Connect with us

Articles

കടലിനും പനിക്കുന്നുണ്ട്...

Published

|

Last Updated

കടലിന്റെ കരുണ അനുഭവിക്കാത്തവരായി ആരുമുണ്ടാകില്ല. കടല്‍ നല്‍കുന്ന കാലാവസ്ഥയും ഒരിക്കലും വറ്റാത്ത തന്റെ മടിത്തട്ടില്‍ നിന്നു കടല്‍ പകര്‍ന്നു നല്‍കുന്ന “അന്നവും വെള്ളവും”കോരിക്കുടിക്കാത്തവരായി തീരദേശത്തോട് ചേര്‍ന്ന് ജീവിക്കുന്ന കേരളക്കരയില്‍ ഒരാള്‍ പോലുമുണ്ടാകില്ലെന്ന് ആര്‍ക്കും അറിയാത്ത കാര്യമല്ല. എന്നാല്‍ കടലിന്റെ വേവും ആവലാതിയും സങ്കടവും അറിയാന്‍ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്ന് ഞൊടിയിടയില്‍ നമ്മളുത്തരം നല്‍കും. ഇടക്കെപ്പോഴെങ്കിലും ഉറഞ്ഞു തുള്ളി ആര്‍ത്തലച്ചുവരുന്ന കടലിന്റെ ഭാവമാറ്റത്തെ ശപിച്ചു മാറി നില്‍ക്കുമ്പോഴും കടലിന്റെ പ്രശ്‌നങ്ങളെന്തെന്നും കടലിനോട് നമ്മള്‍ ചെയ്തു കൂട്ടുന്നതെന്തെന്നും അറിയേണ്ടതുണ്ടെന്ന് പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അടുത്തിടെയായി പുറത്തുവരുന്ന പഠനങ്ങള്‍ പ്രകാരം കടലിനും വല്ലാതെ “പനി”ച്ചുതുടങ്ങിയിട്ടുണ്ടത്രെ.
ആഗോളതാപനവും മലിനീകരണവും കടലിന്റെ സ്വഭാവത്തെ മാറ്റിമറിക്കുന്നുവെന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗവേഷകര്‍ ഉദാഹരണം സഹിതം തെളിയിക്കുമ്പോള്‍ വരാനിരിക്കുന്ന വലിയൊരു ദുരന്തത്തിന്റെ സൂചകമായിത്തന്നെ വേണം അതിനെ കാണാന്‍. കടല്‍ത്തീരങ്ങളിലും കടലിലും വികസനത്തിന്റെ പേരില്‍ നടത്തുന്ന സുചിന്തിതമല്ലാത്തതും ദീര്‍ഘവീക്ഷണമില്ലാത്തതും ആഘാത- പ്രത്യാഘാതങ്ങള്‍ ശാസ്ത്രീയമായി പഠിച്ചറിയാത്തതുമായ നിര്‍മാണങ്ങളും വികസന പദ്ധതികളും സമ്പദ്‌സമൃദ്ധമായ തീരക്കടലിന്റെ ജൈവാവാസവ്യവസ്ഥയെ തകര്‍ക്കുമെന്ന് ആര്‍ക്കുമറിയാത്ത കാര്യമല്ല. എന്നിട്ടും കടലിന്റെ ആധിയും നോവും എന്തു കൊണ്ടാണ് നമുക്ക് അറിയാന്‍ കഴിയാതെ പോകുന്നത്? ആഗോള താപനം, വ്യാവസായിക മലിനീകരണം, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വന്‍തോതില്‍ ജലത്തില്‍ ലയിക്കുന്നത്, അമിതമായ മത്സ്യബന്ധനം എന്നിവ മൂലമെല്ലാം കടല്‍ വല്ലാതെ മാറിമറിയുന്നുണ്ടെന്നാണ് പഠനങ്ങള്‍ ഒന്നൊന്നായി ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കണ്ടുവരുന്ന കാലാവസ്ഥാ വ്യതിയാനം ഗുരുതരമായ പ്രത്യാഘാതങ്ങളാണ് കരയില്‍ ഉണ്ടാക്കിയിട്ടുള്ളത്. എന്നാല്‍ കരയിലെ വിസ്തൃതിയേക്കാള്‍ അത് കൂടുതല്‍ പ്രതികൂലമായി ബാധിച്ചതും തകര്‍ച്ചകളുണ്ടാക്കിയതും കടലിനെത്തന്നെയാണ്. കരയിലെ പരിസ്ഥിതിനാശങ്ങളെ മരം നട്ടും പുഴയെ വീണ്ടെടുത്തുമെല്ലാം പതിയെ ഏതെങ്കിലും തരത്തില്‍ പരിഹരിക്കാനുള്ള ശ്രമമെങ്കിലും നാം നടത്തുന്നുണ്ട്. എന്നാല്‍ കടലിലുണ്ടാകുന്ന മാറ്റങ്ങള്‍ പരിഹരിച്ചു പൂര്‍വസ്ഥിതിയിലെത്തിക്കുക വളരെ പ്രയാസം തന്നെയാണ്.

