കണ്‍മറയുന്നു; കാടിന്റെ മക്കളുടെ വിസ്മയ മികവ് ഗോത്ര വിഭാഗ പ്രാതിനിധ്യം പേരിന് മാത്രം

Posted on: November 24, 2017 11:36 pm | Last updated: November 24, 2017 at 11:36 pm
SHARE
ശാസ്‌ത്രോത്സവില്‍ നിന്നും

കോഴിക്കോട്: ജീവിത പ്രതിസന്ധികള്‍ക്കിടയിലും സ്വന്തം ചുറ്റുപാടില്‍ നിന്ന് ആര്‍ജിച്ചെടുത്ത അറിവുമായി കാടിന്റെ മക്കള്‍ തീര്‍ക്കൂന്ന വിസ്മയ കാഴ്ചകള്‍ സ്‌കൂള്‍ ശാസ്‌ത്രോത്സവങ്ങള്‍ക്ക് അന്യമാകുന്നു. മുളകളിലും മരങ്ങളിലും കളിമണ്ണുകളിലുമായുള്ള ഗോത്രവിഭാഗങ്ങളുടെ നിര്‍മിതികള്‍ സ്‌കൂള്‍ ശാസ്ത്ര മേളകളിലെ എക്കാലത്തെയും വലിയ ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്നു. ജില്ലാ, സംസ്ഥാന തലങ്ങളില്‍ മറ്റ് വിഭാഗങ്ങളോട് മാറ്റുരച്ച് നിരവധി തവണ ഇവര്‍ സ്ഥാനമാനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. എന്നാല്‍ കോഴിക്കോട്ട് നടക്കുന്ന ഇപ്പോഴത്തെ ശാസ്ത്രമേള ഇതില്‍ നിന്നെല്ലാം വിഭിന്നമാകുകയാണ്. പേരിന് മാത്രമാണ് ഗോത്രവിഭാഗങ്ങളുടെ പ്രാതിനിധ്യം. സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നായി പത്തില്‍ താഴെ കുട്ടികള്‍ മാത്രമാണ് ഇത്തവണ പ്രവൃത്തി പരിചയ മേളക്കെത്തിയിരിക്കുന്നത്. ഗോത്ര വിഭാഗങ്ങള്‍ക്ക് മാത്രമായി നിരവധി സ്‌കൂളുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ജനസംഖ്യയില്‍ വലിയ ശതമാനം ആദിവാസി പ്രാതിനിധ്യമുള്ള രണ്ട് ജില്ലകളുണ്ട്. ആദിവാസികളുടെ വിദ്യാഭ്യാസ, സാമൂഹിക പുരോഗതിക്കായി വലിയ തോതില്‍ ഫണ്ടുകള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ചെലവഴിക്കുന്നു. ഇവരുടെ പുരോഗതിക്കായി നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കപ്പെടുന്നുമുണ്ട്. എന്നിട്ടും ഈ വിഭാഗങ്ങള്‍ എങ്ങനെ പുറന്തള്ളപ്പെടുന്നു എന്നത് ചോദ്യമാണ്
മുന്‍വര്‍ഷങ്ങളില്‍ പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി, മണ്ണാര്‍ക്കാട്, പറമ്പിക്കുളം ഭാഗങ്ങളില്‍ നിന്നായി നിരവധി ആദിവാസി കുട്ടികള്‍ മേളക്കെത്തിയിരുന്നു. എന്നാല്‍ ഇത്തവണ യു പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി ഒരു വിദ്യാര്‍ഥിയെ പോലും പങ്കെടുപ്പിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല.

നിരവധി ആദിവാസി സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്ന വയനാട് ജില്ലയില്‍ നിന്ന് രണ്ട് പേരാണ് മത്സരിക്കാനെത്തിയത്. ഇടുക്കിയുടെ പ്രാതിനിധ്യം മൂന്ന് പേരില്‍ മാത്രം. ചില ജില്ലകളില്‍ പേരിന് മാത്രം ഒരാള്‍ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയപ്പോള്‍ ഭൂരിഭാഗം ജില്ലകളിലും ആരും തന്നെയില്ല.

ശാസ്ത്ര, നിര്‍മാണ അഭിരുചിയുള്ള കുട്ടികളെ ഗോത്രവിഭാഗത്തില്‍ നിന്ന് കണ്ടെത്തുന്നതിന് വേണ്ട ശ്രമങ്ങളില്ലാത്തതാണ് ഈ അവസ്ഥക്ക് കാരണമെന്ന് അധ്യാപകര്‍ പറയുന്നു. സര്‍ക്കാറുകളില്‍ നിന്ന് ഗ്രാന്റുകളും മറ്റും ലഭിച്ച് , ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ മാത്രമായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ പോലും ഇതില്‍ അലംഭാവം കാണിക്കുന്നു. എസ് എസ് എല്‍ സിക്ക് ഗ്രേസ് മാര്‍ക്ക് ലക്ഷ്യമിട്ട് മറ്റ് പൊതുവിഭാഗങ്ങളിലെ കുട്ടികളുടെ പങ്കാളിത്തം ശാസ്‌ത്രോത്സവങ്ങളില്‍ വര്‍ധിക്കുന്നു. പൊതുവിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുന്നതിന് സ്‌കൂള്‍ തലത്തില്‍ ഗോത്രവിഭാഗങ്ങള്‍ അവഗണിക്കപ്പെടുന്നു.
ബാംബുവില്‍ തീര്‍ക്കുന്ന നിര്‍മിതികളായിരുന്ന ആദിവാസി വിഭാഗങ്ങളുടെ പ്രധാന ആകര്‍ഷണ വസ്തുക്കള്‍. കുട്ടകള്‍, പായകള്‍, മുറങ്ങള്‍, പുട്ട്കുറ്റി തുടങ്ങി നിരവധി വസ്തുക്കള്‍ നിമിഷ നേരം ഇവരുടടെ കരവിരുതില്‍ വിരിയും. കൂടാതെ സംഘാടകര്‍ നല്‍കുന്ന സ്‌കെച്ചിന് അനുസരിച്ച്, നിശ്ചിത സമയത്തിനുള്ളില്‍ മരക്കഷ്ണങ്ങളിലും ഇവര്‍ കഴിവ് തെളിയിച്ചിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here