Connect with us

Kerala

കേരളത്തിന് വെള്ളം നല്‍കാന്‍ തമിഴ്‌നാടിന്റെ തീരുമാനം

Published

|

Last Updated

പാലക്കാട്: പറമ്പിക്കുളം അണക്കെട്ടില്‍ നിന്ന് കോണ്ടൂര്‍ കനാല്‍ വഴി ആളിയാര്‍ ഡാമിലേക്ക് ജലമൊഴുക്കാന്‍സംയുക്ത ജലക്രമീകരണ ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി. ഇന്നലെ പൊള്ളാച്ചിയില്‍ നടന്ന ഇരു സംസ്ഥാനങ്ങളുടെയും ഉദ്യോഗസ്ഥതലത്തില്‍ നടന്ന യോഗത്തിലാണ് ഈ തീരുമാനം.

ഇതനുസരിച്ച് പറമ്പിക്കുളം അണക്കെട്ടില്‍ നിന്ന് കോണ്ടൂര്‍ കനാല്‍ ആളിയാര്‍ ഡാമിലേക്ക് ജലം ഒഴുക്കി തുടങ്ങി. ഡിസംബര്‍ 20 നു മുന്‍പ് ആളിയാറിലേക്ക് 500 ദശലക്ഷം ഘനഅടി ജലം ലഭ്യമാക്കും. ഒപ്പം ഡിസംബറില്‍ ആളിയാറില്‍ നിന്ന് ചിറ്റൂര്‍പ്പുഴയിലേക്ക് കരാര്‍ പ്രകാരമുള്ള 1.02 ടിഎംസി ജലവും തമിഴ്‌നാട് ഉറപ്പു നല്‍കി. തുടര്‍ന്നുള്ള ദൈ്വവാരങ്ങളിലെ ജല ലഭ്യത ഉറപ്പാക്കാന്‍ ഡിസംബര്‍ മൂന്നാം വാരത്തില്‍ സംയുക്ത ജലക്രമീകരണ ബോര്‍ഡ് യോഗം ചേരാനും യോഗത്തില്‍ തീരുമാനമായി. ധാരണപ്രകാരമുള്ള ജലമൊഴുക്കു നിരീക്ഷിക്കാനും കേരളം പ്രത്യേക സംവിധാനം ഒരുക്കും.

ആളിയാറിലേക്കു ജല ലഭ്യത ഇങ്ങനെ പറമ്പിക്കുളം അണക്കെട്ടില്‍ നിന്ന് സര്‍ക്കാര്‍പതി പവര്‍ഹൗസിലേക്ക് ജലം വിട്ട് വൈദ്യുതി ഉത്പാദിപ്പിച്ചശേഷം കോണ്ടൂര്‍ കനാലിലേക്ക് ഒഴുക്കും. അവിടെ നിന്ന് മൂന്ന് ഔട്ട്‌ലെറ്റ് ഷട്ടറുകള്‍ വഴി ആളിയാര്‍ ഡാമിലേക്ക് ജലം ലഭ്യമാക്കും. ഒപ്പം സാധ്യമായ അളവില്‍ തമിഴ്‌നാട് തിരുമൂര്‍ത്തിയിലും ജലം നിറയ്ക്കും. 30 മെഗാവാട്ട് ആണ് സര്‍ക്കാര്‍പതി പവര്‍ഹൗസിന്റെ ശേഷി. പറമ്പിക്കുളം അണക്കെട്ടില്‍ ഉപയോഗിക്കാവുന്ന വിധത്തില്‍ 5.4 ടിഎംസി ജലമാണ് ഉള്ളത്. ആളിയാറില്‍ നിലവിലുള്ളത് 1.5 ടിഎംസി ജലമാണ്.

ഡിസംബര്‍ 20 നു മുന്‍പ് ആളിയാറിലെ ജലനിരപ്പ് രണ്ടു ടിഎംസിയിലെത്തിക്കാനും തീരുമാനമായിട്ടുണ്ട്. ഡിസംബറില്‍ കരാര്‍ പ്രകാരം ചിറ്റൂര്‍പ്പുഴയിലേക്ക് ജലം ലഭ്യമാക്കാന്‍ പറമ്പിക്കുളത്തു നിന്ന് ആളിയാറിലേക്ക് വീണ്ടും ജലം ഒഴുക്കും. കഴിഞ്ഞ ദിവസം തമിഴ്‌നാട് പ്രായോഗിക ബുദ്ധിമുട്ട് അറിയിച്ചപ്പോള്‍ ഇപ്പോള്‍ വേണമെങ്കിലും ചര്‍ച്ചക്കു തയാറെന്നു കേരളം അറിയിച്ചു.തുടര്‍ന്ന് തമിഴ്‌നാട് സമ്മതം അറിയിച്ചതോടെ സംയുക്ത ജലക്രമീകരണ വിഭാഗം ജോയിന്റ് ഡയറക്ടര്‍ പി സുധീറിന്റെ നേതൃത്വത്തില്‍ ഇന്നലെ പൊള്ളാച്ചിയില്‍ ചര്‍ച്ച നടന്നത്. തമിഴ്‌നാട് എക്‌സി. എന്‍ജീയനര്‍ നടരാജന്‍, വടപഴനി എക്‌സീക്യൂട്ടീവ് എന്‍ജിനീയര്‍ ലോകനാഥന്‍, പറമ്പിക്കുളം ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കൃഷ്ണന്‍ എന്നിവരും പങ്കെടുത്തു, പറമ്പിക്കുളം കരാര്‍ പ്രകാരം വെള്ളം തരുന്നതിന് തമിഴ്‌നാട് തന്ത്രങ്ങള്‍ മെനെഞ്ഞങ്കിലും കേരളം അത് ബുദ്ധിപൂര്‍വം തകര്‍ക്കുകയായിരിന്നു.

Latest