ഹാദിയയെ മാനസിക രോഗിയായി ചിത്രീകരിച്ച് സുപ്രിം കോടതി വിധി അനുകൂലമാക്കാന്‍ ശ്രമം

Posted on: November 26, 2017 5:13 pm | Last updated: November 27, 2017 at 9:28 am
SHARE

ന്യൂഡല്‍ഹി: ഹാദിയക്ക് മാനസികരോഗമുണ്ടെന്ന് വരുത്തിത്തീര്‍ത്ത് സുപ്രിം കോടതി വിധി അനുകൂലമാക്കാന്‍ ശ്രമം. ഹാദിയക്ക് മാനസികരോഗമുള്ളതായി പിതാവ് അശോകന്റെ അഭിഭാഷകന്‍ പറഞ്ഞു. ഹാദിയയുടെ പെരുമാറ്റം മാനസിക സ്ഥിരത ഉള്ളതു പോലെയല്ല. കുടുംബാംഗങ്ങളെ ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നുണ്ട്. ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു. അശോകനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അഭിഭാഷകന്‍ മാധ്യമങ്ങളെ കണ്ടത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടുമ്പോള്‍ ഹാദിയ തന്റെ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഹാദിയയെ മാനസിക രോഗിയായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. ഹാദിയയെ സ്വയം തീരുമാനമെടുക്കാന്‍ ശേഷിയിലാത്ത ആളായി ചിത്രീകരിക്കുക വഴി അവരുടെ മൊഴിയുടെ പ്രസക്തി നഷ്ടപ്പെടുത്തുകയാണ് പിതാവ് അശോകന്റെ ലക്ഷ്യം. താന്‍ മുസ്ലിമാണെന്നും തനിക്ക് ഭര്‍ത്താവിനൊപ്പം ജീവിക്കണമെന്നുമുള്ള നിലപാട് ഹാദിയ ഇന്നലെ തുറന്നുപറഞ്ഞതോടെ ഹാദിയ കോടതിയില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമായിരുന്നു.