അയോധ്യയില്‍ അടുത്ത വര്‍ഷം രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്ന് വി എച്ച് പി

Posted on: November 26, 2017 7:51 pm | Last updated: November 26, 2017 at 7:51 pm
SHARE

ബെംഗളൂരു: അയോധ്യയിലെ രാമജന്മഭൂമിയില്‍ അടുത്ത വര്‍ഷം രാമക്ഷേത്രം നിര്‍മിക്കുമെന്ന അവകാശവാദവുമായി വിശ്വഹിന്ദുപരിഷത്ത് അന്താരാഷ്ട്ര ജോയിന്റ് സെക്രട്ടറി സുരേന്ദ്ര കുമാര്‍ ജെയിന്‍ രംഗത്ത്. അടുത്തവര്‍ഷം ഒക്ടോബര്‍ 18 ന് രാമക്ഷേത്രത്തിന്റെ നിര്‍മാണം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉഡുപ്പിയില്‍ നടന്നുവരുന്ന വിശ്വഹിന്ദുപരിഷത്തിന്റെ ധര്‍മ സന്‍സദില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് സുരേന്ദ്ര ജെയിന്റെ ഇത് സംബന്ധിച്ച പരാമര്‍ശം.

ആര്‍ എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ രാമക്ഷേത്ര നിര്‍മാണ പരാമര്‍ശം വന്നതിന് പിന്നാലെയാണ് കൂടുതല്‍ വ്യക്തമായ പരാമര്‍ശവുമായി വി എച്ച് പി നേതാവ് രംഗത്തെത്തിയത്. 2018 ല്‍ ഉത്തര്‍പ്രദേശില്‍ പ്രാദേശിക തിരഞ്ഞെടുപ്പ് നടക്കുമെന്നത് മുന്നില്‍ കണ്ടാണ് വി എച്ച് പി പരാമര്‍ശമെന്നാണ് സൂചന. ഇതിലൂടെ ഹിന്ദുവോട്ട് ബേങ്കാണ് വി എച്ച് പി ലക്ഷ്യമിടുന്നതെന്നത് വ്യക്തമാണ്.

ഇത് മൂന്നാമത്തെ തവണയാണ് ധര്‍മസന്‍സദില്‍ പങ്കെടുക്കുന്ന നേതാക്കള്‍ വിവാദ പരാമര്‍ശം നടത്തുന്നത്. വിവാദങ്ങള്‍ക്ക് തുടക്കമിട്ടത് ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവതാണ്. അയോധ്യയിലെ തര്‍ക്ക സ്ഥലത്ത് രാമക്ഷേത്രം നിര്‍മിച്ച് കാവിക്കൊടി ഉയരുന്ന കാലം അതിവിദൂരമല്ലെന്നായിരുന്നു മോഹന്‍ ഭാഗവത് പ്രസ്താവിച്ചത്.