Connect with us

Editorial

ഈജിപ്തിലെ ഭീകരാക്രമണം

Published

|

Last Updated

അത്യന്തം പൈശാചികമായ ഭീകരാക്രമണമാണ് ഈജിപ്തിലെ വടക്കന്‍ പ്രദേശമായ സിനായിലെ പള്ളിയില്‍ വെള്ളിയാഴ്ച നടന്നത്. ഇസ്‌റാഈല്‍- ഫലസ്തീന്‍ അതിര്‍ത്തി മേഖലയായ ബിന്‍ അല്‍ അബ്ദ് പട്ടണത്തിലെ അല്‍റൗള പള്ളിയില്‍ ജുമുഅ: നിസ്‌കാരം കഴിഞ്ഞു പുറത്തിറങ്ങാനിരുന്ന വിശ്വാസികള്‍ക്കു നേരെയാണ് നാലു വാഹനങ്ങളിലായി എത്തിയ നാല്‍പ്പതോളം ഭീകരര്‍ യന്ത്രവത്കൃത തോക്കുകള്‍ ഉപയോഗിച്ചു തുരുതുരാ നിറയൊഴിച്ചത്. സംഭവത്തില്‍ 230 പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഈജിപതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണമാണിത്. പാക്കിസ്ഥാന്‍ സിന്ധ് പ്രവിശ്യയിലെ ലാല്‍ ഷെഹ്ബാസ് ഖലന്തര്‍ സൂഫി ദര്‍ഗയില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ആക്രമണത്തിന്റെ മറ്റൊരു പതിപ്പായി വേണം ഇതിനെ കാണാന്‍. അന്നവിടെ ഇസില്‍ എന്ന നവസലഫികള്‍ നടത്തിയ ചാവേര്‍ ബോംബാക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 72 പേര്‍ കൊല്ലപ്പെട്ടു. എല്ലാ വ്യാഴാഴ്ചകളിലും ദര്‍ഗയില്‍ നടക്കുന്ന പ്രത്യേക പ്രാര്‍ഥനയുടെ ഭാഗമായി നൂറുക്കണക്കിന് വിശ്വാസികള്‍ ഒത്തുകൂടിയപ്പോള്‍ ദര്‍ഗയുടെ മുഖ്യകവാടത്തിലൂടെ പ്രവേശിച്ച സലഫിസ്റ്റ് ഭീകരവാദി അവര്‍ക്കിടയിലേക്ക് ഗ്രനേഡ് എറിയുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 12ന് ബലൂചിസ്ഥാനിലെ കുസ്ദാര്‍ ജില്ലയിലുള്ള ഷാ നൂറാനി ദര്‍ഗയിലും നവസലഫികള്‍ ആക്രമണം നടത്തുകയും 52 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

ഈജിപ്തിലെ അക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും പരമ്പരാഗത ഇസ്‌ലാമിക വിശ്വാസം മുറുകെ പിടിക്കുന്നവരുടെ ആധിപത്യത്തിലുള്ള പള്ളിയിലായതിനാല്‍ ഇസ്‌ലാമിലെ തിരുത്തല്‍ വാദികളും തീവ്രവാദികളുമായ നവസലഫികളോ, ബ്രദര്‍ഹുഡുമായി ബന്ധമുള്ളവരോ ആയിരിക്കും പിന്നിലെന്നാണ് വിശ്വസിക്കപ്പെടുന്നത്. സിനായിയിലെ ഒരു സൂഫി പണ്ഡിതനെ ഇസില്‍ നേരത്തെ കഴുത്തറുത്ത് കൊന്നിരുന്നു. ഈ പ്രദേശത്ത് നബിദിന പരിപാടികള്‍ സാഘോഷം നടന്നു വരുന്നതിനാല്‍ ആക്രമണത്തിന് റബീഉല്‍ അവ്വല്‍ തന്നെ തിരഞ്ഞെടുത്തത് നബദിനാഘോഷത്തോടുള്ള വിയോജിപ്പ് കൊണ്ടു കൂടിയായിരിക്കണം. സൂഫി ചിന്തകള്‍ക്കും ആദര്‍ശങ്ങള്‍ക്കും സ്വാധീനമുള്ള സീനാ പ്രദേശം മുമ്പും ഇവരുടെ ആക്രമണത്തിന് വിധേയമായിട്ടുണ്ട്. സൂഫീ ആശയങ്ങളെയും മുസ്‌ലിംകള്‍ പരമ്പരാഗതമായി ആചരിച്ചു വരുന്ന നബിദിന പരിപാടികളെയും ശക്തമായി എതിര്‍ക്കുന്നവരാണ് നവസലഫികളും ബ്രദര്‍ഹുഡും.

