രജിസ്‌ട്രേഷന്‍ വകുപ്പില്‍ അഴിമതി കുറഞ്ഞു മന്ത്രി ജി സുധാകരന്‍

Posted on: November 24, 2017 9:22 pm | Last updated: November 24, 2017 at 9:22 pm
SHARE

കാസര്‍കോട്: രജിസ്‌ട്രേഷന്‍ വകുപ്പില്‍ ഇ-പേയ്‌മെന്റ് ഇ-സ്റ്റാമ്പിംഗ് സംവിധാനങ്ങള്‍ വന്നതോടെ അഴിമതി ആരോപണങ്ങള്‍ കുറഞ്ഞതായി രജിസ്‌ട്രേഷന്‍ മന്ത്രി ജി സുധാകരന്‍ പറഞ്ഞു. മഞ്ചേശ്വരത്ത് പുതിയ സബ് രജിസ്ട്രാര്‍ ഓഫീസിന് ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്ന മന്ത്രി.

രജിസ്‌ട്രേഷന്‍ സംവിധാനങ്ങള്‍ ആധുനികവത്ക്കരിക്കുന്നതോടെ പരാതികള്‍ ഇനിയും കുറയും. മുന്‍കാലങ്ങളില്‍ അഴിമതിയാരോപണങ്ങള്‍ കൂടുതലായിരുന്നു. ഇപ്പോള്‍ വളരെ കുറവാണെന്നും മന്ത്രി പറഞ്ഞു. ആധാരം എഴുത്തുകാര്‍, വെണ്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ കാര്‍ഡുകള്‍ കൊടുക്കാന്‍ കഴിഞ്ഞത് സര്‍ക്കാരിന്റെ നേട്ടമാണ്. ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടികള്‍ നടന്നുവരുന്നു. ആര്‍ക്കുവേണമെങ്കിലും ആധാരം സ്വയം എഴുതാമെന്ന നിയമം സര്‍ക്കാരിന് പിന്‍വലിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. ലക്ഷക്കണക്കിന് രജിസ്‌ട്രേഷനുകള്‍ നടക്കുന്നതില്‍ മുന്നൂറോളം പേര്‍ മാത്രമാണ് സ്വയം ആധാരം എഴുതി രജിസ്‌ട്രേഷന്‍ നടത്തിയത്. ആധാരമെഴുത്തുകാര്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും മന്ത്രി പറഞ്ഞു.
പി ബി അബ്ദുറസാഖ് എംഎല്‍എ അധ്യക്ഷത വഹിച്ചു. കെ കുഞ്ഞിരാമന്‍ എംഎല്‍എ, കലക്ടര്‍ കെജീവന്‍ബാബു, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്‌റഫ്, മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്‍ അനീസ് ഹാജി, മീഞ്ച പഞ്ചായത്ത് പ്രസിഡന്റ് ഷംഷദ് ശുക്കുര്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹര്‍ഷാദ് വൊര്‍ക്കാടി, മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി കെ എം കെ അബ്ദുറഹിമാന്‍ ഹാജി, കുമ്പളപഞ്ചായത്ത് പ്രസിഡന്റ് പുണ്ഡരീകാക്ഷ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ പങ്കെടുത്തു.

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here