വോട്ടിംഗ് യന്ത്രത്തിലെ കൃത്രിമം ; കോണ്‍ഗ്രസിന്റെ ഹരജി ഗുജറാത്ത് ഹൈക്കോടതി തള്ളി

Posted on: November 25, 2017 12:00 am | Last updated: November 25, 2017 at 12:00 am
SHARE

ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രത്തിലെ കൃത്രിമം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹരജി ഗുജറാത്ത് ഹൈക്കോടതി തള്ളി. നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനായി എത്തിച്ച പഴയ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം നടക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഗുജറാത്ത് കോണ്‍ഗ്രസ് കമ്മിറ്റി നല്‍കിയ ഹരജിയാണ് ഹൈക്കോടതി നിരസിച്ചത്.
പഴയ വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റി പുതിയത് അനുവദിക്കണമെന്ന ആവശ്യമായിരുന്നു ഹരജിയില്‍ പ്രധാനമായും ഉന്നയിച്ചിരുന്നത്. ജസ്റ്റിസുമാരായ അഖില്‍ ഖുറേഷി, എ വൈ കോഗ്‌ജെ എന്നിവരടങ്ങിയ ബഞ്ചാണ് ഹരജി പരിഗണിച്ചത്.

ഇത്തരം പരാതികള്‍ സമര്‍പ്പിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെയാണെന്ന് ഓര്‍മിപ്പിച്ച ഹൈക്കോടതി കൃത്യമായ പരിശോധനകള്‍ക്ക് വിധേയമാക്കിയാണ് തിരഞ്ഞെടുപ്പിനായി വോട്ടിംഗ് യന്ത്രങ്ങള്‍ ഒരുക്കിയിരിക്കുന്നതെന്നും തകരാറുള്ളവ മാറ്റിയിട്ടുണ്ടെന്നും വ്യക്തമാക്കി.
ഇതോടൊപ്പം പണമിടപാടുകള്‍ നിരീക്ഷിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഗുജറാത്ത് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി സമര്‍പ്പിച്ച ഹരജിയിലും ഹൈക്കോടതി വാദം കേട്ടു. നിരീക്ഷണ സംഘങ്ങളുടെ പ്രവര്‍ത്തനം വ്യാപാര വ്യവസായ ഇടപാടുകളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നായിരുന്നു ചേംബര്‍ പ്രധാനമായും വാദിച്ചത്. അതേസമയം, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ നിര്‍ദേശത്തോടെ മാത്രമേ തിരച്ചില്‍ നടത്തുകയുള്ളൂവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here