ഭരണപരിഷ്‌കാര കമ്മീഷനും ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും

Posted on: November 25, 2017 6:04 am | Last updated: November 24, 2017 at 10:10 pm
SHARE

രണ്ട് വര്‍ഷവും പതിനൊന്ന് മാസവും 17 ദിവസവും ചെലവഴിച്ചാണ് ഡോ. ബി ആര്‍ അംബേദ്കറുടെ നേതൃത്വത്തിലുള്ള സമിതി ഭരണഘടന എന്ന ദൗത്യം പൂര്‍ത്തീകരിച്ചത്. അംബേദ്കര്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങളിന്മേല്‍ 165 ദിവസം നീണ്ട ചര്‍ച്ചകളാണ് അന്നത്തെ സഭയില്‍ നടന്നത്. ചര്‍ച്ചയുടെ ഭാഗമായി 7635 ഭേദഗതികള്‍ നിര്‍ദേശിക്കപ്പെടുകയും 2437 നിര്‍ദേശങ്ങള്‍ അംഗീകരിക്കപ്പെടുകയും ചെയ്തു ഭരണഘടനയുടെ ആദ്യ പകര്‍പ്പ് 1948 ഫെബ്രുവരി മാസത്തില്‍ പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് 1950 ജനുവരി മാസം 26ാം തീയതി പ്രാബല്യത്തില്‍ കൊണ്ടുവന്ന ഭരണഘടനയില്‍ 395 വകുപ്പുകളും എട്ട് പട്ടികകളും മാത്രമായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ നിലവില്‍ 404 ലധികം വകുപ്പുകളും 12 പട്ടിക കളുമാണുള്ളത്. ലോകത്ത് ഏറ്റവുമധികം ഭേദഗതികള്‍ക്ക് വിധേയമായ ഭരണ ഘടനയാണ് ഇന്ത്യയുടെ ഭരണഘടന.

67 വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്നത്തെ രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ സാഹചര്യങ്ങളില്‍ തയ്യാറാക്കിയ ഭരണഘടനയില്‍ മാറിയ സാഹചര്യം കണക്കിലെടുത്ത് ഭേദഗതികള്‍ ചേര്‍ക്കേണ്ടതും കാലോചിതമല്ലാത്തവ നീക്കം ചെയ്യേണ്ടതുമായാരുന്നുവെങ്കിലും ഭരണാധികാരികള്‍ക്ക് അത്തരം കാര്യങ്ങളിലൊന്നും വേണ്ടത്ര താത്പര്യമില്ലാതിരുന്നതിനാല്‍ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്ന ദുരിതങ്ങള്‍ നിരവധിയാണ്. ജനങ്ങളുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ആരോഗ്യ പഠന ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി ഒട്ടനവധി നിയമനിര്‍മാണങ്ങള്‍ കൊണ്ട് വന്നിട്ടുള്ള സഭയാണ് കേരള നിയമനിര്‍മാണ സഭ. നിര്‍ഭാഗ്യവശാല്‍ അത്തരം നിയമങ്ങളെയെല്ലാം ഉന്നത നീതിപീഠങ്ങളില്‍ ചോദ്യം ചെയ്യപ്പെടുകയും കേന്ദ്ര നിയമനിര്‍മാണ സഭകള്‍ ആവശ്യമായ ഭേദഗതികള്‍ കൊണ്ട് വന്നിട്ടില്ലെന്ന കാരണത്താല്‍ അസാധുവാക്കപ്പെട്ട് കൊണ്ടിരിക്കുകയുമാണ്. നിയമ സഭ പാസാക്കിയ ആരോഗ്യ വിദ്യാഭ്യാസ നിയമം കോടതി ഭാഗികമായി അസാധുവാക്കിയത് അതില്‍ ഒടുവിലത്തേതാണ്.

