സുഹ്‌റാബുദ്ദിന്‍ കേസ്: ജഡ്ജിയുടെ മരണം സുപ്രീം കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് യശ്വന്ത് സിന്‍ഹ

Posted on: November 26, 2017 1:34 pm | Last updated: November 26, 2017 at 5:14 pm
SHARE

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പ്രതിയായ ഗുജറാത്തിലെ സുഹ്‌റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ച് ജഡ്ജി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം സുപ്രീം കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ. കേസില്‍ തുടക്കം മുതല്‍ ഒത്തുതീര്‍പ്പുകള്‍ ഉണ്ടായതായി സംശയിക്കണമെന്നും മനോരമ ന്യൂസ് ചാനലിന് നലകിയ അഭിമുഖത്തില്‍ യശ്വന്ത് സിന്‍ഹ വ്യക്തമാക്കി.

ആദ്യം വാദംകേട്ട ജഡ്ജി ദുരൂഹസാഹചര്യത്തില്‍ മരിച്ചതും ഈ ജഡ്ജിക്ക് ബോംബെ ഹൈക്കോടതിയിലെ മറ്റൊരു ജഡ്ജി 100 കോടി രൂപ കോഴ വാഗ്ദാനം ചെയ്തുവെന്ന ആരോപണവും അതീവ ഗൗരതരമാണെന്ന് യശ്വന്ത് സിന്‍ഹ പറഞ്ഞു. ഇത്തരം സംശയങ്ങള്‍ ദുരീകരിക്കാനുള്ള ബാധ്യത ജുഡീഷ്യറിക്ക് ഉണ്ടെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കി.

സൊഹ്‌റാബുദിന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വിചാരണയ്ക്കിടെ 2014 ഡിസംബര്‍ ഒന്നിന് നാഗ്പുരില്‍വച്ചാണ് ജസ്റ്റീസ് ലോയ മരണപ്പെട്ടത്. ജസ്റ്റീസ് ലോയയുടെ മരണത്തിനുശേഷം ജസ്റ്റീസ് എം.ബി. ഗോസാവിയാണ് സൊഹ്‌റാബുദിന്‍ കേസില്‍ വിചാരണ കേട്ടത്. ഒരു മാസത്തിനുള്ളില്‍ പ്രതിഭാഗം വാദം അംഗീകരിച്ച ജസ്റ്റീസ് ഗോസാവി അമിത് ഷായെ കുറ്റവിമുക്തനാക്കി വിധി പറയുകയും ചെയ്തിരുന്നു.

2005 നവംബറില്‍ സൊഹ്‌റാബുദീന്‍ ഷെയ്ഖിനെയും ഭാര്യ കൗസര്‍ബിയെയും ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) ഹൈദരാബാദില്‍ നിന്നു തട്ടിക്കൊണ്ടുപോയി വ്യാജ ഏറ്റുമുട്ടലില്‍ വധിച്ചെന്നാണു കേസ്. കേസിലെ 38 പ്രതികളില്‍ 15 പേരെ കോടതി വിട്ടയച്ചു. ഇതില്‍ 14 പേരും ഐപിഎസ് ഉദ്യോഗസ്ഥരായിരുന്നു.