ആഗോളതാപനമാണ് കടലിനെ നാശത്തിലേക്ക് കൊണ്ടെത്തിക്കുന്നതിലെ പ്രധാന ഘടകങ്ങളിലൊന്ന്. ആഗോളതാപനം മൂലം ചൂടുകൂടുമ്പോള്‍ കടല്‍വെള്ളവും വികസിക്കും. ആഗോളതാപനം മൂലം സമുദ്രജലത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ അറ്റ്‌മോസ്ഫിയറിക്ക് റിസര്‍ച്ചിലെ ഗവേഷകരുടെ നിരീക്ഷണപ്രകാരം 2030 -40 ആകുമ്പോഴേക്കും ഇത് കൂടുതല്‍ മേഖലയിലേക്ക് പടരുമത്രേ. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കന്‍ മേഖല, പസഫിക്ക് സമുദ്രത്തിന്റെ കിഴക്കന്‍ ഉഷ്ണ മേഖല, അത്‌ലാന്റിക് എന്നിവിടങ്ങളിലാണ് നിലവില്‍ ഈ അവസ്ഥ കാണപ്പെടുന്നത്. സമുദ്രജലത്തില്‍ ഓക്‌സിജന്റെ അളവ് കുറയുന്നത് മത്സ്യങ്ങള്‍ക്കും കടല്‍ നക്ഷത്രങ്ങള്‍ക്കും മറ്റ് കടല്‍ ജീവികള്‍ക്കും ഒരു പോലെ ഭീഷണിയാണ്. സമുദ്രത്തിലെ ഓക്‌സിജന്റെ അളവ് സമുദ്രോപരിതലത്തിലെ ഊഷ്മാവ്, കാറ്റ് എന്നിവയുമായി ബന്ധപ്പെട്ടതാണ്. ഇവിടെ നിന്നാണ് സമുദ്രത്തിന്റെ അടിത്തട്ട് വരെ ഓക്‌സിജന്‍ ലഭിക്കുന്നത്. സമുദ്രോപരിതലം ചൂടുപിടിക്കുന്നതോടെ ഇത് സാധ്യമാകാതെ വരുന്നു. സാധാരണയായി അന്തരീക്ഷത്തില്‍ നിന്ന് നേരിട്ടോ മറ്റ് പ്ലവകങ്ങളില്‍ നിന്നോ ആണ് സമുദ്ര ജലത്തില്‍ ഓക്‌സിജന്‍ കലരുക.