സംസ്ഥാനത്തെ പൊതുജന ജീവിതവും ആരോഗ്യ സംരക്ഷണവും വിദ്യാഭ്യാസ പുരോഗതിയും ലക്ഷ്യമാക്കി അര്‍ഥവത്തായ ചര്‍ച്ചകളും ആവശ്യമായ ഭേദഗതികളുമെല്ലാം നടത്തിയതിന് ശേഷം നിയമജ്ഞരുടെ ഉപദേശ നിര്‍ദേശങ്ങള്‍ക്കനുസൃതമായി തയ്യാറാക്കുന്ന നിയമനിര്‍മാണങ്ങള്‍ സംസ്ഥാന ഗവര്‍ണര്‍ക്ക് മുമ്പാകെ സമര്‍പ്പിച്ച് അംഗീകാരം നേടിയതി ന് ശേഷം ഉന്നത നീതിപീഠങ്ങളില്‍ അസാധുവാക്കപ്പെടുന്നുവെങ്കില്‍ അതില്‍ നിന്നു മനസ്സിലാക്കേണ്ടത് ഗവര്‍ണറും അഡ്വക്കറ്റ് ജനറലും ഉള്‍പ്പടെയുള്ളവര്‍ ഇന്ത്യന്‍ ഭരണഘടനാ തത്വങ്ങള്‍ വേണ്ട വിധം മനസ്സിലാക്കാന്‍ തയ്യാറായിട്ടില്ല എന്നതല്ലാതെ മറ്റെന്താണ്?

ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട വിഷയങ്ങളിലും സംസ്ഥാന നിയമസഭയില്‍ ഒട്ടേറെ നിയമനിര്‍മാണങ്ങള്‍ നടന്നിട്ടുണ്ട് എങ്കിലും അവയൊന്നും നിരുത്തരവാദപരമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരായ ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ പര്യാപ്തമായവയല്ലെന്നാണ് മന്ത്രിമാരുടെ വാക്കുകളില്‍ നിന്നും മനസ്സിലാക്കാനാവുന്നത്.

സംസ്ഥാനത്തെ സെക്രേട്ടറിയറ്റ് മുതല്‍ താഴെ തലം വരെയുളള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജനവിരുദ്ധ മനോഭാവമുള്ളവരും കൈക്കൂലി ശീലമാക്കിയവരും സേവന തത്പരരല്ലാത്തവരുമായ ഉദ്യോഗസ്ഥര്‍ നിരവധിയുണ്ടെന്ന് പറഞ്ഞവരില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടുന്നു. അത്തരം ഉദ്യോഗസ്ഥരെ നീക്കം ചെയ്യുന്നതിനാവശ്യമായ നിയമനിര്‍മാണങ്ങള്‍ നാളിത് വരെയുള്ള സര്‍ക്കാറുകളൊന്നും കൊണ്ട് വന്നിട്ടില്ല.

2014ലെ ശമ്പള പരിഷ്‌കരണ കമ്മീഷന്റെ കണക്ക് പ്രകാരം 5,06,556 പേരാണ് സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരായി പ്രവര്‍ത്തിക്കുന്നത്. ഇവരെല്ലാം തന്നെ വിവിധ യൂനിയനുകളില്‍ അംഗത്വമുള്ളവരാണെന്നതിനാല്‍ ദൃശ്യ പത്ര മാധ്യമങ്ങള്‍ക്ക് മുമ്പാകെ വന്ന് അവരെ കുറ്റപ്പെടുത്തി സംസാരിക്കാറുള്ള ഭരണപ്രതിപക്ഷ രാഷ്ട്രീയ നേതാക്കളൊന്നും അവര്‍ക്കെതിരായി ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ ധൈര്യപ്പെടാറില്ല.

