ദുബൈ ഫ്രെയിം ഉദ്ഘാടനം ജനുവരിയില്‍

Posted on: November 24, 2017 8:42 pm | Last updated: November 24, 2017 at 8:42 pm
SHARE

ദുബൈ: വിനോജസഞ്ചാര രംഗത്ത് വലിയ മുന്നേറ്റത്തിന് സാധ്യത കല്‍പിക്കപ്പെടുന്ന ദുബൈ ഫ്രെയിം അടുത്ത വര്‍ഷം ജനുവരിയില്‍ തുറക്കും. പ്രവേശന ടിക്കറ്റ് ലഭിക്കാന്‍ മുന്‍കൂട്ടി ആപ്പ് വഴി ബുക്ക് ചെയ്യണം. അതേസമയം, ഓണ്‍ലൈനില്‍ ബുക്ക് ചെയ്തവര്‍ക്ക് ദുബൈ ഫ്രെയിമിന്റെ പ്രവേശന കവാടത്തില്‍ നിന്ന് പേപ്പര്‍ ടിക്കറ്റുകള്‍ സ്വന്തമാക്കാം. മൊബൈല്‍ ആപ്പ് ഉടന്‍ പുറത്തിറക്കും. മുതിര്‍ന്നവര്‍ക്ക് 50 ദിര്‍ഹവും കുട്ടികള്‍ക്ക് 30 ദിര്‍ഹവുമാണ് പ്രവേശന നിരക്ക്. മൂന്ന് വയസിന് താഴെയുള്ളവര്‍ക്കും 60 കഴിഞ്ഞവര്‍ക്കും പ്രത്യേക പരിചരണം ആവശ്യമുള്ളവര്‍ക്കും പ്രവേശനം സൗജന്യമായിരിക്കും.

രാജ്യത്തിന്റെ ഗതകാലവും വര്‍ത്തമാനവും പരസ്പരം ബന്ധിപ്പിക്കുന്നതായിരിക്കും ദുബൈ ഫ്രെയിം. 140 മീറ്റര്‍ ഉയരത്തിലാണു ഫ്രെയിം. വിനോദ സഞ്ചാരികള്‍ക്കും വിദേശികള്‍ക്കും ചരിത്രാവബോധം നല്‍കുന്ന കാഴ്ചയാകും ഫ്രെയിം നല്‍കുക. 16 കോടി ദിര്‍ഹമാണ് ഇതിനായി നഗരസഭ വകയിരുത്തിയത്.
സഅബീല്‍ പാര്‍ക്കിലെ സ്റ്റാര്‍ ഗേറ്റിനു സമീപമാണ് ദുബൈ ബിര്‍വാസ് എന്ന് പേരിട്ട ഫ്രെയിം. അകവും പുറവും ഒരേപോലെ കാണാന്‍ കഴിയുന്ന ചില്ലില്‍ പൊതിഞ്ഞ രണ്ടു കൂറ്റന്‍ സ്തൂപങ്ങളുടെ ചേര്‍ച്ചയാണിത്. ഉയരത്തില്‍ സഞ്ചരിച്ചു നഗരത്തിന്റെ നാലു ദിക്കും കണ്ടിറങ്ങാന്‍ കഴിയുന്നതു അപൂര്‍വ അനുഭവമായിരിക്കും. ചില്ലുകള്‍ കൊണ്ടു ആവരണം ചെയ്തതിനാല്‍ ആകാശയാത്രയുടെ പ്രതീതി സഞ്ചാരികള്‍ക്കുണ്ടാകും. കോഫീ ഷോപ്പുകളും ആവശ്യമായ സേവനങ്ങളും ഫെയ്രിമിനകത്തു ഒരുക്കും. രാജ്യാന്തര നിലവാരത്തിലാണ് ഓരോ ഘട്ട നിര്‍മാണ ജോലികളും പൂര്‍ത്തിയാക്കുന്നത്. ബുര്‍ജ് ഖലീഫ്, ബുര്‍ജുല്‍ അറബ് തുടങ്ങി ലോകഭൂപടത്തില്‍ അടയാളപ്പെടുത്തിയ കെട്ടിടങ്ങളുടെ നിര്‍മാണ രീതിയാണ് ഫ്രെയിമിന്റെയും സവിശേഷത.