വെള്ളത്തിനു ചൂടുപിടിച്ചാല്‍ ഈ പ്രവര്‍ത്തനം വളരെ മന്ദഗതിയിലാകും. ഒരു ഡിഗ്രി ചൂടുകൂടുമ്പോള്‍ ഉഷ്ണമേഖലയിലെ സമുദ്രനിരപ്പ് മൂന്ന് സെന്റീമീറ്റര്‍ ഉയരുമെന്നാണ് കണക്ക്. സമുദ്രജലത്തിന്റെ ഇപ്പോഴുള്ള ഘടനയില്‍ ചെറിയൊരു മാറ്റം സംഭവിച്ചാല്‍, വെള്ളം ചൂടായാല്‍ കടല്‍ജീവികള്‍ കൂട്ടത്തോടെ നശിക്കും. ലോകം പട്ടിണിയിലാകും എന്നതാണ് കടല്‍ ആവാസവ്യവസ്ഥ നശിക്കുന്നതിലൂടെയുണ്ടാകുന്ന ദുരന്തം. ലോക ജനസംഖ്യയുടെ പകുതിയിലധികം സമുദ്രതീരത്തോട് 60 കി.മീ വരെ അകലത്തിലാണ് ഇപ്പോള്‍ കഴിയുന്നത്. കരയെ കടല്‍ വിഴുങ്ങിയാല്‍ ഇത്രയേറെ ജനസമൂഹത്തിന്റെ ജീവനും ജീവിതവും അപകടത്തിലാകും. കൃഷി, പാര്‍പ്പിടം, കരയിലെ ജൈവസമ്പത്ത് എന്നിവ നശിക്കും. കരയുടെ പാരിസ്ഥിതിക സന്തുലിതാവസ്ഥയും അപകടത്തിലാകുമെന്നത് പ്രത്യേകം പറയേണ്ടതുമില്ല. യൂറോപ്യന്‍ രാജ്യങ്ങളിലെ കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് ജിയോ സിസ്റ്റം പ്രഫസര്‍ മിലസ് അലന്‍ കോര്‍ക്ക് യൂനിവേഴ്‌സിറ്റിയുടെ എന്‍വിയോണ്‍മെന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഭാഗമായി നടത്തിയ പഠനത്തില്‍ കടല്‍ നിരപ്പ് കൂടുക, കടല്‍ കരയിലേക്ക് കയറി വരിക തുടങ്ങിയ സമുദ്ര പ്രതിഭാസങ്ങളെ അതിഭീകരമായ രീതിയില്‍ ലോകത്തെ വിവിധ രാജ്യങ്ങള്‍ നേരിടേണ്ടി വരുമെന്നു പറയുന്നുണ്ട്. ലോക കാലാവസ്ഥാ സംഘടന (ഡബ്ലിയു എം ഒ)യുടെ പശ്ചിമേഷ്യന്‍ പ്രതിനിധിയുടെ നിരീക്ഷണപ്രകാരം ആഗോള താപനത്തിന്റെ ഭാഗമായി കടല്‍ നിരപ്പ് ഉയരുന്നത് ബഹ്‌റൈന്‍ അടക്കമുള്ള അറബ്, ഗള്‍ഫ് മേഖലക്ക് വലിയ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. കേരളത്തിലും കടലില്‍ ആഗോളതാപനം സൃഷ്ടിക്കുന്ന ദുരന്തങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നേരത്തെ പുറത്തു വന്നതാണ്. ഗോവയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യനോഗ്രഫിയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ ആഗോള താപനം ഉണ്ടാക്കുന്ന പ്രതിഭാസത്തില്‍ വര്‍ഷങ്ങള്‍ക്കകം കേരളത്തിന്റെ നല്ലൊരു ഭാഗം കടലെടുക്കുമെന്നും കൊച്ചിയെയാണ് ഇത് ഏറെ ബാധിക്കുന്നതെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. ആഗോള താപനം തുടര്‍ന്നാല്‍ ഒരു നൂറ്റാണ്ടിനുള്ളില്‍ സമുദ്ര നിരപ്പ് ഒരു മീറ്റര്‍ മുതല്‍ രണ്ടു മീറ്റര്‍ വരെ ഉയരുമത്രേ. സമുദ്ര നിരപ്പ് ഒരു മീറ്റര്‍ വരെ ഉയര്‍ന്നാല്‍ സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളുടെ 169.11 ചതുരശ്ര കിലോമീറ്റര്‍ വരെ കടലിനടിയിലാകും. രണ്ടു മീറ്റര്‍ വരെ ഉയര്‍ന്നാല്‍ 589.83 ചതുരശ്ര കിലോമീറ്റര്‍ വരെയാകും കടലെടുക്കുക. കടല്‍ നിരപ്പ് ഉയരുന്നത് ഒരു മീറ്ററാണെങ്കില്‍ 43 ചതുരശ്ര കിലോമീറ്റര്‍ വരെ കൊച്ചി നഗരത്തിന് നഷ്ടമാകും. രണ്ടു മീറ്ററാണെങ്കില്‍ 187 ചതുരശ്ര കിലോമീറ്ററായി നഷ്ടത്തിന്റെ വ്യാപ്തി കൂടും. ആഗോളതാപനം മൂലം കടല്‍ക്കാറ്റുകളുടെ വേഗത്തിലുണ്ടായ മാറ്റം, തിരമാലകളുടെ വേഗത്തിലും ശക്തിയിലും ദിശയിലുമുണ്ടായ മാറ്റങ്ങള്‍, ലവണ സാന്ദ്രതയിലുണ്ടായ വര്‍ദ്ധന, കടല്‍ ജലത്തിന്റെ ഊഷ്മാവിലുണ്ടായ വര്‍ദ്ധന, കടല്‍ നീരൊഴുക്കുകളുടെ ഗതിവിഗതികളിലുണ്ടായ മാറ്റങ്ങള്‍, കടല്‍ ജലനിരപ്പുകളിലുണ്ടായ ഉയര്‍ച്ച തുടങ്ങിയവയൊക്കെയുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ അത്യന്തം ഗൗരവമേറിയത് തന്നെയാണ്.