കേരളത്തില്‍ അധികാരത്തില്‍ എത്തുന്ന മുന്നണികളെല്ലാം ജനോപകാരപ്രദമായ നടപടികള്‍ സ്വീകരിക്കാറുണ്ടെങ്കിലും അവയെല്ലാം ഉദ്യോഗസ്ഥരുടെ ജനവിരുദ്ധ സമീപനങ്ങളുടെ ഫലമായി പൊതുജനങ്ങള്‍ക്ക് ഉപകരിക്കാതെ പോകുകയാണ് ചെയ്യാറുള്ളത്. ഇടതു മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെ സംസ്ഥാനത്ത് ഭരണപരിഷ്‌കാര കമ്മീഷന്‍ രൂപവത്കരിക്കുകയും ചെയര്‍മാനായി വി എസ് അച്യുദാനന്ദനെ നിയമിക്കുകയും ചെയ്തതിന്റെ ഫലമായി ഉദ്യോഗസ്ഥ സംവിധാനങ്ങള്‍ ജനപക്ഷമാക്കാനുതകുന്ന നിര്‍ദേശങ്ങളും നടപടികളും ഉണ്ടാവുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ പൊതുജനങ്ങളോട് ശത്രുതാ മനോഭാവത്തോടെ പെരുമാറുകയും അഴിമതിയും കൈകൂലിയും പ്രോത്‌സാഹിപ്പിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടികള്‍ നിര്‍ദേശിക്കുന്നതിന് പകരം ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട നടപടികളില്‍ മാനദണ്ഡണ്ടങ്ങള്‍ നിശ്ചയിക്കാനാണ് സമയം ചെലവഴിച്ചത്.

ജീവനക്കാരെ രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ നിരന്തരമായി സ്ഥലം മാറ്റനടപടികള്‍ക്ക് വിധേയമാക്കപ്പെട്ട് കൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഇത്തരം നടപടികള്‍ കാരണമായി അവരെക്കാള്‍ പ്രയാസങ്ങളനുഭവിക്കേണ്ടി വരാറുള്ളത് പൊതുജനങ്ങളാണ്. വാസ്തവത്തില്‍ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തില്‍ സമയക്രമം നിശ്ചയിക്കുന്നതിന് പകരം സര്‍ക്കാര്‍ അടിയന്തര സാഹചര്യങ്ങളിലൊഴികെ സ്ഥലം മാറ്റരുതെന്ന നിര്‍ദേശവും അതിനാവശ്യമായ നിയമനിര്‍മാണവുമാണ് കമ്മീഷന്റെയും സര്‍ക്കാറിന്റെയും ഭാഗത്ത് നിന്നുണ്ടാവേണ്ടത്. സ്ഥലം മാറ്റുന്നതിനുള്ള കാരണങ്ങളില്‍ ചിലത് അവരുടെ ഭാഗത്ത് നിന്നുണ്ടാവുന്ന അഴിമതിയും മറ്റുമാണെങ്കിലും വാസ്തവത്തില്‍ അത്തരം ഉദ്യോഗസ്ഥര്‍ സ്ഥലം മാറ്റത്തിന് വിധേയരാക്കുകയല്ല; സ്ഥാനങ്ങളില്‍ നിന്നു നീക്കം ചെയ്ത ശേഷം അഴിമതി നിരോധന നിയമ പ്രകാരം ശിക്ഷാനപടികള്‍ സ്വീകരിക്കുകയാണ് ചെയ്യേണ്ടത്. അതിന് പകരം സ്ഥലം മാറ്റമെന്ന ശിക്ഷാ നടപടി സ്വീകരിച്ച് അവരെ മെറ്റാരു ഓഫീസിലിരുന്ന് കൂടുതല്‍ അഴിമതിക്കാരായി മാറാനുള്ള സൗകര്യങ്ങളാണ് സര്‍ക്കാര്‍ ചെയ്ത് കൊടുക്കാറുള്ളത്. ഉദ്യോഗസ്ഥരുടെ സംഘടനാ ബലവും സ്വാധീനങ്ങളുമാണ് അതിനുള്ള പ്രധാന കാരണം.

