പിന്നില്‍ സലഫിസ്റ്റ് ഭീകരത; നിലവിളികള്‍ നിലക്കാതെ ഈജിപ്ത്

Posted on: November 24, 2017 11:55 pm | Last updated: November 24, 2017 at 11:58 pm
SHARE

കൈറോ: ഈജിപ്തിലെ സിനായി മേഖലയില്‍ ഇരുനൂറോളം വിശ്വാസികളുടെ മരണത്തിനിടയാക്കിയ തീവ്രവാദി ആക്രമണത്തിന് പിന്നില്‍ പരമ്പരാഗത മുസ്‌ലിം വിശ്വാസങ്ങളോടുള്ള കടുത്ത എതിര്‍പ്പ്. സൂഫി ചിന്തകള്‍ക്കും ആദര്‍ശങ്ങള്‍ക്കും ഏറെ വേരോട്ടമുള്ള ഈജിപ്തിലെ സിനായിയില്‍ തീവ്ര വഹാബി ആശയം പേറുന്ന തീവ്രവാദി സംഘടനകള്‍ നേരത്തെയും ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

ഇസ്‌ലാമിക വിശ്വാസികള്‍ ആവേശപൂര്‍വം കൊണ്ടാടുന്ന പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷത്തോടുള്ള എതിര്‍പ്പാണ് ആക്രമണത്തിന് പിന്നിലെന്ന് തദ്ദേശിയര്‍ വ്യക്തമാക്കുന്നു. സൂഫി ആദര്‍ശക്കാരോട് കടുത്ത എതിര്‍പ്പ് പുലര്‍ത്തിയ ഇസില്‍ തീവ്രവാദികള്‍ മുമ്പ് സിനായിയിലെ സൂഫി പണ്ഡിതനെ കഴുത്തറുത്ത് കൊന്നിരുന്നു.

ഇറാഖിലും സിറിയയിലും ഇസിലിനുണ്ടായിരുന്ന സ്വാധീനം നഷ്ടപ്പെട്ടതിന് പിന്നാലെയാണ് ഈജിപ്തില്‍ തീവ്രവാദികളുടെ ആക്രമണം ശക്തമായിക്കൊണ്ടിരിക്കുന്നത്. ബ്രദര്‍ഹുഡ് അടകമുള്ള തീവ്രവാദ സംഘടനകള്‍ക്ക് സ്വാധീനമുള്ള സിനായിയില്‍ വളരെ വേഗത്തില്‍ തന്നെ ഇസിലിന് വളരാന്‍ സാധിച്ചു.
പ്രവാചകന്റെ ജന്മദിനം നടക്കുന്ന റബീഉല്‍ അവ്വല്‍ മാസത്തില്‍ ഈജിപ്തിലെ സൂഫി മേഖലയില്‍ പ്രവാചക പ്രകീര്‍ത്തന സദസുകളം ആഘോഷ പരിപാടികളും സംഘടിപ്പിക്കാറുണ്ട്. എന്നാല്‍ ഇതിന് ഇസില്‍, ബ്രദര്‍ഹുഡ് തീവ്രവാദികള്‍ കടുത്ത എതിര്‍പ്പാണ് പ്രകടിപ്പിച്ചു വരുന്നത്.

തീവ്രവാദികള്‍ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ ഒറ്റക്കെട്ടായ പോരാട്ടം നടക്കുന്നതിടെ ഈജിപ്തിലുണ്ടായ ആക്രമണം ലോകരാജ്യങ്ങളെ ഉത്കണ്ഠയിലാക്കിയിട്ടുണ്ട്. പരുക്കേറ്റവരുമായി ആശുപത്രിയിലേക്ക് പുറപ്പെട്ട ആംബുലന്‍സുകള്‍ക്ക് നേരെയും വെടിവെപ്പുണ്ടായിട്ടുണ്ട്.

സാധാരണക്കാരായ വിശ്വാസികള്‍ക്ക് നേരെയുണ്ടായ സ്‌ഫോടനം ഭയാനകമായ തീവ്രവാദി ആക്രമണമാണെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. തീവ്രവാദികളെ ആശയപരമായും നേരിടുമെന്നും തീവ്രവാദത്തോട് സന്ധിയാകാന്‍ ലോകത്തിന് സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്കണ്ഠ അറിയിച്ചിട്ടുണ്ട്.
ക്രൂരവും പൈശാചികവുമായ ആക്രമണമാണ് സിനായിയിലെ പള്ളിയിലുണ്ടായതെന്നും അക്രമികളെ ശിക്ഷിക്കാതെ മുന്നോട്ടില്ലെന്നും ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫതാഹ് അല്‍ സിസി വ്യക്തമാക്കി. തീവ്രവാദികള്‍ക്കുള്ള യുദ്ധപ്രഖ്യാപനമെന്നോണമാണ് അല്‍സിസിയുടെ പ്രതികരണം.

 

 

LEAVE A REPLY

Please enter your comment!
Please enter your name here