സൗരാഷ്ട്രയില്‍ മോദിയും രാഹുലും നേര്‍ക്കുനേര്‍

Posted on: November 27, 2017 10:02 am | Last updated: November 27, 2017 at 10:02 am
SHARE

രാജ്‌കോട്ട്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി ക്ക് കടുത്ത ഭീഷണി ഉയര്‍ത്തുന്ന പട്ടേല്‍, ദളിത് വിഭാഗങ്ങള്‍ക്ക് മേല്‍ക്കൈയുള്ള തെക്കന്‍ ഗുജറാത്ത് പിടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രണ്ടാം ഘട്ട പ്രചാരണത്തിനിറങ്ങുന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനമുള്‍പ്പെടെ തിരഞ്ഞെടുപ്പ് ചിത്രം കൂടുതല്‍ വ്യക്തമായ ശേഷമുള്ള നരേന്ദ്ര മോദിയുടെ ആദ്യ പര്യടനമാണിത്. പതിവില്‍ നിന്ന് വ്യത്യസ്തമായി ബി ജെ പി വന്‍ വെല്ലുവിളി നേരിടുന്ന തെക്കന്‍ ഗുജറാത്തിലും സൗരാഷ്ട്ര മേഖലയിലുമാണ് നരേന്ദ്ര മോദി പ്രചാരണം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതോടെ പട്ടേലുകളുടെയും ദളിതുകളുടെയും ശക്തികേന്ദ്രമായ സൗരാഷ്ട്രയില്‍ രാഹുല്‍- മോദി നേര്‍ക്കുനേര്‍ പോരാട്ടത്തിന് കളമൊരുങ്ങിയിരിക്കുകയാണ്.

കോണ്‍ഗ്രസ്- ഹര്‍ദിക് പട്ടേല്‍േ- അല്‍പേഷ് താക്കൂര്‍- ജിഗ്നേഷ് മേവാനി മഴവില്‍ സഖ്യം പൂര്‍ണതോതില്‍ ധാരണയിലെത്തിയിട്ടില്ലെങ്കിലും ബി ജെ പി യെ തകര്‍ക്കുകയെന്ന ധാരണയില്‍ മുന്നോട്ടുപോകുന്ന സഖ്യത്തിന് മേഖലയില്‍ വന്‍ സ്വീകാര്യത ലഭിക്കുന്നുണ്ട്. രണ്ടാം ഘട്ട തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം പൂര്‍ത്തിയായിട്ടില്ലെങ്കിലും പ്രചാരണത്തില്‍ പിറകോട്ട് പോകരുതെന്ന കോണ്‍ഗ്രസിന്റെ നിശ്ചയദാര്‍ഢ്യത്തെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് ദിവസം സൗരാഷ്ട്ര മേഖലയില്‍ ക്യാമ്പ് ചെയ്ത് പ്രചാരണം നയിച്ച രാഹുല്‍ ഗാന്ധിയുടെ പോര്‍ബന്തര്‍ റാലിയില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ആയിരക്കണക്കിന് പേര്‍ പങ്കെടുത്തിരുന്നു.
മഴവില്‍ സഖ്യം തങ്ങളുടെ പരമ്പരാഗത വോട്ടില്‍ വിള്ളലുണ്ടാക്കുമോയെന്നാണ് പ്രധാനമായും ബി ജെ പിയുടെ ആശങ്ക. ഈ സാഹചര്യത്തില്‍ ഇതിന് തടയിടാനുള്ള ആസൂത്രിത നീക്കങ്ങളാണ് ബി ജെ പി നടത്തുന്നത്. വ്യാപാര വ്യവസായ കേന്ദ്രമായ തെക്കന്‍ ഗുജറാത്തില്‍ നോട്ട് നിരോധവും ജി എസ് ടിയും വരുത്തിവെച്ച അസംതൃപ്തിയും ബി ജെ പിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇത് മുതലെടുക്കാനുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസ് സഖ്യം നടത്തുന്നത്. ഇത് മുന്നില്‍ക്കണ്ട് നരേന്ദ്ര മോദിയുടെ ആദ്യ ഘട്ടത്തിലെ റാലികളിലധികവും പട്ടിദാര്‍ അനാമത് ആന്ദോളന്‍ സമിതിയുടെ ശക്തികേന്ദ്രങ്ങളിലാണ് സംഘടിപ്പിക്കുന്നത്.

ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നരേന്ദ്ര മോദി പങ്കെടുക്കുന്ന മുപ്പത് റാലികളില്‍ പത്തെണ്ണവും തെക്കന്‍ ഗുജറാത്തിലാണ്. ഇതില്‍ എട്ടെണ്ണം പട്ടേല്‍ ദളിത് വിഭാഗങ്ങള്‍ക്ക് സ്വാധീനുള്ള മേഖലകളിലാണ്.
കേന്ദ്ര മന്ത്രിമാരും എല്‍ കെ അഡ്വാനി ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളും പങ്കെടുക്കുന്ന റാലികള്‍ക്ക് കൊഴുപ്പ് കൂട്ടാന്‍ ബോളിവുഡ് താരങ്ങളെയും ബി ജെ പി എത്തിക്കുന്നുണ്ട്. വികസനമാണ് പ്രത്യക്ഷ വിഷയമെങ്കിലും സാമുദായിക ജാതി ധ്രുവീകരണത്തിന് തന്നെയാണ് ബി ജെ പി പ്രാധാന്യം നല്‍കുന്നത്.