സര്‍ക്കാര്‍ ഓഫീസുകളില്‍ ചുമതല യേല്‍ക്കുന്നവരില്‍ ഏറിയ പങ്കും പൊതുജന വികാരങ്ങള്‍ കൃത്യമായി മനസ്സിലാക്കിയവരും ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പ്രാപ്തിയുള്ളവരുമാണ്. അത്തരം ഉദ്യോഗസ്ഥര്‍ കൈക്കാള്ളുന്ന ജനപക്ഷ നടപടികള്‍ പൂര്‍ത്തീകരിച്ച് ഫലപ്രാപ്തിയിലെത്തിക്കാനുള്ള അവസരങ്ങള്‍ നിഷേധിച്ച് കൊണ്ട് അവരെ സ്ഥലം മാറ്റനടപടികള്‍ക്ക് വിധേയരാക്കുന്നതിന്റെ ഫലമായി പൊതു ഖജനാവിന് ഭീമമായ നഷ്ടമുണ്ടാകുന്നു. ജനാഭിലാഷം നടപ്പാവാതെ പോകുകയും ചെയ്യുന്നു.
സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാവുന്ന സ്ഥലം മാറ്റനടപടികള്‍ കാരണം ഏറെ പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വരുന്നവരാണ്് ഉദ്യോഗസ്ഥകള്‍. വാസ്തവത്തില്‍ പുരുഷന്മാര്‍ക്ക് മാത്രമായി നിശ്ചയിക്കപ്പെട്ടിട്ടുള്ള സ്ഥാപനങ്ങളിലൊഴികെ മറ്റെല്ലാ സ്ഥാപനങ്ങളിലും വനിതാ ജീവനക്കാരെ നിയമിക്കാമെന്നിരിക്കെ എന്തിനാണ് അവരെ വിദൂര സ്ഥലങ്ങളില്‍ നിയമിക്കുന്നതും അത്തരത്തിലുള്ള സ്ഥലം മാറ്റനടപടികള്‍ക്ക് വിധേയരാക്കുന്നതും എന്നതിനുള്ളകാരണം അവ്യക്തമാണ്.

ഉദ്യോഗസ്ഥരെ അവരെ നിയമിച്ചിട്ടുള്ള സ്ഥാപനങ്ങളില്‍ തുടര്‍ച്ചയായി ദീര്‍ഘകാലം പ്രവര്‍ത്തിക്കാന്‍ അനുവദിച്ചാല്‍ അവര്‍ സ്വജനപക്ഷ നടപടികള്‍ സ്വീകരിക്കുമെന്നും കൈക്കൂലിക്കാരും അഴിമതിക്കാരുമായി മാറുമെന്നും അതിലുപരി നീതി നിഷേധത്തിന് അത് കാരണമാകുമെന്നുമെല്ലാമാണ് സര്‍ക്കാര്‍ പറയാറുള്ള ന്യായാന്യായങ്ങള്‍. നിലവില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ ഏതെല്ലാം വിധത്തിലായിരിക്കണമെന്നും, അവരുടെ കടമകളും ഉത്തരവാദിത്വങ്ങളും എന്തെല്ലാമാണെന്നും നിശ്ചയിച്ചുള്ള നിയമം ഉണ്ടെന്നിരിക്കെ സര്‍ക്കാറിന്റെ മേല്‍ ന്യായങ്ങളെല്ലാം തന്നെ അര്‍ഥശൂന്യമാണ്. ഒരു ഉദ്യോഗസ്ഥന്‍ തന്നെ തുടര്‍ച്ചയായി ദീര്‍ഘകാല സേവകനായാല്‍ അതിന്റെ ഗുണഫലം ലഭിക്കുന്നത് ആ സ്ഥാപനവുമായി ബന്ധപ്പെട്ട് കൊണ്ടിരിക്കുന്ന പൊതു ജനങ്ങള്‍ക്കായിരിക്കും. പ്രത്യേകിച്ചും ആശുപത്രി, പോലീസ് സ്‌റ്റേഷന്‍, വിദ്യാലയങ്ങള്‍, വൈദ്യുതി ഓഫീസുകള്‍, ശുദ്ധജല വിതരണ കാര്യാലയങ്ങള്‍ എന്നിവിടങ്ങളില്‍. രോഗിയെ സംബന്ധിച്ച കൃത്യമായ ധാരണയും അനുയോജ്യമായ മരുന്നുകളും നല്‍കാന്‍ അയാളെ സ്ഥിര പരിചയമുള്ള ഡോക്ടര്‍ക്ക് സാധിക്കും. അനാവശ്യമായ മരുന്നുകളോടൊപ്പം പരീക്ഷണാര്‍ഥമുള്ള ടെസ്റ്റുകളും ഒഴിവാക്കാം. പോലീസ് സ്‌റ്റേഷനുകളില്‍ ദീര്‍ഘകാലം സേവനം ചെയ്യാന്‍ അവസരം ലഭിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പ്രദേശത്തിന്റെ ക്രമസമാധാന സാഹചര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കാനാകും. സമാധാനപരമായ തീരുമാനം സ്വീകരിക്കുന്നതിനുള്ള യുക്തിസഹമായ നടപടികള്‍ കൈക്കൊള്ളാനും എളുപ്പത്തില്‍ സാധ്യമാകും. വൈദ്യുതി ജലഅതോറിറ്റി ഓഫീസുകള്‍ നിരവധി പ്രദേശങ്ങളുടെ കാര്യനിര്‍വഹണാധികാരമുള്ളവയാണ്. തങ്ങളുടെ അധികാര പരിധിയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളെ സംബന്ധിച്ച് വ്യക്തമായി മനസ്സിലാക്കിയ ഉദ്യോഗസ്ഥരും അനുബന്ധ ജീവനക്കാരുമുണ്ടാവുകയാണെങ്കില്‍ അതിന്റെ പ്രയോജനം ലഭിക്കുന്നത് പരിധിയിലുള്ള നികുതി ദായകര്‍ക്ക് തന്നെയാണ്. കുട്ടികളുടെ പഠന പഠനേതര കഴിവുകള്‍ മനസ്സിലാക്കാന്‍ കഴിയുന്നവരാണ് അധ്യാപകര്‍. അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലുള്ള തുടര്‍ച്ചയായ സഹവാസം വിദ്യാര്‍ഥികളെ നിര്‍ഭയരും കാര്യശേഷിയുള്ളവരുമാക്കി മാറ്റാന്‍ സഹായകരമാവുമെന്നാണ് മുന്‍ കാല അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. അധ്യാപകരെ ആചാരപ്രകാരമുള്ള സ്ഥലം മാറ്റനടപടികള്‍ക്ക് വിധേയരാക്കപ്പെടുന്നതിന്റെ ഫലമായി വിദ്യാര്‍ഥികള്‍ക്ക് നഷ്ടപ്പെടുന്നത് അവര്‍ തിരിച്ചറിഞ്ഞതും അവരുടെ കഴിവുകളെ മനസ്സിലാക്കിയവരുമായ അധ്യാപകരെയും പകരക്കാരന്‍ എത്തുന്നത് വരെയുള്ള പഠന ദിനങ്ങളുമാണ്.

സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠന നിലവാരം കുറകുകയും വിവിധ മാനേജ്‌മെന്റുകള്‍ക്ക് കീഴിലുള്ള സ്ഥാപനങ്ങളിലെ നിലവാരം മെച്ചപ്പെട്ട് കൊണ്ടിരിക്കുകയും ചെയ്യുന്നതിന്റെ കാരണങ്ങളിലൊന്ന് സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ അധ്യാപകരുടെ സ്ഥലം മാറ്റങ്ങള്‍ തന്നെയാണ്. ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റനടപടികള്‍ അവസാനിപ്പിക്കുന്നതിനും അതോടൊപ്പം സ്വജനപക്ഷക്കാരും അഴിമതിക്കാരും ചട്ടവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരുമായ ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്ന് നീക്കം ചെയ്യുന്നതിനും ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനുമാണ് ഭരണ പരിഷ്‌കാര കമ്മീഷന്‍ ശിപാര്‍ശ സമര്‍പ്പിക്കേണ്ടത്. അതോടൊപ്പം സര്‍ക്കാര്‍ ജീവനക്കാരെ പ്രത്യേകിച്ചും വനിതാ ജീവനക്കാരെ അവരവരുടെ പ്രദേശത്തോ തൊട്ടടുത്തോ നിയമിക്കുന്നതിനുമുള്ള നിര്‍ദേശങ്ങളാണ് സര്‍ക്കാറിന് മുമ്പാകെ സമര്‍പ്പിക്കേണ്ടത്. അല്ലാത്തപക്ഷം കേരളത്തിന്റെ തെക്കേ അറ്റത്തുള്ളവര്‍ വടക്കേ അറ്റത്തും തിരിച്ചും സേവനമനുഷ്ഠിക്കാന്‍ ബാധ്യസ്ഥരാകും.

 

 

LEAVE A REPLY

Please enter your comment!
Please enter your name here