ഖത്വറിലെത് സമ്പൂര്‍ണ ലോകകപ്പെന്ന് ഹസന്‍ അല്‍ തവാദി

Posted on: November 25, 2017 10:15 pm | Last updated: November 25, 2017 at 10:15 pm
SHARE

ദോഹ: എല്ലാവര്‍ക്കും ലോകകപ്പ് വേദികളില്‍ എത്താന്‍ കഴിയുന്ന വിധത്തില്‍ പൊതുഗതാഗത സംവിധാനം കാര്യക്ഷമമാക്കിയും അംഗപരിമിതരായ ഫുട്‌ബോള്‍ ആസ്വാദകര്‍ക്കായി പ്രത്യേക പരിചരണം ഉറപ്പാക്കിയുമുള്ള സമ്പൂര്‍ണ ലോകകപ്പായിരിക്കും ഖത്വറിലെതെന്ന് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദി. ഫിഫ ലോകകപ്പിനായി അംഗപരിമിതര്‍ക്കായി ഒരുക്കുന്ന സൗകര്യങ്ങളെക്കുറിച്ച് വിശദീകരിക്കുകയും അവര്‍ക്ക് എന്തൊക്കെയാണ് സൗകര്യങ്ങള്‍ വേണ്ടതെന്ന് മനസിലാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് സുപ്രീം കമ്മിറ്റി സംഘടിപ്പിച്ച രണ്ടാമത് അക്‌സസിബിലിറ്റി ഫോറത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

കായിക പരിപാടികളുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും സമഗ്രമായ ലോകകപ്പായിരിക്കും ഖത്വറിലേത്. എല്ലാവരെയും ഉള്‍പ്പെടുത്തിയും ഉള്‍ക്കൊണ്ടുമായിരിക്കും ലോകകപ്പ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുക. കഴിഞ്ഞ വര്‍ഷം ഫോറത്തിലെ പങ്കാളികള്‍ക്ക് നിരവധി നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞു.

അംഗപരിമിതരായ ആസ്വാദകരുടെ വിമാനത്താവളത്തില്‍ നിന്നും വിവിധ വേദികളിലേക്കും താമസസ്ഥലങ്ങളിലേക്കും തിരിച്ചുമുള്ള യാത്ര കാര്യക്ഷമമാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ വികസിപ്പിക്കുന്നതിലും അംഗപരിമിതരെ കൈകാര്യം ചെയ്യുന്നതില്‍ വിമാനത്താവള, ഹോട്ടല്‍ ജീവനക്കാരെ പരിശീലിപ്പിക്കുന്നതിലും 2022 ലോകകപ്പ് വൊളന്റിയര്‍ പ്രോഗ്രാമിലുള്‍പ്പടെ അംഗപരിമിതരെ ഉള്‍പ്പെടുത്തുന്നതിലുമടക്കം നിരവധി പ്രവര്‍ത്തനങ്ങള്‍ ഇക്കാലയളവില്‍ നടന്നു. എല്ലാവരുമായി അടുത്തു പ്രവര്‍ത്തിക്കുന്നതിനും ശിപാര്‍ശകള്‍ മനസിലാക്കാനും നടപടിക്രമങ്ങള്‍ വിലയിരുത്തുന്നതിനും ഡിസൈനും സൗകര്യങ്ങളും എങ്ങനെ വികസിപ്പിക്കാമെന്നതില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ഫോറം സഹായകമാകുന്നു.
യാതൊരു തടസവും അസ്വസ്ഥതകളുമില്ലാതെ എല്ലാവര്‍ക്കും പ്രവേശനം സാധ്യമാക്കുകയെന്നതാണ് ഫോറം ലക്ഷ്യംവെക്കുന്നത്.
സമൂഹത്തിലെ എല്ലാപേര്‍ക്കും പ്രവേശനം സാധ്യമാകുന്ന വിധത്തില്‍ സമഗ്രമായ ഗതാഗത സംവിധാനമാണ് വികസിപ്പിക്കുന്നതെന്ന് ഗതാഗത കമ്യൂനിക്കേഷന്‍സ് മന്ത്രാലയത്തിലെ സാങ്കേതിക വിഭാഗം ഡയറക്ടര്‍ ശൈഖ് മുഹമ്മദ് ബിന്‍ ഖാലിദ് അല്‍ താനി പറഞ്ഞു.
പൊതുഗതാഗതം കാര്യക്ഷമമാക്കുന്നതിനായയി മന്ത്രാലയം ആവശ്യമായ പഠനം നടത്തുന്നുണ്ട്. അംഗപരിമിതര്‍ക്ക് സുഗമമായ ഗതാഗതം സാധ്യമാക്കുന്നതിനായി ബസ് സര്‍വീസിനായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ വികസിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here