ഹാഫിസ് സഈദിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ബന്ധം തകരും; പാക്കിസ്ഥാനോട് അമേരിക്ക

Posted on: November 26, 2017 12:36 pm | Last updated: November 26, 2017 at 8:01 pm

വാഷിംഗ്ടണ്‍: പാക്കിസ്ഥാന്‍ കഴിഞ്ഞ ദിവസം വിട്ടയച്ച ജമാഅത്തുദ്ദഅ്‌വ നേതാവ് ഹാഫിസ് സഈദിനെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം വഷളാകുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. വൈറ്റ്ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് പാക്കിസ്ഥാന് താക്കീത് നല്‍കുന്നത്. ഹാഫിസ് സഈദിനെ വിട്ടയച്ചതിലൂടെ ഭീകരര്‍ക്ക് സ്വന്തം മണ്ണില്‍ അഭയം നല്‍കില്ലെന്ന പാക്കിസ്ഥാന്റെ വാദം നുണയാണെന്ന് തെളിയുകായാണെന്നും വൈറ്റ്ഹൗസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

പാക്കിസ്ഥാനില്‍ വീട്ടുതടങ്കലില്‍ കഴിയുകയായിരുന്നു ഹാഫിസ് സഈദിനെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോചിപ്പിച്ചത്. ലാഹോര്‍ ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നായിരുന്നു മോചനം. 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ കൂടിയായ ഹാഫിസ് സഈദിനെ യുഎസ് സമ്മര്‍ദത്തെ തുടര്‍ന്നാണ് പാക്കിസ്ഥാന്‍ തടവില്‍ പാര്‍പ്പിച്ചിരുന്നത്.