കടലിലെ ജൈവസമ്പത്തുകളുടെ നിലനില്‍പ്പിനെ പ്രതികൂലമായി ബാധിക്കുന്ന മറ്റൊന്ന് ജലമലിനീകരണമാണ്. എല്ലാ മാലിന്യവും നിക്ഷേപിക്കപ്പെടുന്ന അവസാന കേന്ദ്രമായി ഇപ്പോള്‍ കടല്‍ മാറിക്കഴിഞ്ഞു. ഫാക്ടറികളും വ്യവസായ ശാലകളുമടക്കം സകലവിധ മാലിന്യങ്ങളും കടലില്‍ നിക്ഷേപിക്കപ്പെടുന്നു. എത്രയോ ആഴവും പരപ്പുമുള്ള കടലില്‍ എന്ത് മാലിന്യപ്രശ്‌നമാണ് സംഭവിക്കുകയെന്ന അബദ്ധധാരണ മൂലമാണ് സകലതും നാം കടലിലേക്ക് തള്ളുന്നത്. എന്നാല്‍ ഇതിന്റെ പ്രത്യാഘാതം വളരെ വലുതാണെന്ന് കടല്‍ തന്നെ ചില ലക്ഷണങ്ങള്‍ വഴി നമുക്ക് കാട്ടിത്തരുന്നുണ്ട്. ഓരോ വര്‍ഷവും 2000 കോടി ടണ്‍ മാലിന്യം കടലിലേക്ക് എത്തുന്നുവെന്നാണ് കണക്ക്. പല തരത്തിലുള്ള വിഷാംശങ്ങള്‍ പല വഴിയില്‍ കടലിലെത്തുന്നുണ്ട്. നദികളിലൂടെ എത്തിച്ചേരുന്ന മാലിന്യത്തിനു പുറമെ തുറമുഖങ്ങളില്‍ നിന്നും പുറന്തള്ളുന്ന മാലിന്യം, കാര്‍ബണിക മാലിന്യങ്ങള്‍, അപകടകരമായ ലോഹങ്ങള്‍, റേഡിയോ ആക്ടീവ് പദാര്‍ഥങ്ങള്‍ തുടങ്ങി ഇവയുടെ നിര നീളുന്നു. ലോകത്ത് ഇന്നുള്ള കടല്‍ പക്ഷികളില്‍ 90 ശതമാനവും പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്നും ഭീഷണി നേരിടുന്നതായി നാഷനല്‍ അക്കാദമി ഓഫ് സയന്‍സസിന്റെ മറ്റൊരു പഠന റിപ്പോര്‍ട്ടും അടുത്തിടെ പുറത്തു വന്നിരുന്നു. അതായത് കടലില്‍ നാം നിറക്കുന്ന മാലിന്യത്തിന്റെ വലിയൊരു പങ്ക് പ്ലാസ്റ്റിക്കാണെന്നര്‍ഥം. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തോടുകളും പുഴകളും വഴിയാണ് കടലിലെത്തുന്നത്.

