യഥാര്‍ത്ഥ യുദ്ധം മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും തമ്മില്‍: ചെന്നിത്തല

Posted on: November 25, 2017 11:36 am | Last updated: November 25, 2017 at 1:12 pm
SHARE

പത്തനംതിട്ട: റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനും റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പിഎച്ച് കുര്യനും തമ്മിലുള്ള യുദ്ധം യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും തമ്മിലുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റവന്യൂ മന്ത്രിക്ക് മൂക്കുകയറിടാനാണ് പിഎച്ച് കുര്യനെ വകുപ്പില്‍ നിയമിച്ചിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിയുടെ മനസിലിരുപ്പ് അറിഞ്ഞാണ് കുര്യന്റെ പ്രവര്‍ത്തനം. റവന്യൂ മന്ത്രി അറിയാതെ മൂന്നാറില്‍ യോഗം വിളിച്ചത് ഇതിന്റെ അടിസ്ഥാനത്തിലാണ്. വകുപ്പ് സെക്രട്ടറിയെ പോലും നിയന്ത്രിക്കാന്‍ സാധിക്കാത്ത റവന്യൂ മന്ത്രിയോട് സഹതാപമാണ്. ഇങ്ങനെ മന്ത്രിസഭയില്‍ തുടരണമോ എന്ന് റവന്യൂ മന്ത്രി ആലോചിക്കണമെന്നും ചെന്നിത്തല പറഞ്ഞു. മൂന്നാറിലെ കൈയേറ്റക്കാരെയും നിയമലംഘകരെയും സംരക്ഷിക്കാനാണ് മന്ത്രിതല സന്ദര്‍ശനമെന്നും ചെന്നിത്തല പറഞ്ഞു.

കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കുന്ന വിഷയത്തില്‍ കോണ്‍ഗ്രസ് ശക്തമായി ഇടപെടും. യുഡിഎഫ് പ്രതിനിധി സംഘം ഡിസംബര്‍ ആറിന് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ പ്രദേശം സന്ദര്‍ശിക്കും. ഇടുക്കിയിലെ കര്‍ഷകരുടെ വിഷയവും കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തീര്‍ണം കുറയ്ക്കുന്നതും വെവ്വേറെ വിഷയങ്ങളാണ്. ഇതിനെ കൂട്ടിക്കുഴയ്ക്കരുതെന്നും പടയൊരുക്കം പ്രചാരണ ജാഥയുടെ ഭാഗമായി നടത്തിയ പത്ര സമ്മേളനത്തില്‍ ചെന്നിത്തല പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here