Connect with us

Sports

ഐ ലീഗില്‍ ഗോകുലത്തിന് ഇന്ന് അരങ്ങേറ്റം

Published

|

Last Updated

ഷില്ലോംഗ്: ഐ ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരള എഫ് സിക്ക് ഇന്ന് അരങ്ങേറ്റം. എവേ മത്സരത്തില്‍ ഷില്ലോംഗ് ലജോംഗാണ് ഗോകുലത്തിന്റെ എതിരാളികള്‍. ഷില്ലോംഗിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ രാത്രി എട്ട് മണിക്ക് നടക്കുന്ന മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സ് 2ല്‍ തത്സമയം കാണാം.
ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരളത്തെ പ്രതിനിധീകരിച്ച് ഒരു ടീം ഐ ലീഗില്‍ മാറ്റുരക്കുന്നത്. ബിനോ ജോര്‍ജ് പരിശീലകനായ ഗോകുലം എഫ് സിയെ നയിക്കുന്നത് സുശാന്ത് മാത്യു ആണ്.

എതിരാളികള്‍ മാത്രമല്ല, ഷില്ലോംഗിലെ കാലാവസ്ഥയും കേരളത്തിന്‍ വെല്ലുവിളിയാകും. ഷില്ലോംഗിലെ കനത്ത തണുപ്പിനെ അതിജീവിച്ച് വേണം താരങ്ങള്‍ക്ക് ഏറ്റുമുട്ടാന്‍. എങ്കിലും ആദ്യ മത്സരം അവിസ്മരണീയമാക്കാനുള്ള ശ്രമത്തിലാണ് കേരള താരങ്ങള്‍.
ഷില്ലോംഗിലെ തണുത്ത കാലാവസ്ഥയുമായി പൊരുത്തപ്പെടാനുള്ള ശ്രമത്തിലാണെന്ന് ബിനോ ജോര്‍ജ് പറഞ്ഞു. ഷില്ലോംഗുമായി കടുത്ത മത്സരം പ്രതീക്ഷിക്കുന്നു. എങ്കിലും ഞങ്ങള്‍ പൊരുതും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗോകുലം പുതുമുഖ ടീം ആണെങ്കിലും ആ കാര്യമൊന്നും പരിഗണിക്കാതെ നൂറ് ശതമാനം അര്‍പ്പണത്തോടെയാണ് താരങ്ങള്‍ ഇറങ്ങുകയെന്ന്് ഷില്ലോംഗ് ലജോംഗിന്റെ സഹപരിശീലകന്‍ അലിസണ്‍ ഖര്‍സിന്‍ത്യു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആദ്യ മത്സരം ഏത് ടീമിനും ഏറെ പ്രധാനപ്പെട്ടതാണ്. മൂന്ന് പോയിന്റ് നേടാമെന്ന ആത്മവിശ്വാസത്തിലാണ് ഞങ്ങള്‍. ശക്തമായ പ്രതിരോധം തങ്ങളുടെ കരുത്ത് വര്‍ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏഴാം ഐ ലീഗ് സീസണ്‍ കളിക്കുന്ന ഷില്ലോംഗ് ലജോംഗ് കഴിഞ്ഞ സീസണില്‍ ഏറ്റവും മികച്ച പ്രകടനത്തോടെ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു. ഷില്ലോംഗ് പ്രീമിയര്‍ ലീഗില്‍ സെമി ഫൈനലിലെത്താനും അവര്‍ക്ക് കഴിഞ്ഞിരുന്നു.
ഡിസംബര്‍ നാലിനാണ് ഗോകുലത്തിന്റെ ആദ്യ ഹോം മത്സരം. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ചെന്നൈ സിറ്റി എഫ് സിയാണ് എതിരാളികള്‍.

 

Latest