സച്ചരിതരും സമാധാന കാംക്ഷികളും ഇസ്‌ലാമിലെ തനത് ആശയങ്ങളെ മുറുകെ പിടിച്ചവരുമായ ആദ്യകാല മുസ്‌ലിംകളെയാണ് സലഫികള്‍ എന്ന് വിളിക്കപ്പെടുന്നത്. ആ പേര് ദുരുപയോഗം ചെയ്തു പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ നജ്ദില്‍ നിന്നുള്ള ഇബ്‌നുഅബ്ദുല്‍ വഹാബിന്റെ പുത്തന്‍ ആശയങ്ങളുമായി രംഗത്ത് വന്നവരാണ് നവസലഫികള്‍ എന്ന വഹാബികള്‍. അധികാര രാഷ്ട്രീയം ലക്ഷ്യമാക്കി ഇസ്‌ലാമികാദര്‍ശങ്ങളെ വികലമാക്കുന്ന നവസലഫികളുടെ ക്രൂരവിനോദമാണ് ഇസ്‌ലാമിന്റ പരമ്പരാഗത സംസ്‌കാരവും ശിആറുകളെയും തകര്‍ക്കല്‍. ഇസ്‌ലാമിക ലോകം ഏറെ ആദരിക്കുന്ന യൂനുസ് നബി(അ), ശൈഖ് അഹ്മദുല്‍ കബീര്‍ രിഫാഈ(റ), ഇമാം നവവി(റ)തുടങ്ങി നിരവധി മഹത്തുക്കളുടെ മഖ്ബറകളാണ് ഇസില്‍ അറബ് രാഷ്ട്രങ്ങളില്‍ അടുത്തിടെ നടത്തിയ ഭീകരാക്രമണങ്ങള്‍ക്കിടെ തകര്‍ത്തത്.

ഇബ്‌നു അബ്ദുല്‍ വഹാബ് തന്റെ പുതിയ ആശയവുമായി രംഗത്തു വന്ന ഘട്ടത്തില്‍ നൂറുക്കണക്കിന് പണ്ഡിതരെയും ആയിരക്കണക്കിന് വിശ്വാസികളെയും അറുകൊല നടത്തുകയും ഇസ്‌ലാമിക ഗ്രന്ഥാലയങ്ങളും വിജ്ഞാന സമ്പത്തുക്കളും നൂറുക്കണക്കിന് മസാറുകളും മഖ്ബറകളും തകര്‍ക്കുകയും ചെയ്തിരുന്നു. ആ മാതൃകയാണിപ്പോള്‍ നവസലഫികള്‍ പിന്തുടര്‍ന്നു കൊണ്ടിരിക്കുന്നത്. നജ്ദിയന്‍ ചിന്താധാരയെ സ്വീകരിക്കാന്‍ വിസമ്മതിച്ചവര്‍ക്ക് ലോകത്ത് ജീവിക്കാന്‍ അവകാശമില്ലെന്നാണ് ഇവരുടെ വിശ്വാസം. ആശയങ്ങളിലും രാഷ്ട്രീയ ചിന്താഗതിയിലും അബുല്‍ അഅ്‌ലാ മൗദൂദിയുടെ ജമാഅത്തെ ഇസ്‌ലാമിയുടെ അതേ നയം വെച്ചു പുലര്‍ത്തുന്ന മുസ്‌ലിം ബ്രദര്‍ഹുഡും ജമാഅത്തിനെ പോലെ കൊടിയ മതരാഷ്ട്രവാദ പ്രസ്ഥാനമാണ്. ഈജിപ്തിലെ മുല്ലപ്പൂ വിപ്ലവത്തിനിടെ ഹുജ്‌റ്ബ്‌നു അദിയ്യ്(റ)ന്റെതടക്കം സ്വഹാബികളുടെ മഖ്ബറകളും സാംസ്‌കാരിക കേന്ദ്രങ്ങളും അവര്‍ തകര്‍ക്കുകയുണ്ടായി. പരമ്പരാഗത ഇസ്‌ലാമിക വിശ്വാസികളായ ഭരണാധികാരികളെ അവിശ്വാസികളോ ബഹുദൈവാരാധകരോ ആയി മുദ്ര കുത്തി അവര്‍ക്കെതിരെ വിപ്ലവം നടത്തുക ഖവാരിജുകളുടെ പിന്മുറക്കാരായ ഇവരുടെ ശൈലിയാണ്. വ്യത്യസ്ത പേരുകളില്‍ സംഘടനകള്‍ രൂപവത്കരിച്ചു പല തലങ്ങളിലും ഇവര്‍ പ്രവര്‍ത്തിക്കാറുണ്ട്. മുസ്‌ലിം ബ്രദര്‍ ഹുഡിന്റെയും ജമാഅത്തെ ഇസ്‌ലാമിയുടെയും മറ്റൊരു പതിപ്പായിരുന്നു അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റി അധ്യാപകനും മുന്‍ മതകാര്യവകുപ്പ് മന്ത്രിയുമായിരുന്ന ഹുസൈന്‍ അദ്ദഹബിയെ തട്ടിക്കൊണ്ടു പോയി വധിച്ച “ജമാഅത്തു തക്ഫീര്‍ വല്‍ ഹിജ്‌റ”. ഇന്ത്യയിലും വിവിധ പേരുകളില്‍, മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെ പേരില്‍ വരെ ഇവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സമാധാനത്തിന്റെ വക്താക്കളായ മുസ്‌ലിംകളുടെ പേരില്‍ തീവ്രവാദവും ഭീകരവാദവും ആരോപിക്കപ്പെടാന്‍ തുടങ്ങിയത് നവസലഫിസത്തിന്റെയും മൗദൂദിസത്തിന്റെയും വരവോടെയാണ്. ആട്ടിന്‍തോലണിഞ്ഞ ഈ ചെന്നായ്ക്കളെ മുസ്‌ലിം ലോകം കരുതിയിരിക്കേണ്ടതുണ്ട്. ഭീകരതക്കെതിരെ ആഗോള സമൂഹം നടത്തുന്ന പോരാട്ടം ഫലവത്താകണമെങ്കില്‍ ആദ്യമായി ഇത്തരം പ്രസ്ഥാനങ്ങളെയാണ് പിടികൂടേണ്ടത്.

Latest