സന്ദശകരെ സ്വീകരിക്കുന്ന ഹാളില്‍ ഒരു ചരിത്രാലയമുണ്ടാകും. ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി തയാറാക്കിയ ദുബായിയുടെ ദൃശ്യവിരുന്നും ചിത്രങ്ങളും നിറഞ്ഞതായിരിക്കും ഈ ഫ്രെയിം മ്യൂസിയം. അറുപതികളില്‍ ആരംഭിച്ച എമിറേറ്റിന്റെ പുരോഗതിയുടെ പ്രയാണം എവിടെ എത്തിനില്‍ക്കുന്നുവെന്ന് ഹാളിലെ പ്രദര്‍ശനങ്ങളും ഫലകങ്ങളും ചിത്രങ്ങളും സന്ദര്‍ശകനെ ബോധ്യപ്പെടുത്തും.
യാത്രക്കാരനെയും വഹിച്ചു ഫ്രെയിമുകളിലെ അതിവേഗ ലിഫ്റ്റുകള്‍ ഫ്രെയിമിന്റെ നെറുകയിലേയ്ക്കു കുതിക്കും. സിനിമകളിലും ചിത്രങ്ങളിലും കണ്ടതില്‍ നിന്ന് വ്യത്യസ്തമായി ദുബൈയുടെ നേര്‍കാഴ്ചയുടെ വിരുന്നായിരിക്കും ഈ യാത്ര. പുരാതനവും നൂതനവുമായ ദുബൈയുടെ സ്പന്ദനങ്ങള്‍ യാത്രക്കാരന്റെ കണ്ണിലും കരളിലും പതിഞ്ഞു കൊണ്ടിരിക്കും.

വന്‍കിട കടല്‍ പദ്ധതികളും ബുര്‍ജ് ഖലീഫയും കടന്നു പഴയ ദേരയിലെ തെരുവുകളും ഷോപ്പിങ് മാളുകളും വാഹനം നിറഞ്ഞനിരത്തുകളും മരുഭൂമിയും സന്ദര്‍ശകര്‍ക്ക് കാണാന്‍ കഴിയും. ഈ ആകാശയാത്ര ആളൊഴിഞ്ഞ സ്ഥലത്താണു അവസാനിക്കുക. മാനത്തു കെട്ടിയ കൂടാരം പോലുള്ള കെട്ടിടത്തിലൂടെ വീണ്ടും അടുത്ത ലിഫ്റ്റിലേക്കും കൂടുതല്‍ കാഴ്ചകളിലേക്കും സഞ്ചാരികള്‍നീങ്ങും. നൂറോളം എന്‍ജിനീയര്‍മാരും നിര്‍മാണ മേഖലയിലെ രാജ്യാന്തര കമ്പനികളുമാണ് ദുബൈ ഫ്രെയിമിനെ യാഥാര്‍ഥ്യമാക്കുന്നത്. അവധി ദിവസങ്ങളില്‍ നിലയ്ക്കാത്ത ജനപ്രവാഹമുള്ള സാബീല്‍ പാര്‍ക്കിന്റെ പ്രൗഢി കൂട്ടുന്നതായിരിക്കും ദുബൈ ഫ്രെയിം. ദുബൈ സഫാരി അടുത്ത മാസം ഉദ്ഘാടനം ചെയ്യുന്നതിനാലാണ് ദുബൈ ഫ്രെയിമിന്റെ ഉദ്ഘാടനം ജനുവരിയിലേയ്ക്ക് മാറ്റിയതെന്ന് ദുബൈ നഗരസഭാ ലിഷര്‍ ഫെസിലിറ്റീസ് ഡയറക്ടര്‍ ഖാലിദ് അല്‍ സുവൈദി പറഞ്ഞു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here