നേരിട്ട് കടലിലേക്ക് പ്ലാസ്റ്റിക് തള്ളുന്നവരുമുണ്ട്. ഒരു തവണ ഉപയോഗിച്ച പ്ലാസ്റ്റിക് ഉപേക്ഷിക്കുന്നതാണ് ഇത്രയും മാലിന്യങ്ങള്‍ കുന്നുകൂടാന്‍ കാരണം. കടലില്‍ നടത്തിയ ഒരു നിരീക്ഷണ പ്രകാരം 504 ഇനം മത്സ്യങ്ങളെ പരിശോധിച്ചതില്‍ 184 മത്സ്യങ്ങളുടെ ഉദരത്തിലും പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയത്രേ. കടലിലെത്തുന്ന പ്ലാസ്റ്റിക്കുകള്‍ ചെറിയ തരികളായി മാറുകയും ഇത് മത്സ്യം ഉള്‍പ്പെടെയുള്ള കടല്‍ ജീവികള്‍ ഭക്ഷണമാക്കുകയുമാണ് ചെയ്യുന്നത്. മത്സ്യത്തിലൂടെ അത് കഴിക്കുന്ന ഭൂരിപക്ഷം മനുഷ്യരിലും ഈ പ്ലാസ്റ്റിക്കെത്തുമെന്ന കാര്യം പറയേണ്ടതില്ലല്ലോ.

