Connect with us

National

നിരക്ക് കൂട്ടി; ഡല്‍ഹി മെട്രോയില്‍ പ്രതിദിനം മൂന്ന് ലക്ഷം യാത്രക്കാര്‍ കുറഞ്ഞു

Published

|

Last Updated

ന്യൂഡല്‍ഹി: നിരക്ക് ഉയര്‍ത്തിയതോടെ ഡല്‍ഹി മെട്രോയില്‍ യാത്രക്കാരുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞു. പ്രതിദിനം മൂന്ന് ലക്ഷം യാത്രക്കാര്‍ കുറഞ്ഞെന്ന് കണക്കുകള്‍ കാണിക്കുന്നു. നിരക്ക് ഉയര്‍ത്തുന്നതിന് മുമ്പ് സെപ്തംബര്‍ മാസത്തില്‍ ഒരു ദിവസം 27.4 ലക്ഷം യാത്രക്കാരാണ് മെട്രോയെ ആശ്രയിച്ചിരുന്നത്. ഒക്‌ടോബറില്‍ നിരക്ക് വര്‍ധിപ്പിച്ചതോടെ ഇത് 24.2 ലക്ഷമായി കുറഞ്ഞെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.

ഒക്‌ടോബറില്‍ 20 മുതല്‍ 50 ശതമാനം വരെയാണ് നിരക്ക് ഉയര്‍ത്തിയത്. ഇതിന് മുമ്പ് മേയ് മാസത്തിലും ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചിരുന്നു. ഒക്‌ടോബറില്‍ നിരക്ക് വര്‍ധിപ്പിക്കാനുള്ള നീക്കത്തെ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ശക്തമായി എതിര്‍ത്തിരുന്നുവെങ്കിലും കേന്ദ്രം ചെവികൊടുത്തില്ല. പ്രതിവര്‍ഷം 3000 കോടി രൂപ ഡല്‍ഹി സര്‍ക്കാറിന് നല്‍കാന്‍ സാധിക്കുമെങ്കില്‍ നിരക്ക് വര്‍ധന പിന്‍വലിക്കാമെന്നായിരുന്നു കേന്ദ്ര മന്ത്രി ഹര്‍ദീപ് പുരിയുടെ മറുപടി.

213 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മെട്രോട്രെയിന്‍ ഡല്‍ഹിയിലെ ജനലക്ഷങ്ങളുടെ ആശ്രയമാണ്. 2002ല്‍ സര്‍വീസ് ആരംഭിച്ചപ്പോള്‍ മിനിമം ടിക്കറ്റ് നിരക്ക് നാല് രൂപയും കൂടിയ നിരക്ക് എട്ട് രൂപയുമായിരുന്നു. ഇപ്പോള്‍ അത് 60 രൂപയായി വര്‍ധിച്ചുകഴിഞ്ഞു.