Connect with us

International

അതിര്‍ത്തിയില്‍ ഉത്തര കൊറിയ കിടങ്ങുകള്‍ കുഴിക്കുന്നു

Published

|

Last Updated

ദക്ഷിണ കൊറിയന്‍ അതിര്‍ത്തിയില്‍ കിടങ്ങ് നിര്‍മിക്കുന്ന ഉത്തര കൊറിയന്‍ സൈനികര്‍

പ്യോംഗ്യാംഗ്: തങ്ങളുടെ ഒരു സൈനികന്‍ കൂറ് മാറി അതിര്‍ത്തി ഭേദിച്ച് ദക്ഷിണ കൊറിയയിലേക്ക് പോയതിനെത്തുടര്‍ന്ന് ഉത്തര കൊറിയ തങ്ങളുടെ സൈനികരെ മാറ്റി നിയമിക്കുകയും അതിര്‍ത്തി കൂടുതല്‍ ബലപ്പെടുത്തുകയും ചെയ്യുന്നു. അതേസമയം കൂറ് മാറിയെത്തിയ സൈനികനെ ദക്ഷിണ കൊറിയയും അമേരിക്കന്‍ സൈനികരും ആദരിച്ചു. കഴിഞ്ഞ ആഴ്ചയാണ് ഉത്തര കൊറിയന്‍ സൈനികന്‍ അതിര്‍ത്തി ഭേദിച്ച് ദക്ഷിണ കൊറിയയുടെ ജോയിന്റ് സെക്യൂരിറ്റി ഏരിയ(ജെ എസ് എ)യില്‍ പ്രവേശിച്ചത്.

അതിര്‍ത്തി കടക്കുന്നതിനിടെ സൈനികനെ സഹപ്രവര്‍ത്തകര്‍ വെടിവെച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ സൈനികനെ ദക്ഷിണ കൊറിയയുടേയും അമേരിക്കയുടേയും സൈനികര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തെത്തിക്കുകയായിരുന്നു. സൈനികന് മെഡല്‍ നല്‍കി ബഹുമാനിച്ചതായി ദക്ഷിണ കൊറിയയിലെ അമേരിക്കന്‍ സേന പറഞ്ഞു. ദക്ഷിണ കൊറിയയുടെ ഉന്നതതല നയതന്ത്രജ്ഞര്‍ കഴിഞ്ഞ ദിവസം രാവിലെ ജെ എസ് എ സന്ദര്‍ശിച്ചപ്പോള്‍ അതിര്‍ത്തിയില്‍ ഉത്തര കൊറിയന്‍ സൈനികന്‍ കടന്ന ഭാഗത്ത് ഉത്തര കൊറിയന്‍ തൊഴിലാളികള്‍ വലിയ കിടങ്ങുകള്‍ കുഴിക്കുന്നത് കണ്ടെത്തി.

അതിര്‍ത്തി വഴി ആരും ഇനി ദക്ഷിണ കൊറിയയില്‍ പ്രവേശിക്കാതിരിക്കുന്നതിനാണ് ഇവിടെ വന്‍ കിടങ്ങുകള്‍ കുഴിക്കുന്നത്. തങ്ങളുടെ സൈനികന്‍ അതിര്‍ത്തി കടക്കുമ്പോള്‍ അതിര്‍ത്തിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന 35മുതല്‍ 40വരെ സൈനികരെ ഉത്തര കൊറിയ സ്ഥലം മാറ്റിയതായി ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയം അധികൃതര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. കൂറ് മാറി എത്തിയ സൈനികനെ രക്ഷപ്പെടുത്തിയ മൂന്ന് ദക്ഷിണ കൊറിയന്‍ സൈനികരേയും മൂന്ന് അമേരിക്കന്‍ സൈനികരേയും സൈനിക മെഡല്‍ നല്‍കി ആദരിച്ചിട്ടുണ്ട്. അതേസമയം തങ്ങളുടെ സൈനികന്‍ കൂറ് മാറി ശത്രു രാജ്യത്ത് എത്തിയത് സംബന്ധിച്ച് ഉത്തര കൊറിയ ഇതുവരെ പ്രതികരിച്ചിട്ടില്ല. വെടിയേറ്റ സൈനികന്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരികയാണ്.

 

Latest