2050 ആകുമ്പോഴേക്കും സമുദ്രത്തില്‍ മത്സ്യത്തേക്കാള്‍ കൂടുതല്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറയുന്നുവെന്ന് ലോക സാമ്പത്തിക ഫോറം കഴിഞ്ഞ വര്‍ഷം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. ഓരോ വര്‍ഷവും 80 ലക്ഷം ടണ്‍ വീതം പ്ലാസ്റ്റിക് കടലിലെത്തുന്നുണ്ടത്രേ. ഓരോ മിനുട്ടിലും ഒരു ലോറി പ്ലാസ്റ്റിക് എന്ന അളവിലാണിത്. കേരളത്തിന്റെ തീരത്തും കടലില്‍ പ്ലാസ്റ്റിക് മാലിന്യത്തിന്റെ തോത് കുറച്ചൊന്നുമല്ലെന്ന് അടുത്തിടെ ഫിഷറീസ് മന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ശുചീകരണ പരിപാടിയില്‍ തന്നെ കണ്ടെത്തിയിരുന്നു. ഒരു ശുചീകരണ പരിപാടിക്കിടെ നീണ്ടകര, ശക്തികുളങ്ങര ഭാഗത്തു നിന്ന് മാത്രം 250 ടണ്‍ പ്ലാസ്റ്റിക്കാണ് ശേഖരിച്ചത്. മത്സ്യത്തൊഴിലാളികളാണ് കടലില്‍ നിന്നുള്ള മാലിന്യം ഒന്നാകെ ചാക്കിലാക്കി കരയിലെത്തിച്ചത്. കടലിനുണ്ടാകുന്ന മാറ്റങ്ങള്‍, മത്സ്യ സമ്പദ്‌ശേഖരത്തിന്റെ നിലനില്‍പ്പിനെ ഇല്ലാതാക്കും എന്നതില്‍ ആര്‍ക്കും സംശയമില്ല. വന്‍ തോതില്‍ മത്സ്യം ലഭ്യമാകുന്ന മേഖലകള്‍ പ്രതിവര്‍ഷം ശോഷിച്ചു വരികയാണെന്ന് നിരീക്ഷണം. പല ഇനം മത്സ്യങ്ങളുടെയും ഓരോ വര്‍ഷവും ലഭിക്കുന്ന അളവ് കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും കണ്ടെത്തുന്നുണ്ട്. പ്രകൃതി പരിസ്ഥിതി സന്തുലന പ്രക്രിയയിലൂടെ മാത്രം നിലനിന്നുവരുന്ന വൈവിധ്യമാര്‍ന്ന ജൈവ ആവാസവ്യവസ്ഥയാണ് മലിനീകരണത്തിലൂടെ കടലിനു നഷ്ടമായത്. ഈ ആവാസ വ്യവസ്ഥ തകര്‍ന്നതു മൂലം കനത്ത നഷ്ടമാണ് നമുക്ക് മേല്‍ വന്നു പതിക്കുന്നത്. കേരളത്തില്‍ ഇന്നു കാണുന്ന മത്സ്യസമ്പത്തിന്റെ ശോഷണം കടല്‍മലിനീകരണത്തിന്റെ ഗൗരവകരമായ ചിന്തയിലേക്കാണ് വഴി ചൂണ്ടുന്നത്.

മലിനീകരണം അധികമാകുന്ന കടല്‍ ഭാഗങ്ങളില്‍ നിന്ന് മത്സ്യങ്ങളും മറ്റ് ജലജീവികളും ഗതിമാറി പോവുക സാധാരണമാണെന്നാണ് ഇതു സംബന്ധിച്ചുള്ള മറ്റൊരു നിരീക്ഷണം. ജലത്തിലടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ മത്സ്യത്തിന്റെ ഗുണമേന്മയും• ഇല്ലാതാക്കുന്നുണ്ട്. വംശനാശ ഭീഷണി നേരിടുന്ന മത്സ്യങ്ങളുടേയും മറ്റു ജലജീവികളുടേയും എണ്ണം വര്‍ധിച്ചുവരുന്നതായാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. മുന്‍കാലങ്ങളില്‍ ലഭിച്ചിരുന്ന സ്രാവ്, തേഡ്, തെരണ്ടി, കിളിവരണ്ട, ചെമ്പല്ലി തുടങ്ങിയ ഇനം മത്സ്യങ്ങള്‍ തീര്‍ത്തും ലഭ്യമല്ലാതായിത്തീര്‍ന്നിരിക്കുന്നതും നെമ്മീന്‍, വറ്റ, ആവോലി, പരവ, വാള, കിളിമീന്‍ തുടങ്ങി കേരളത്തില്‍ ധാരാളമായി ലഭിച്ചുകൊണ്ടിരുന്ന നല്ല ഇനം മത്സ്യങ്ങളില്‍ പലതിന്റേയും ലഭ്യത ഗണ്യമായി കുറഞ്ഞിരിക്കുന്നതും കടല്‍ മത്സ്യ സമ്പത്തിന്റെ ശോഷണം ശക്തമായതിനു കാരണമായി കണക്കാക്കുന്നുണ്ട്. കടല്‍ മലിനീകരിക്കപ്പെടുന്നതിലൂടെ കടലിലെ ജീവന്റെ സാന്നിധ്യത്തിനു ഭീഷണിയാവുന്നത് മനുഷ്യനെയാണ് ഏറ്റവുമധികം ബാധിക്കുന്നത്.

 

 

 

 

 

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി