ശാസ്‌ത്രോത്സവം; വിസ്മയം തീര്‍ത്ത് റോബോട്ടുകള്‍

Posted on: November 25, 2017 11:18 pm | Last updated: November 25, 2017 at 11:18 pm

കോഴിക്കോട്: റോബോട്ടിക് രംഗത്ത് വിപ്ലവകരമായ പരീക്ഷങ്ങളുമായി കുരുന്നുകള്‍. മനുഷ്യന് കടന്നു ചെല്ലാന്‍ പ്രയാസമുള്ള ഏത് അപകട മേഖലകളിലേക്കും ചെന്നെത്താന്‍ കഴിയുന്നത്, ബോംബുകള്‍ നിര്‍വീര്യമാക്കാന്‍ ശേഷിയുള്ളത്, ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടത്തിന് അടിയില്‍ നിന്നും രക്ഷാപ്രവര്‍ത്തനം നടത്താന്‍ സഹായകമായത് തുടങ്ങി ഭാവി ലോകക്രമത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയുന്ന നിരവധി റോബോട്ടുകളാണ് വിദ്യാര്‍ഥികള്‍ നിര്‍മിച്ചിരിക്കുന്നത്. ശാസ്‌ത്രോത്സവം ഹയര്‍സെക്കന്‍ഡറി വിഭാഗം വര്‍ക്കിംഗ് മോഡലിലാണ് വിദ്യാര്‍ഥികളുടെ ഈ വേറിട്ട കണ്ടുപിടിത്തങ്ങള്‍. ഒരു മനുഷ്യന് ചെയ്യാവുന്ന പല കാര്യങ്ങളും തങ്ങള്‍ നിര്‍മിച്ച റോബിയിലൂടെ സാധ്യമാകുമെന്ന് കോട്ടയം സെന്റ് മൈക്കിള്‍ കടുത്തുരിത്തിയിലെ ജെ പി ജയശങ്കറും ബിജോയ് കുര്യനും പറയുന്നു.

സി പ്ലസ് പ്രോഗ്രാം വഴിയാണ് റോബോ സെറ്റ് ചെയ്തിരിക്കുന്നത്. മുന്നില്‍ ഘടിപ്പിച്ച ക്യാമറയാണ് പ്രധാനഭാഗം. കൂടാതെ ഗ്യാസ് സെന്‍സറും ഘടിപ്പിച്ചിട്ടുണ്ട്. റിമോട്ട് വഴിയാണ് റോബോയുടെ നിയന്ത്രണം. എട്ട് മുതല്‍ പതിനായിരം രൂപ ചെലവേ ഈ റോബോ നിര്‍മാണത്തിന് വരുന്നുള്ളുവെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

അപകട സ്ഥലങ്ങളിലേക്ക് എളുപ്പത്തില്‍ കടന്നുചെല്ലാന്‍ കഴിവുള്ള റോബോട്ടിനെ നിര്‍മിച്ചിരിക്കുന്നത് കൊല്ലം വയലാര്‍ ജി എച്ച് എസ് എസിലെ വിദ്യാര്‍ഥികളായ നന്ദു അനിലും എ എസ് കണ്ണനുമാണ്. ഇവര്‍ നിര്‍മിച്ച റോബോട്ടിന്റെ ബെല്‍റ്റുകള്‍ വളരെ എളുപ്പം മാറ്റാം. ഇങ്ങനെ ബെല്‍റ്റ് മാറ്റുന്നതിലൂടെ റോബോട്ടിന് ഏത് പ്രതലത്തിലൂടെയും സഞ്ചരിക്കാന്‍ കഴിയും. ക്യാമറയും റിമോട്ടും കണ്‍ട്രോളറും ഉള്ള ഈ റോബോട്ട് ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ സുഖമായി കടന്നു ചെന്ന് ആളുകള്‍ ഉണ്ടോ എന്ന് പരിശോധിക്കും. ഇതിലെ അള്‍ട്രാസൗണ്ട് സെന്‍സര്‍ ഉപയോഗിച്ച് ആറ് മീറ്റര്‍ ചൂറ്റളവില്‍ ആളുകളുണ്ടെങ്കില്‍ തിരിച്ചറിയാം. ഗ്യാസുകളുടെ ചോര്‍ച്ച മനസിലാക്കാനുള്ള സെന്‍സറുകളും ഈ റോബോട്ടിലുണ്ട്. റിമോട്ട് ഉപയോഗിച്ച് 100 മീറ്റര്‍ അകലത്തില്‍ നിന്ന് പോലും ഈ റോബോട്ടിനെ നിയന്ത്രിക്കാം. പ്രകൃതി ദുരന്ത സമയങ്ങളിലും പ്രതിരോധ മേഖലയിലും വളരെയധികം ഉപകാരപ്പെടുത്താവുന്നതാണ് ഈ റോബോട്ടെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.