പ്രയാര്‍ ഗോപാലകൃഷ്ണനും അജയ് തറയിലിനുമെതിരെ വിജിലന്‍സ് അന്വേഷണം

Posted on: November 26, 2017 7:20 pm | Last updated: November 27, 2017 at 9:29 am
SHARE

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും അംഗം അജയ് തറയിലും വ്യാജരേഖ ചമച്ചെന്ന ആരോപണത്തില്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആരോപണങ്ങള്‍ ആദ്യഘട്ടത്തില്‍ ദേവസ്വം വിജിലന്‍സ് അന്വേഷിക്കും, ആവശ്യമെങ്കില്‍ കൂടുതല്‍ അന്വേഷണം പ്രഖ്യാപിക്കും.

2016 ആഗസ്റ്റ് 16ന് തിരുവനന്തപുരത്ത് നടന്ന ബോര്‍ഡ് യോഗത്തിന്റെ മിനിട്ട്‌സ്് പ്രകാരം പ്രയാര്‍ ഗോപാലകൃഷ്ണനും അജയ് തറയിലും ബോര്‍ഡ് യോഗത്തില്‍ പങ്കെടുത്തിട്ടുണ്ട്. ഈ യോഗത്തില്‍ വച്ചാണ് 1.15 കോടി രൂപയുടെ മരാമത്ത് പണിക്ക് അനുമതി നല്‍കിയടക്കം 26 സുപ്രധാന തീരുമാനങ്ങളും കൈക്കൊണ്ടത്. പക്ഷെ ഈ യോഗത്തില്‍ ഇരുവരും പങ്കെടുത്തില്ലെന്ന് തെളിയിക്കുന്നതാണ് ഇവര്‍ സമര്‍പ്പിച്ചിട്ടുള്ള യാത്രാപ്പടി കണക്കുകള്‍. അന്നേ ദിവസം ഇരുവരും ശബരിമലയിലേക്ക് യാത്ര ചെയ്തതായാണ് രേഖകള്‍. ഇതിന് യാത്രാബത്ത വാങ്ങിയിട്ടുണ്ടെന്നും വ്യക്തമാണ്.

യാത്ര ചെയ്തിട്ടാണ് ബത്ത വാങ്ങിയതെങ്കില്‍ തിരുവനന്തപുരത്ത് ബോര്‍ഡ് യോഗത്തില്‍ പങ്കെടുത്തതായുള്ള മിനിട്ട്‌സ് രേഖകള്‍ വ്യാജമാണ്. അല്ലെങ്കില്‍ യാത്ര ബത്ത അനധികൃതമായി എഴുതി വാങ്ങുകയായിരുന്നു. അതിനാല്‍ ദേവസ്വം വകുപ്പ് സംശയകരമായ ഈ രേഖകള്‍ പരിശോധിക്കുകയാണ്. കോടിക്കണക്കിന് രൂപയുടെ അഴിമതി ആരോപണം നേരിടുന്ന സെക്രട്ടറി വി എസ് ജയകുമാര്‍ മിനിട്ട്‌സ് എഴുതി തയ്യാറാക്കിയെന്നാണ് സര്‍ക്കാര്‍ സംശയിക്കുന്നത്.

മരാമത്ത് പണി, കോടികളുടെ നിക്ഷേപം, താല്‍ക്കാലിക നിയമനം എന്നിവയടക്കം നയപരമായ പല തീരുമാനങ്ങളും യോഗത്തില്‍ എടുത്തിട്ടുണ്ട്. തീരുമാനങ്ങളില്‍ പിന്നീട് ഇരുവരും ഒപ്പുവെച്ചതാവാമെന്നാണ് സംശയം. ആഗസ്റ്റ്് സെപ്റ്റംബര്‍ മാസങ്ങളിലെ പല യോഗങ്ങളിലേയും മിനിട്ട്‌സുകളില്‍ ഒപ്പുവെച്ചതായും അതേ ദിവസം യാത്രാ ബത്ത വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച രേഖകള്‍ സര്‍ക്കാര്‍ ശേഖരിച്ചിട്ടുണ്ട്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്റും അജയ് തറയില്‍ അംഗവുമായിരിക്കേ ഏറ്റവും കൂടുതല്‍ അഴിമതി നടന്നതു മരാമത്തുപണികളുടെ പേരിലാണെന്ന വാര്‍ത്തയും നേരത്തെ പുറത്തു വന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here