ഒറിക്‌സുകളെ സ്വാഭാവിക വാസസ്ഥലത്തെത്തിച്ചു

Posted on: November 25, 2017 8:58 pm | Last updated: November 25, 2017 at 8:58 pm
SHARE

അബുദാബി: പതിനാല് അറേബ്യന്‍ ഒറിക്സുകളെ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി വകുപ്പ് സ്വാഭാവിക വാസസ്ഥലത്ത് വിട്ടു. യു എ ഇയുടെ ദേശീയ മൃഗമാണ് വംശനാശഭീഷണി നേരിടുന്ന ഒറിക്‌സ്. കൂട്ടം തെറ്റി കണ്ടെത്തിയ ഒറിക്സുകള്‍ക്ക് പ്രത്യേക പരിചരണം നല്‍കിവരികയായിരുന്നു. പൂര്‍ണമായും സാഹചര്യങ്ങളോട് ഇണങ്ങി പ്രതിരോധശേഷി വര്‍ധിപ്പിച്ച ശേഷമാണ് ഇവയെ അബുദാബിയില്‍ നിന്നും 200 കിലോമീറ്റര്‍ അകലെ ഖസ്ര് അല്‍ സാബില്‍, പരിസ്ഥിതി വകുപ്പ് പ്രത്യേകമായി പരിരക്ഷിച്ച് വരുന്ന പ്രദേശത്ത് വിട്ടത്. ചെറിയ കുറ്റിക്കാടുകളുള്ള മരുഭൂമിയാണിവിടം.

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അറേബ്യന്‍ ഒറിക്സ് പരിപാലന പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി വകുപ്പുമന്ത്രി താനി ബിന്‍ അഹ്മദ് അല്‍ സുയൂദി, സാംസ്‌കാരിക വൈജ്ഞാനിക വികസനവകുപ്പ് മന്ത്രി നൂറ അല്‍ കഅബി, എമിറേറ്റ്സ് പരിസ്ഥിതി വകുപ്പ് സെക്രട്ടറി ജനറല്‍ റസാന്‍ ഖലീഫ അല്‍ മുബാറക് എന്നിവരുടെ സാന്നിധ്യത്തിലാണ് ഒറിക്സുകളെ വാസസ്ഥലത്ത് വിട്ടത്. ഇവിടം സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികള്‍ക്ക് ഇവയെ കാണാന്‍ അവസരം ലഭിക്കും.