ഹാദിയയെ പിതാവിനോ ഭര്‍ത്താവിനോ ഒപ്പം വിട്ടില്ല; പഠനം തുടരാന്‍ അനുമതി; സംരക്ഷണ ചുമതല ഡീനിന്

Posted on: November 27, 2017 3:55 pm | Last updated: November 28, 2017 at 9:14 am
ഹാദിയ സുപ്രീം കോടതിയിൽ ഹാജരാകാനായി എത്തിയപ്പോൾ

ന്യൂഡല്‍ഹി: തന്നെ തന്റെ വിശ്വാസപ്രകാരം ജീവിക്കാന്‍ അനുവദിക്കണമെന്ന് ഹാദിയ സുപ്രീം കോടതിയില്‍. തനിക്ക് സ്വാതന്ത്ര്യം വേണമെന്നും പഠനം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നും ഹാദിയ കോടതിയോട് ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചിന് മുമ്പാകെയാണ് ഹാദിയ തന്റെ നിലപാട് വ്യക്തമാക്കിയത്. സര്‍ക്കാര്‍ ചെലവില്‍ പഠിക്കാന്‍ താത്പര്യമുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഭര്‍ത്താവിന്റെ ചെലവില്‍ പഠനം തുടരാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഹാദിയ വ്യക്തമാക്കി.

ഹാദിയയുടെ വാദം വിശദമായി കേട്ട കോടതി അവർക്ക് പഠനം പൂർത്തിയാക്കാൻ അനുമതി നൽകി. അതിനായി ഹാദിയയെ നേരെ മുമ്പ് പഠിച്ചിരുന്ന സേലത്തെ ഹോമിയോ മെഡിക്കൽ കോളജിലേക്ക് അയക്കാൻ കോടതി ഉത്തരവിട്ടു. ഭർത്താവിനൊപ്പമോ, പിതാവിനൊപ്പമോ ഹാദിയയെ ഇപ്പോൾ വിടില്ലെന്നും കോടതി വ്യക്തമാക്കി. ഹാദിയയുടെ ലോക്കൽ ഗാർഡിയനായി സർവകലാശാല ഡീനിനെ കോടതി ചുമതലപ്പെടുത്തി. സേലത്തെ കോളജിലേക്കുള്ള യാത്രാ സൗകര്യം സർക്കാർ ഒരുക്കണം. അതുവരെ ഹാദിയയെ ഡൽഹി കേരള ഹൗസിൽ താമസിപ്പിക്കണമെന്നും കോടതി നിർദേശം നൽകി. ജനുവരി മൂന്നാം വാരം കേസ് കോടതി വീണ്ടും പരിഗണിക്കും.

അടച്ചിട്ട കോടതിയില്‍ വാദം കേള്‍ക്കണമെന്ന ഹാദിയയുടെ പിതാവ് അശോകന്റെ അഭിഭാഷന്‍ ശ്യാം ദിവാന്റെ ആവശ്യം തള്ളി തുറന്ന കോടതിയിലാണ് ഹാദിയയുടെ വാദം കോടതി കേട്ടത്. അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കേണ്ട സാഹചര്യമില്ലെന്നും കേസ് തുറന്ന കോടതിയില്‍ വാദം തുടരുമെന്നും കോടതി വ്യക്തമാക്കി. വര്‍ഗീയ പ്രത്യാഘാതങ്ങളുണ്ടാവുന്ന കേസാണിതെന്നും അതിനാല്‍ രഹസ്യവാദം വേണമെന്നുമുള്ള അശോകന്റെ അഭിഭാഷകന്റെ വാദവും കോടതി മുഖവിലക്ക് എടുത്തില്ല.

ഒരു സ്ത്രീക്ക് അവളുടെ ജീവിതം നിര്‍ണയിക്കാന്‍ അവകാശമുണ്ടെന്ന് ഹാദിയയുടെ ഭര്‍ത്താവ ഷെഫിന്‍ ജഹാന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. ഹാദിയയുടെ നിലപാട് എന്താണെന്നാണ് സുപ്രീംകോടതി അറിയേണ്ടതെന്നും കപില്‍ സിബല്‍ വ്യക്തമാക്കി. വ്യക്തിസ്വാതന്ത്ര്യത്തിന്റെ പ്രശ്നത്തില്‍ വര്‍ഗീയത കലര്‍ത്തരുത്. ഒരു സ്ത്രീക്ക് അവളുടെ ജീവിതം നിര്‍ണയിക്കാന്‍ അവകാശമുണ്ട്. തെറ്റായ തീരുമാനമാണെങ്കിലും അത് അവളുടെ തീരുമാനമാണെന്നും കപില്‍ സിബല്‍ വ്യക്തമാക്കി.

ഷെഫറിന്‍ ജഹാന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണെന്നും ഐഎസ് റിക്രൂട്ടര്‍ മന്‍സി ബുറാഖിനോട് ഷെഫിന്‍ ജഹാന്‍ സംസാരിച്ചിട്ടുണ്ടെന്നും അശോകന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ഹാദിയ മാധ്യമങ്ങളോട് സംസാരിച്ചത് ഈ സംഘടനകളുടെ സ്വാധീനത്താലാണെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.

കനത്ത സുരക്ഷാ വലയത്തിലാണ് ഹാദിയയെ കേരള ഹൗസില്‍ നിന്ന് സുപീം കോടതിയില്‍ എത്തിച്ചത്. ബുള്ളറ്റ് പ്രൂഫ് വാഹനത്തിലായിരുന്നു യാത്ര.
ഹാദിയയുടെ ഭര്‍ത്താവ് ശഫിന്‍ ജഹാന്‍ നേരത്തെ സുപ്രീം കോടതിയില്‍ എത്തിയിരുന്നു.

ശനിയാഴ്ചയാണ് രക്ഷിതാക്കളോടൊപ്പം അഞ്ചംഗ പോലീസ് സംഘത്തിന്റെ അകമ്പടിയോടെ ഹാദിയ ഡല്‍ഹിയിലെത്തിയത്. കേസില്‍ തത്സ്ഥിതി റിപ്പോര്‍ട്ട് മൂന്ന് സീല്‍ ചെയ്ത കവറില്‍ കഴിഞ്ഞയാഴ്ച എന്‍ ഐ എ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. മതം മാറിയതും ശഫിന്‍ ജഹാനെ വിവാഹം കഴിച്ചതും സ്വന്തം ഇഷ്ടപ്രകാരമാണെന്നാണ് ഹാദിയ മൊഴി നല്‍കിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മതം മാറിയത് ആരുടേയും നിര്‍ബന്ധപ്രകാരമല്ല, ഇക്കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള നേട്ടങ്ങള്‍ തനിക്ക് ഉണ്ടായിട്ടില്ലെന്നും എന്‍ ഐ എ മുമ്പാകെ ഹാദിയ വ്യക്തമാക്കിയിട്ടുണ്ട്. തനിക്ക് നീതി ലഭിക്കണമെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്നും ഭര്‍ത്താവിനൊപ്പം പോകാനാണ് താത്പര്യമെന്നും കഴിഞ്ഞ ദിവസം കൊച്ചി വിമാനത്താവളത്തില്‍ ഹാദിയ മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞിരുന്നു.