100 എം എല്‍ എമാര്‍ കല്യാണത്തിന് പോയി; സഭാ സമ്മേളനം നിര്‍ത്തി വെച്ചു

Posted on: November 24, 2017 11:57 pm | Last updated: November 24, 2017 at 11:57 pm

ഹൈദരാബാദ്: ആന്ധ്രാ നിയമസഭ ഇപ്പോള്‍ സമ്മേളനക്കാലത്താണ്. പക്ഷേ, രണ്ട് ദിവസം സഭാ സമ്മേളനം നിര്‍ത്തി വെക്കാന്‍ സ്പീക്കര്‍ തീരുമാനിച്ചിരിക്കുന്നു. കാരണമാണ് വിചിത്രം. എം എല്‍ എമാര്‍ക്ക് കല്യാണത്തിന് പോകണം. ഒന്നും രണ്ടുമല്ല 100 എം എല്‍ എമാര്‍ക്ക്. സംസ്ഥാനത്ത് വ്യാഴാഴ്ചയും ഇന്നലെയും കല്യാണത്തിന് നല്ല ദിവസമായിരുന്നുവത്രേ. 1.2 ലക്ഷം വിവാഹങ്ങളാണ് ഈ ദിവസം സംസ്ഥാനത്ത് നടന്നത്. സ്വാഭാവികമായും എം എല്‍ എമാര്‍ സ്പീക്കര്‍ക്ക് മുന്നില്‍ അവധി അപേക്ഷയുമായി എത്തി. അപേക്ഷകളുടെ എണ്ണം 100ലെത്തിയപ്പോള്‍ സ്പീക്കര്‍ കോഡല ശിവപ്രസാദ റാവു ആ ചരിത്രപരമായ തീരുമാനമെടുത്തു. വ്യാഴാഴ്ചയും ഇന്നലെയും സഭ നിര്‍ത്തുവെക്കും. സമ്മേളനം രണ്ട് ദിവസം നീട്ടി ഈ നഷ്ടം പരിഹരിക്കുമെന്നും സ്പീക്കര്‍ പ്രഖ്യാപിച്ചു.

വൈ എസ് ആര്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹിഷ്‌കരിക്കുന്നതിനാല്‍ സഭയില്‍ സ്വതവേ അംഗബലം കുറവാണ്. അതിനിടക്കാണ് കല്യാണ അവധി.