Connect with us

Gulf

ആയത്തുല്ല ഖാംനഇ പുതിയ ഹിറ്റ്‌ലര്‍:സഊദി കിരീടാവകാശി

Published

|

Last Updated

റിയാദ്: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയെ രൂക്ഷമായി വിമര്‍ശിച്ച് സഊദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. പ്രീണനത്തിന്റെ രീതി തങ്ങള്‍ക്കില്ലെന്നും ഈ രീതി പ്രാവര്‍ത്തികമാകില്ലെന്ന് യൂറോപ്പില്‍ നിന്ന് തങ്ങള്‍ പഠിച്ചിട്ടുണ്ടെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കി.
ഇറാനുമായി സംഘര്‍ഷ സാധ്യത നിലനില്‍ക്കെയാണ് സഊദി രാജകുമാരന്റെ പുതിയ പ്രസ്താവന. ഇറാന്‍ ജനതയെ മൊത്തത്തില്‍ പ്രകോപിപ്പിക്കുന്ന രീതിയിലുള്ള പരാമര്‍ശങ്ങളാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ നടത്തിയത്. ആണവോര്‍ജ്ജ പദ്ധതിയുമായി ബന്ധപ്പെട്ടും യമന്‍ വിമതരായ ഹൂത്തികള്‍ക്കുള്ള പിന്തുണയുടെയും വിഷയത്തില്‍ ഇറാനുമായി സഊദി ഏറ്റുമുട്ടലോളം എത്തിയിട്ടുണ്ട്.
ഹൂത്തികളുടെ നേതൃത്വത്തില്‍ റിയാദില്‍ നടത്താന്‍ ശ്രമിച്ച മിസൈല്‍ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന ആരോപണത്തെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മില്‍ പുതിയ തര്‍ക്കം ഉടലെടുത്തത്. സഊദിയുടെ ആരോപണം ഇറാന്‍ നിഷേധിച്ചെങ്കിലും റിയാദില്‍ നടന്ന ആക്രമണത്തെ ന്യായീകരിച്ചിരുന്നു.
അടുത്തിടെ അധികാരത്തിലേറാനിരിക്കുന്ന മുഹമ്മദ് ബിന്‍ സല്‍മാന് ഇറാനെതിരെ രൂക്ഷ നിലപാടാണുള്ളത്. യമനിലെ സൈനിക നടപടിയുടെ പിന്നിലെ പ്രധാന പ്രചോദനവും ഇറാന്‍ വിരോധമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നുണ്ട്. ഹൂത്തികള്‍ക്ക് ഇറാന്‍ നല്‍കുന്ന പിന്തുണ സഊദിയെ അലോസരപ്പെടുത്തിയിരുന്നു.

 

Latest