Connect with us

Kerala

സുപ്രീം കോടതിയില്‍ ഹാജരാകാന്‍ ഹാദിയ ഇന്ന് ഡല്‍ഹിക്ക് തിരിക്കും

Published

|

Last Updated

കോട്ടയം: സുപ്രീം കോടതിയില്‍ ഹാജരാകാന്‍ ഹാദിയ ഇന്ന് ഡല്‍ഹിക്ക് തിരിക്കും. നെടുമ്പാശ്ശേരിയില്‍ നിന്ന് വിമാനമാര്‍ഗ്ഗമാണ് ഡല്‍ഹിക്ക് പോകുകയെന്നാണ് വിവരം. എന്നാല്‍ കനത്ത സുരക്ഷ ആവശ്യമുള്ളതിനാല്‍ യാത്രാ വിവരങ്ങള്‍ പോലീസ് അതീവ രഹസ്യമായാണ് സൂക്ഷിക്കുന്നത്. സുരക്ഷക്കായി ഒരു സിഐയുടെ നേതൃത്വത്തില്‍ പോലീസും ഒപ്പമുണ്ടാകും. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് സുരക്ഷയൊരുക്കുന്നത്.

നേരിട്ട് മൊഴി നല്‍കാന്‍ ഹാദിയയെ ഈ മാസം 27ന് ഹാജരാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ അകമ്പടിയോടെ അവരെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകുന്നത്.
സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഗണിച്ചാണ് നേരത്തെ നിശ്ചയിച്ചിരുന്ന ട്രെയിന്‍യാത്ര ഒഴിവാക്കിയത്. ഏതുനിമിഷവും തയ്യാറായിരിക്കണമെന്നാണ് വൈക്കം ഡിവൈഎസ്പി കെ സുഭാഷ് പിതാവ് അശോകന്റെ വീട്ടിലെത്തി അറിയിച്ചിട്ടുള്ളത്. യാത്ര വിവരങ്ങള്‍ പുറത്താകാതിരിക്കാന്‍ പോലീസ് പ്രത്യേക ജാഗ്രത പുലര്‍ത്തുന്നുണ്ട്.

എന്‍ഐഎയുടെ റിപ്പോര്‍ട്ടും തിങ്കളാഴ്ച കോടതി പരിഗണിക്കും. വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഭര്‍ത്താവ് ഷഫിന്‍ ജഹാന്‍ സുപ്രീം കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് ഹാദിയയെ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടത്.

സുരക്ഷ കണക്കിലെടുത്ത് ഡല്‍ഹി യാത്ര വിമാനത്തിലാക്കണമെന്നാവശ്യപ്പെട്ട് ശെഫിന്‍ ജഹാന്‍ സംസ്ഥാന വനിതാ കമ്മീഷന് നിവേദനവും നല്‍കിയിരുന്നു. ഡല്‍ഹി യാത്ര വിമാനത്തിലാക്കണമെന്നും ചെലവ് വഹിക്കാമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍, ഹാദിയയുടെ പിതാവ് അശോകനോട് നേരത്തെ അഭ്യര്‍ഥിച്ചുവെങ്കിലും അദ്ദേഹം നിരസിച്ചു.
തുടര്‍ന്ന് വനിതാ കമ്മീഷന്‍ സുരക്ഷയൊരുക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമൊവശ്യപ്പെട്ട് ഡി ജി പിയെ സമീപിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡി ജി പിയുടെ നിര്‍ദേശപ്രകാരം സുരക്ഷാക്രമീകരണങ്ങള്‍ എറണാകുളം റെയ്ഞ്ച് ഐ ജിയുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്തിരുന്നു.

 

Latest