചവര്‍ ഇക്കൊല്ലം എന്തായാലും അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. അഞ്ചാം വര്‍ഷക്കാര്‍ക്കുള്ള സംവരണം നിര്‍ത്തലാക്കുകയും മറ്റുള്ളവര്‍ക്കൊപ്പം നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്തുകയും ചെയ്താല്‍, ജീവിതത്തിലെ മുഖ്യ അഭിലാഷമായ തീര്‍ഥാടനത്തിന് അവര്‍ക്ക് ഇനി എന്നാണ് അവസരം ലഭിക്കുകയെന്നറിയില്ല. കേരളത്തില്‍ ഓരോ വര്‍ഷവും അപേക്ഷകരുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചു കൊണ്ടിരിക്കെ, ഇനിയും അവര്‍ വര്‍ഷങ്ങളോ ചിലപ്പോള്‍ ദശകങ്ങളോ കാത്തിരിക്കേണ്ടി വന്നേക്കാം. ഇക്കാര്യത്തില്‍ പുനര്‍വിചിന്തനം അനിവാര്യമാണ്.

കരിപ്പൂരിനെ ഒഴിവാക്കി എമ്പാര്‍ക്കേഷന്‍ പോയിന്റ് നെടുമ്പാശ്ശേരിയായി നിശ്ചയിച്ചതും പ്രയാസം സൃഷ്ടിക്കും. കേരളത്തിലെ ഹജ്ജ് തീര്‍ഥാടകരില്‍ 80 ശത്മാനത്തിലേറെ മലബാര്‍ മേഖലയില്‍ നിന്നുള്ളവരായതിനാല്‍ അവരുടെ സൗകര്യം കണക്കിലെടുത്താണ് എമ്പാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂര്‍ ആയി തീരുമാനിച്ചത്. റണ്‍വേ റീകാര്‍പ്പറ്റിംഗ് ജോലികള്‍ക്ക് വേണ്ടി കരിപ്പൂരില്‍ നിന്നുള്ള വലിയ വിമാനങ്ങളുടെ സര്‍വീസ് 2015 മെയ് മുതല്‍ നിര്‍ത്തിവെച്ച സാഹചര്യത്തില്‍ ഹജ്ജ് സര്‍വീസ് താത്കാലികമായി നെടുമ്പാശ്ശേരിയിലേക്ക് മാറ്റുകയായിരുന്നു. കരിപ്പൂരിലെ അറ്റകുറ്റ പണികള്‍ പൂര്‍ത്തിയയാല്‍ അവിടേക്ക് തന്നെ മാറ്റുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയതാണ്. ഇപ്പോള്‍ റീകാര്‍പ്പറ്റിംഗ് പൂര്‍ത്തിയായി വലിയ വിമാനങ്ങള്‍ സര്‍വീസ് പുനരാരംഭിക്കാനുള്ള സ്ഥിതി കൈവരിച്ചിരിക്കെ കരിപ്പൂരിനെ ഒഴിവാക്കിയത് വഞ്ചനയാണ്. ജനസംഖ്യാനുപാതികമായി മറ്റു പല സംസ്ഥാനങ്ങളെ അപേക്ഷിച്ചും കേരളത്തിലെ മുസ്‌ലിംകളുടെ എണ്ണം കുറവാണെങ്കിലും ഇന്ത്യയിലെ മൊത്തം ഹജ്ജ് അപേക്ഷകരില്‍ നാലില്‍ ഒന്നോ മറ്റോ കേരളത്തില്‍ നിന്നുള്ളവരാണ്. ഇക്കഴിഞ്ഞ വര്‍ഷം മൊത്തം അപേക്ഷയുടെ 21 ശതമാനം കേരളത്തില്‍ നിന്നായിരുന്നു. എന്നിട്ടും കേരളത്തിന്റെ ആവശ്യങ്ങളോട് കേന്ദ്രം മുഖംതിരിച്ച സാഹചര്യത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. നീതിപീഠത്തില്‍ നിന്ന് അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിയും അപേക്ഷകരും.

---- facebook comment plugin here -----

Latest