സാമ്പത്തിക പ്രതിസന്ധിയില്‍ ട്രഷറി നിയന്ത്രണം തുടരുന്നു; മറുവഴി തേടി ധന വകുപ്പ്

Posted on: November 24, 2017 11:40 pm | Last updated: November 24, 2017 at 11:40 pm
SHARE

ജി എസ് ടി വരുമാനം പ്രതീക്ഷക്കൊത്ത് ഉയരാതെ വന്നതും പദ്ധതി ചെലവ് പതിവിനപ്പുറത്തേക്ക് പോയതും മൂലം രൂപപ്പെട്ട സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വഴി തേടി ധനവകുപ്പ്. അടുത്ത മാസത്തെ ശമ്പളവും പെന്‍ഷനും നല്‍കാന്‍ കൈവശമുള്ള പണം ചെലവിടുന്നത് നിയന്ത്രിച്ച് ട്രഷറികളില്‍ സംഭരിക്കുകയാണ്. ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്ന് മുന്‍കൂര്‍ നികുതിയും വാങ്ങും.

നിലവില്‍ ഏര്‍പ്പെടുത്തിയ ട്രഷറി നിയന്ത്രണം രണ്ട് മാസം കൂടി തുടരുമെന്ന് ധനവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.
സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദം അവസാനിക്കാന്‍ ഒരു മാസത്തിലധികം ബാക്കി നില്‍ക്കെയാണ് പദ്ധതി ചെലവ് 50 ശതമാനത്തിലെത്തിയത്. വര്‍ഷാവസാനം കൂട്ടത്തോടെ പദ്ധതി വിഹിതം വിനിയോഗിക്കുന്ന പതിവ് മാറിയതോടെ ട്രഷറികളില്‍ ഇപ്പോള്‍ തന്നെ കൂടുതല്‍ ബില്ലുകള്‍ വരികയാണ്. ഇത് പ്രതിസന്ധിക്ക് ആക്കം കൂട്ടിയിട്ടുണ്ട്.
ജി എസ് ടി വന്നതോടെ കേന്ദ്രത്തില്‍ നിന്നുള്ള നികുതി വിഹിതം മാസത്തിന്റെ പകുതിയോടെയേ നല്‍കൂവെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടും തിരിച്ചടിയായി. ഓരോ മാസവും തുടക്കത്തില്‍ തന്നെ ഈ പണം കൈമാറുന്നതായിരുന്നു രീതി. ഈ പതിവ് മാറിയതോടെ മാസാദ്യത്തെ വന്‍ ചെലവിന് ഈ പണം ലഭിക്കില്ലെന്ന സ്ഥിതി വന്നു. ജി എസ് ടിയില്‍ ഇടിവുണ്ടായാല്‍ നല്‍കുന്ന നഷ്ടപരിഹാരം നല്‍കുന്നതും ഓരോ മാസത്തിന്റെയും അവസാനമാണ്. ഇതൊക്കെയാണ് ട്രഷറി നിയന്ത്രണത്തിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് ധനവകുപ്പ് വിശദീകരണം. ഉത്സവ കാലയളവ് ആയതിനാല്‍ ഡിസംബറില്‍ കൂടുതല്‍ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. ശമ്പളത്തിന്നും പെന്‍ഷനും പുറമെ 1500 മുതല്‍ 2000 കോടി രൂപ സാമൂഹിക സുരക്ഷാ ചെലവുകള്‍ക്ക് വിനിയോഗിക്കേണ്ടി വരും. ഉത്സവ ചന്തകള്‍ക്കും മറ്റും പണം കണ്ടെത്തേണ്ടതുണ്ട്. മൂന്നാം പാദത്തിലെടുക്കാവുന്ന വായ്പയുടെ പരിധി കഴിഞ്ഞതിനാല്‍ ഈ വഴി അടഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മറ്റുവഴികള്‍ തേടുന്നത്.